ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിന്റെ പേര് മാറ്റി; ഇനി ഗൂഗിള്‍ പ്ലേ

Posted By: Staff

ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിന്റെ പേര് മാറ്റി; ഇനി ഗൂഗിള്‍ പ്ലേ

 

ആന്‍ഡ്രോയിഡ് സ്റ്റോറായ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിന്റെ പേരില്‍ മാറ്റം. ഇനി മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നാണിത് അറിയപ്പെടുക. ആപ്ലിക്കേഷന്‍, വീഡിയോ, മ്യൂസിക്, ഡിജിറ്റല്‍ പുസ്തകങ്ങള്‍ എന്നിവയാണ് സ്റ്റോറിലൂടെ ഗൂഗിള്‍ വില്‍ക്കുന്നത്.

ഇവിടെ വിവിധ ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഓരോ ഉപഭോക്താവിനെയും അറിയിക്കുകയെന്ന ലക്ഷ്യമാണ് പേര് മാറ്റത്തിന് പിന്നില്‍. മാത്രമല്ല, ഇതേ മേഖലയില്‍ ഗൂഗിളിന്റെ എതിരാളികളായ ആപ്പിളിനേയും ആമസോണിനേയും പിറകിലാക്കുകയെന്ന ഉദ്ദേശം കൂടിയുണ്ടിതിന്.

ഹോംസ്‌ക്രീനില്‍ ആന്‍ഡ്രോയിഡ് ഐക്കണ്‍ മാത്രം കാണുമ്പോള്‍ സന്ദര്‍ശകര്‍ കരുതുന്നത് ഇവിടെ ആപ്ലിക്കേഷനുകള്‍ മാത്രമേ ഉള്ളൂ എന്നാണെന്ന് പേര് മാറ്റത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഡിജിറ്റല്‍ കണ്ടന്റ് എഞ്ചിനീയറിംഗ് ഡയറക്ടര്‍ ക്രിസ് യെര്‍ഗ പറഞ്ഞു. ഈ സംശയം പരിഹരിക്കുകയാണ് പുതിയ പേരിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് പുറത്തിറക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് പേര് മാറ്റുന്നത്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ തുടക്കത്തില്‍ ആപ്ലിക്കേഷന്‍ മാത്രമായിരുന്നതിനാല്‍ ഈ പേരുകൊണ്ട് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒന്നരവര്‍ഷം മുമ്പ് ഡിജിറ്റല്‍ പുസ്തകങ്ങള്‍, വീഡിയോ, മ്യൂസിക് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ പേര് ആവശ്യമായി വന്നത്.

ആപ്ലിക്കേഷന്‍ വിപണിയില്‍ ആന്‍ഡ്രോയിഡിന് ധാരാളം ഉപഭോക്താക്കളുണ്ട്. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും മറ്റുമായി 4.5 ലക്ഷം ആപ്ലിക്കേഷനുകള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ ആപ്പിളും ആമസോണും മുന്നിട്ടുനില്‍ക്കുന്ന ഡിജിറ്റല്‍ ബുക്ക്, മ്യൂസിക്, വീഡിയോ എന്നീ മൂന്ന് സെഗ്മെന്റുകളാണ് ഗൂഗിള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഈ ലക്ഷ്യവും പേര് മാറ്റത്തിന് ഒരു കാരണമായെന്ന് വേണം കരുതാന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot