ജി20 ഉച്ചകോടി സമയത്ത് ഇന്ത്യയുടെ ഡിജിറ്റൽ മേഖലയെ ആക്രമിക്കാൻ സഹായം തേടി പാക്- ഇന്തോനേഷ്യ ഹാക്കർസംഘം!
ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന 9,10 തീയതികൾ കേന്ദ്രീകരിച്ച് ഇന്ത്യയുടെ ഡിജിറ്റൽ മേഖലയെ ആക്രമിക്കാൻ പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഹാക്കർമാരുടെ സംഘം അടങ്ങുന്ന 'ഹാക്ക്ടിവിസ്റ്റ്' ഗ്രൂപ്പുകൾ തയാറെടുത്തതായി സൈബർ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെക്കിലെ ( CloudSEK ) ഗവേഷകർ കണ്ടെത്തി.
ഇന്ത്യൻ ഗവൺമെന്റിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് ഹാക്ക്ടിവിസ്റ്റുകളുടെ പ്രാഥമിക ലക്ഷ്യം എന്ന് ക്ലൗഡ്സെക്കിന്റെ സന്ദർഭോചിത AI ഡിജിറ്റൽ റിസ്ക് പ്ലാറ്റ്ഫോമായ എക്സ് വിജിറൽ (XVigil) കണ്ടെത്തി. #OpIndia എന്ന പേരിലാണ് ഇന്ത്യക്കെതിരായ സൈബർ ആക്രമണത്തിന് ഈ ഹാക്ക്ടിവിസ്റ്റുകളുടെ സംഘം പ്രചാരണം നൽകുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരേ ആക്രമണം നടത്താൻ സമാന താൽപര്യമുള്ള ഹാക്കിങ് സംഘങ്ങളുടെ പിന്തുണയും ഈ രാജ്യങ്ങളിലെ ഹാക്കർമാരുടെ സംഘം തേടിയതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്കെതിരായ #OpIndia ക്യാമ്പെയിനിലൂടെ മാസ് ഡിഫേസ്‌മെന്റ്, ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയിൽ ഓഫ് സർവീസ്) ആക്രമണ നീക്കങ്ങളായിരിക്കാം ഈ ഹാക്ക്ടിവിസ്റ്റുകൾ പ്രാഥമികമായി ലക്ഷ്യമിട്ടത് എന്ന് സുരക്ഷാ വിദഗ്ധർ നിരീക്ഷിക്കുന്നു.
എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്‌ക്കുന്ന പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിൽ സെപ്തംബർ 7-ന് ഒരു സന്ദേശം പങ്കുവച്ചുകൊണ്ട് ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പായ ടീം ഹെറോക്‌സ് ആണ് ഇന്ത്യക്കെതിരായ സൈബർ ആക്രമണത്തിന് ആഹ്വാനം നൽകിയത് എന്നാണ് കണ്ടെത്തൽ. ജി 20 ഉച്ചകോടിയുടെ സമയക്രമവുമായി യോജിപ്പിച്ചുകൊണ്ട്, സെപ്റ്റംബർ 9-10 തീയതികളിലായാണ് ആക്രമണ പരമ്പര ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
ഈ ആക്രമണ പരമ്പരകൾക്കായി അവർ സഹ ഹാക്ക്ടിവിസ്റ്റ് ഓർഗനൈസേഷനുകളിൽ നിന്ന് പിന്തുണ തേടിയതായി ഗവേഷകർ അറിയിച്ചു. ഇത്തരം ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പുകൾ മുമ്പ് പൊതു-സ്വകാര്യ ഇന്ത്യൻ സ്ഥാപനങ്ങൾക്കു നേരേ സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെ തലവന്മാരെല്ലാം ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തുകയും ലോകം മുഴുവൻ ഇന്ത്യയെ വീക്ഷിക്കുകയും ചെയ്യുന്ന ഘട്ടമാണ് ഇത്.
ഈ അവസരത്തിൽ ഇന്ത്യൻ ഡിജിറ്റൽ മേഖലയെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയെ നാണംകെടുത്താനും അതുവഴി പ്രശസ്തിനേടാനുമാണ് ഈ രാജ്യങ്ങളിലെ ഹാക്കർ സംഘങ്ങളുടെ ശ്രമം എന്നാണ് വിവരം. രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഡിജിറ്റൽ ഭീഷണികളുടെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ്, സർക്കാരിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹാക്ക്ടിവിസ്റ്റുകളുടെ നീക്കമെന്ന് ക്ലൗഡ്സെക്കിലെ സെക്യൂരിറ്റി റിസർച്ച് ആൻഡ് ത്രെറ്റ് ഇന്റലിജൻസ് മേധാവി ദർശിത് ആശാര പറഞ്ഞു.
രാജ്യങ്ങൾക്കിടയിൽ നിൽക്കുന്ന ഭിന്നതകളുടെ രാഷ്ട്രീയം പിന്തുടർന്നാണ് പല ഹാക്ക്ടിവിസ്റ്റ് ആക്രമണങ്ങളും നടക്കുന്നത്. ഹാക്കർമാരുടെ നേതൃത്വത്തിൽ പല രാജ്യങ്ങൾക്കു നേർക്കും സൈബർ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഓഗസ്റ്റിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1,000-ലധികം ഇന്ത്യൻ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടും സമാനതരീതിയിൽ ഹാക്ക്ടിവിസ്റ്റ് കാമ്പെയ്‌ൻ നടന്നതും സുരക്ഷാ ഗവേഷകർ ചൂണ്ടിക്കാട്ടി.
2023 ന്റെ ആദ്യ പാദത്തിൽ ഹാക്ക്ടിവിസ്റ്റ് ആക്രമണങ്ങളിൽ കാര്യമായ വർദ്ധനവുണ്ടായതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ഹാക്ക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യം ഇന്ത്യയാണ് എന്നതാണ്. ഇക്കാര്യവും റിപ്പോർട്ടിൽ പറയുന്നു. ഈ ആക്രമണ ശ്രമങ്ങളെ തടയാൻ സ്ഥാപനങ്ങളോടും അധികൃതരോടും ജാഗ്രത പാലിക്കാനും സൈബർ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും ക്ലൗഡ്സെക് അഭ്യർത്ഥിച്ചു.
സൈബർ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് സംഘടനകളെയും വ്യക്തികളെയും ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ക്ലൗഡ്സെക്കിലെ സെക്യൂരിറ്റി റിസർച്ച് ആൻഡ് ത്രെറ്റ് ഇന്റലിജൻസ് മേധാവി ദർശിത് ആശാര പറഞ്ഞു. അതേസമയം, ലോക നേതാക്കൾ ഉൾപ്പെടെ എത്തുന്നതിനാൽ എല്ലാവിധത്തിലും കനത്ത സുരക്ഷയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങിവരാക്കെ ഉച്ചകോടിക്കായി ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയവർ ജി20 യോഗത്തിൽ പങ്കെടുക്കുന്നില്ല. ഇന്ത്യയുമായി നിലനിൽക്കുന്ന തർക്കങ്ങളാണ് ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര അറസ്റ്റ് വാറന്റ് ഉള്ളതിനാൽ ആണ് പുടിൻ പങ്കെടുക്കാത്തത് എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications