പഴയപോലെയല്ല, ഇനി കാര്യങ്ങൾ കൂടുതൽ അടിപൊളി! ആൻഡ്രോയിഡ് 14 എത്തി; ഡൗൺലോഡ് ചെയ്യാനുള്ള വഴി ഇതാ
മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ ലോഞ്ച് ചെയ്ത പിക്സൽ 8, പിക്സൽ 8 പ്രോ സ്മാർട്ട്ഫോണുകൾ ഒരുപാട് പ്രത്യേകതകളുമായിട്ടാണ് എത്തിയത്. ഈ പിക്സൽ 8 സീരീസുകളുടെ ലോഞ്ചിന് ഒപ്പം എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉടമകളെയും ബാധിക്കുന്ന ഒരു കാര്യം കൂടി നടന്നു.
ആൻഡ്രോയിഡ് 14 ഒഎസിന്റെ ലോഞ്ച് ആയിരുന്നു അത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന നേട്ടം പിക്സൽ 8 സീരീസ് ഫോണുകൾ സ്വന്തമാക്കി. ആൻഡ്രോയിഡ് 14 ഒഎസ് മറ്റ് സ്മാർട്ട്ഫോണുകളിലും ഇനി ലഭ്യമായിത്തുടങ്ങും. ആദ്യം ലഭ്യമാകുക പിക്സൽ ഫോണുകൾക്ക് ആയിരിക്കും.

മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് രണ്ട് മാസത്തിനകം പുതിയ ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള വൺ യുഐ, ഓക്‌സിജൻ ഒഎസ്, കളർ ഒഎസ് മുതലായ ഇഷ്‌ടാനുസൃത സ്‌കിന്നുകളുടെ അപ്ഡേഷൻ ലഭ്യമാകും. ഈ വർഷം തന്നെ ആവശ്യമായ യോഗ്യതകളുള്ള എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും പുതിയ ഒഎസ് അപ്ഡേഷൻ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
മൊത്തത്തിലുള്ള ആൻഡ്രോയിഡ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്ന ചെറുതും വലുതുമായ നിരവധി മെച്ചപ്പെടുത്തലുകൾ പുതിയ ആൻഡ്രോയിഡ് 14 ൽ ഉണ്ട് എന്നാണ് ഗൂഗിൾ പറയുന്നത്. എഐ പിന്തുണയോടെ കൂടുതൽ കരുത്തുനേടിയിരിക്കുന്നു എന്നതും ആൻഡ്രോയിഡ് 14 ന്റെ സവിശേഷതയാണ്. പുതിയ ഒഎസിലെ ചില പ്രത്യേകതകളും അത് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതും നോക്കാം.
മോണോക്രോം തീം: ആൻഡ്രോയിഡ് 14 ലെ ഈ ഫീച്ചർ ഉപയോഗിച്ച് ഫോണിൽ ബ്ലാക്ക് ആൻഡ് വൈറ്റ് തീം സജ്ജീകരിക്കാനും ഫോണിന് മൊത്തത്തിൽ ഒരു മിനിമൽ ലുക്ക് നൽകാനും കഴിയും. എഐ വാൾപേപ്പറുകൾ: മുൻകൂട്ടി സജ്ജമാക്കിയ കമാൻഡുകളിലൂടെ(പ്രോംപ്റ്റുകളായി), ഫോണിൽ എഐ ജനറേറ്റഡ് വാൾപേപ്പറുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതായത് നമ്മുടെ ഭാവനയിലെ വാൾപേപ്പർ നിസാരമായി നിർമിക്കാം.
അൾട്രാ എച്ച്ഡിആർ: എച്ച്‌ഡിആർ പിന്തുണയുള്ള ഡിസ്‌പ്ലേകളുള്ള തിരഞ്ഞെടുത്ത സ്‌മാർട്ട്‌ഫോണുകളിൽ പുതിയ ഒഎസ് ഫോട്ടോകളും വീഡിയോകളും എച്ച്‌ഡിആർ നിലവാരത്തിൽ അവതരിപ്പിക്കും. ലോക്ക്സ്ക്രീൻ കസ്റ്റമൈസേഷൻ: ലോക്ക് സ്‌ക്രീനിൽ ആപ്പ് ഷോട്ട്കട്ടുകൾ ആക്‌സസ് ചെയ്യാനും സ്‌ക്രീനിന്റെ ഫോണ്ടുകൾ, കളർ, ഫോർമാറ്റുകൾ, വിജറ്റുകൾ എന്നിവയുൾപ്പെടെ മാറ്റാനും പുതിയ ഒഎസ് ഓപ്ഷൻ നൽകും.
ആൻഡ്രോയിഡ് ഫോൺ ഒരു വെബ്‌ക്യാം ആക്കാം: പുതിയ ആൻഡ്രോയിഡ് 14 നമ്മുടെ ഫോണിനെ ഒരു വെബ്ക്യാം ആയി ഉപയോഗിക്കാൻ അവസരമൊരുക്കും. അതിനായി ഒരു USB കേബിൾ ഉപയോഗിച്ച് ഫോൺ PC/ലാപ്‌ടോപ്പിലേക്ക് കണക്‌റ്റ് ചെയ്‌താൽ മാത്രം മതി. തുടർന്ന് ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഫോണിന്റെ ക്യാമറ ആ ലാപ്ടോപ്പിനായി ഒരു വെബ്‌ക്യാമായി ഉപയോഗിക്കാം.
ആൻഡ്രോയിഡ് 14 ഡിജിറ്റൽ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നു. സുരക്ഷയ്ക്കായി ആറ് അക്ക പിൻ സജ്ജീകരിക്കാൻ ഒഎസ് നിർദേശിക്കുന്നു. ശരിയായ 6 അക്കമോ അതിൽ കൂടുതലോ ഉള്ള പിൻ ടൈപ്പ് ചെയ്‌ത ശേഷം, ഫോൺ സ്വയം അൺലോക്ക് ചെയ്യും. ഇനി എന്റർ അമർത്തേണ്ടതില്ല.
100% സൂം ഇൻ ചെയ്യാനും ഔട്ട് ചെയ്യാനും പിഞ്ച് ചെയ്യാനും ആൻഡ്രോയിഡ്14 ന് സാധിക്കും. മാഗ്നിഫയർ പോലുള്ള കാഴ്ചയും ശ്രവണവും ഉൾക്കൊള്ളുന്ന സവിശേഷതകളുമായാണ് ആൻഡ്രോയിഡ് 14 വരുന്നത്. 14ലെ ഫോണ്ട് സൈസ് ക്വിക്ക് സെറ്റിംഗ്സ് ടൈൽ ഉപയോഗിച്ച് ടെക്‌സ്‌റ്റിന്റെ ഫോണ്ട് സൈസ് മാറ്റാനും നോൺലീനിയർ ഫോണ്ട് സ്കെയിലിംഗ് ഉപയോഗിച്ച് മികച്ച വായനാക്ഷമത കൈവരിക്കാനും കഴിയും.

"ഫ്ലാഷ് നോട്ടിഫിക്കേഷനുകൾ" ഓണാക്കാനും ഇൻകമിംഗ് നോട്ടിഫിക്കേഷൻ എത്തുമ്പോൾ വിഷ്വൽ ലൈറ്റ് ഫ്ലാഷുകൾ നേടാനും ആൻഡ്രോയിഡ് 14 അനുവദിക്കുന്നു. ആൻഡ്രോയിഡ് 14 ഒഎസ് അവതരിപ്പിക്കുന്ന പുതിയ പ്രത്യേകതകളിൽ ചിലത് മാത്രമാണ് ഇത്. നിങ്ങളുടെ ഫോണിൽ ആൻഡ്രോയിഡ് 14 എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം.
ആൻഡ്രോയിഡ് 14 ഡൗൺലോഡ് ചെയ്യാനുള്ള വഴി: ഫോണിൽ സെറ്റിങ്സ് ഓപ്പണാക്കുക. ഏറ്റവും താഴെയുള്ള സിസ്റ്റം എന്നതിൽ ടാപ്പ് ചെയ്യുക. തുടർന്ന് സിസ്റ്റം അപ്‌ഡേറ്റിൽ ടാപ്പ് ചെയ്യുക. അപ്‌ഡേറ്റ് ലഭ്യമാണെങ്കിൽ അത് അവിടെ കാണാം. അല്ലെങ്കിൽ, അപ്‌ഡേറ്റിനായി പരിശോധിക്കുക എന്നതിൽ ടാപ്പ് ചെയ്യുക. തുടർന്ന് Android 14 അപ്ഡേറ്റ് കാണുന്നുണ്ടെങ്കിൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
പുതിയ ഒഎസ് അപ്ഡേഷന് ഇടയിൽ ഫോൺ റീസ്റ്റാർട്ട് ചെയ്തേക്കാം. റീസ്റ്റാർട്ടിന് ശേഷം ഫോണിൽ ആൻഡ്രോയിഡ് 14 പ്രവർത്തനക്ഷമമാകും. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് 14 ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ: പിക്സൽ 4എ, പിക്സൽ-5എ, പിക്സൽ-5, പിക്സൽ-6A, പിക്സൽ-6, പിക്സൽ-6 പ്രോ, പിക്സൽ-7എ, പിക്സൽ-7, പിക്സൽ-7 പ്രോ, പിക്സൽ-8, പിക്സൽ-8 പ്രോ, പിക്സൽ ടാബ്ലറ്റ്, പിക്സൽ ഫോൾഡ്.


Click it and Unblock the Notifications








