ആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാം

|

ഏറെക്കാലമായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ ഔദ്യോഗികമായി ആൻഡ്രോയിഡ് 12 അവതരിപ്പിച്ചു കഴിഞ്ഞു. നേരത്തെ ഡെവലപ്പർമാർക്കും ഫീഡ്ബാക്കുകൾ ശേഖരിക്കാനായി തെരഞ്ഞെടുത്ത ഏതാനും ചിലർക്ക് മാത്രവുമായിരുന്നു ആൻഡ്രോയിഡ് 12 ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. ആഴ്ചകൾ നീണ്ട ബീറ്റ റോൾഔട്ടിന് ശേഷം ഇപ്പോൾ എല്ലാവർക്കുമായി അൻഡ്രോയിഡ് 12 അവതരിപ്പിച്ചിരിക്കുകയാണ്. അൻഡ്രോയിഡ് 11നേക്കാൾ മികച്ച യൂസർ എക്സ്പീരിയൻസ് ലഭ്യമാക്കാനാണ് ഗൂഗിൾ പുതിയ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മെച്ചപ്പെട്ട പെർഫോർമൻസും സെക്യൂരിറ്റി ഫീച്ചേഴ്സും ആൻഡ്രോയിഡ് 12ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 
ആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ?

പക്ഷെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ തന്നെ പുതിയ അപ്ഡേറ്റ് ലഭ്യമാകില്ല. നിലവിൽ ഗൂഗിളിന്റെ തന്നെ പിക്സൽ ഫോണുകളിൽ മാത്രമാണ് ആൻഡ്രോയിഡ് 12 ലഭ്യമാകുക. അതും പിക്സൽ 3 സീരിസ് മുതൽ മുകളിലേക്കുള്ള ഫോണുകളിൽ മാത്രം. ഈ ഫോണുകളിലെല്ലാം ഇപ്പോൾത്തന്നെ സൌജന്യമായി പുതിയ അപ്ഡേറ്റ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പിക്സൽ സീരീസിൽ പുറത്തിറങ്ങാനിരിക്കുന്ന പിക്സൽ 6, പിക്സൽ 6 പ്രോ ഫോണുകളിലും ആൻഡ്രോയിഡ് 12 ഗൂഗിൾ അവതരിപ്പിക്കും.

 

ആൻഡ്രോയിഡ് 12 ലഭ്യമാകുന്ന ഫോണുകൾ

  • പിക്സൽ 3
  • പിക്സൽ 3എ
  • പിക്സൽ 4
  • പിക്സൽ 4എ
  • പിക്സൽ 4എ 5ജി
  • പിക്സൽ 5
  • പിക്സൽ 5എ 5ജി

തങ്ങളുടെ ഫോണുകളിൽ ആൻഡ്രോയിഡ് 12 അപ്ഡേറ്റ് ലഭ്യമാകില്ലെന്ന് ഓർത്ത് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല. മറ്റ് പ്രധാനപ്പെട്ട മൊബൈൽ കമ്പനികളുടെ ഫോണിലും ഈ വർഷം അവസാനത്തോടെ പുതിയ അപ്ഡേറ്റ് ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 12നൊപ്പം മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്ന സ്കിന്നുകൾ പുറത്തിറക്കാൻ കമ്പനികൾ തമ്മിൽ നല്ല മത്സരവും നടക്കും.

ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് 12 ലഭ്യമാകുന്ന കമ്പനികൾ

  • സാംസങ് ഗാലക്സി
  • ഓപ്പോ
  • റിയൽമി
  • വിവോ
  • ഷവോമി
  • മോട്ടറോള
  • അസൂസ്

ആൻഡ്രോയിഡ് 12നെ ഒറ്റവാക്കിൽ ഒരു മുഖം മിനുക്കൽ എന്ന് തന്നെ പറയാം. ഡിസൈനും ഇന്റർഫേസും പുതുമ നൽകുന്നുണ്ട്. എങ്കിലും ആൻഡ്രോയിഡ് ഉപയോഗത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. ചില പുതിയ ഫീച്ചറുകളും ആൻഡ്രോയിഡ് 12ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം കാഴ്ചയിൽ തന്നെയുള്ള അഴിച്ചുപണിയാണ്. കൂടുതൽ വിപുലമായ കസ്റ്റമൈസേഷനുകൾക്കും അവസരം നൽകിയിരിക്കുന്നു. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന വാൾപേപ്പറിനനുസരിച്ച് മൊബൈലിന്റെ തീം സ്വയം മാറുന്നതും പുതിയ അപ്ഡേറ്റിന്റെ പ്രത്യേകതയാണ്. ഒപ്പം നവീകരിച്ച വിഡ്ജെറ്റുകളും ആൻഡ്രോയിഡ് 12നെ ആകർഷകമാക്കുന്നു. കോൺവർസേഷൻ വിഡ്ജെറ്റ് ആണ് വിഡ്ജെറ്റുകളിലെ പ്രധാനപ്പെട്ട മാറ്റം. വാട്ട്സ്ആപ്പ് അടക്കമുള്ള ആപ്പുകളിലെ പുതിയ മെസേജുകളൊക്കെ ഇ വിഡ്ജെറ്റിൽ ലഭ്യമാക്കാനാകും.

കൂടുതൽ മെച്ചപ്പെട്ട സെക്യൂരിറ്റി ഫീച്ചറുകളും ആൻഡ്രോയിഡ് 12ലുണ്ട്. സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് പുതിയതായി ലഭ്യമാക്കുന്ന പ്രൈവസി ഡാഷ്ബോർഡ് ആണ്. എതൊക്കെ ആപ്പുകൾ എന്തൊക്കെ സിസ്റ്റം റൈറ്റുകൾ ആക്സസ് ചെയ്തിട്ടുണ്ടെന്ന് ഈ ഡാഷ്ബോർഡിലൂടെ മനസിലാക്കാനാകും. ഒപ്പം അപ്ലിക്കേഷനുകൾ എപ്പോഴൊക്കെ ക്യാമറയും മൈക്രോഫോണും ആക്സസ് ചെയ്യുന്നുവെന്ന് ഉപഭോക്താക്കളെ അറിയിക്കാനും ആൻഡ്രോയിഡ് 12ൽ ഓപ്ഷനുണ്ട്. പ്രത്യേകം പ്രൈവസി ഇൻഡിക്കേറ്ററുകളിലൂടെയാണ് ഇത്തരം അറിയിപ്പുകൾ ലഭിക്കുക.

ഉപയോക്താക്കളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു നോട്ടിഫിക്കേഷൻസ് ഹിസ്റ്ററി. അതിനുള്ള സൌകര്യവും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. നോട്ടിഫിക്കേഷൻസ് ട്രേയുടെ ഏറ്റവുമവസാനം ആകർഷകമായിട്ടാണ് ഹിസ്റ്ററി ബട്ടൺ ക്രമീകരിച്ചിരിക്കുന്നത്. പുതിയ നോട്ടിഫിക്കേഷന്‍ യുഐയും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ ഡിസൈനും പരിഷ്കരിച്ചിട്ടുണ്ട്. കൂടുതൽ ആധുനികവും ഉപയോഗപ്രദവുമായ ഡിസൈനാണ് ഇതെന്നും ഗൂഗിൾ അവകാശപ്പെടുന്നുണ്ട്.

കോർ സിസ്റ്റം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന സിപിയു സമയത്തിൽ 22% കുറവ് വരുത്താൻ പുതിയ അപ്ഡേറ്റ് സഹായിക്കുന്നു. വലിയ കോറുകളുടെ ഉപയോഗത്തിൽ 15 ശതമാനം കുറവ് വന്നതായും കമ്പനി വ്യക്തമാക്കി. ഒപ്പം തന്നെ ആപ്പ് ലോഡിങ്, ഡാറ്റാബേസ് ഓപ്റ്റിമൈസേഷൻ എന്നിവയുടെ വേഗം കൂടിയതായും ഗൂഗിൾ പറയുന്നു. പുതിയ അപ്ഡേഷൻ, ലൊക്കേഷൻ ഡാറ്റയിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Best Mobiles in India

English summary
Google officially launched Android 12. Phone users can now download the recent version of Android.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X