നിങ്ങളുടെ ഫോണിൽ നിന്ന് നിങ്ങളുടെ അനുവാദം ഇല്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തും; ഭീഷണി പരത്തി പുതിയ മാൽവെയർ
രാജ്യത്തെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സർക്കാർ. രാജ്യത്തെ ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഡോഗെറാറ്റ് എന്ന മാൽവെയർ ഭീഷണി ഉയർത്തുന്നു എന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാരെ സഹായിക്കുന്ന മാൽവെയറുകളാണ് ഡോഗെറാറ്റ്. ആയതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും സർക്കാർ ഐഡികളും പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്‌ടിക്കാനും അത് ഉപയോഗിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും ഹാക്കർമാരെ സഹായിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ആൻഡ്രോയിഡ് ക്ഷുദ്രവെയറാണ് ഡോഗെറാറ്റ്. ബാങ്കിംഗ്, ഇ-കൊമേഴ്‌സ്, വിനോദം എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലെ ഉപയോക്താക്കളെ ഇത് ലക്ഷ്യമിടുന്നു. ചാറ്റ്ജിപിടി, ഓപ്പറ മിനി ബ്രൗസർ തുടങ്ങിയ ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ഹാക്കർമാർ ഈ മാൽവെയറുകൾ പ്രചരിപ്പിക്കുന്നത്.

ഇതിന് പുറമെ സാങ്കേതികമായി നിലവിലില്ലാത്ത യൂട്യൂബ് പ്രീമിയം പതിപ്പുകളും ടെലിഗ്രാമും മറ്റ് സോഷ്യൽ മീഡിയകളും തുടങ്ങിയവയിലൂടെ ഇത്തരത്തിൽ വൈറസ് പ്രചരിപ്പിക്കാൻ ഹാക്കർമാർ ഉപയോഗിക്കിന്നുണ്ടെന്നാണ് സർക്കാർ പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഡാറ്റ മോഷണത്തിന് പുറമെ ഹാക്കർമാർക്ക് ഉപഭോക്താക്കളുടെ ഉപകരണങ്ങളിലേക്ക് റിമോട്ട് ആക്‌സസ് നൽകാനും ഇത്തരം മാൽവെയറുകൾ സഹായിക്കുന്നുണ്ട്. ഇതുവഴി ഉപഭോക്താക്കളുടെ കോൾ റെക്കോർഡുകൾ ഉപകരണങ്ങളിലെ ഫയലുകൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് വിവരങ്ങൾ എന്നിവ പരിശോധിക്കാനും ഹാക്കർമാർക്ക് സാധിക്കും.
ഇത് മാത്രമല്ല ഉപഭോക്താക്കളുടെ അനുവാദം ഇല്ലാതെ തന്നെ ഇവരുടെ ഉപകരണത്തിന്റെ ഫ്രണ്ട്, ബാക്ക് ക്യാമറകൾ ഉപയോഗിച്ച് നിങ്ങളുടെ ചിത്രം എടുക്കാനും ഈ മാൽവെയർ ഉപയോഗിച്ച് ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ആയതിനാൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കളുെ ജാഗ്രത പാലിക്കണം. ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. വിവിധ ലിങ്കുകൾ വഴി ലഭിക്കുന്ന ആപ്പുകൾ ഒരിക്കലും ഡൗൺലോഡ് ചെയ്യരുത് എന്നും അറിയിപ്പിൽ പറയുന്നു.

അജ്ഞാതർ അയക്കുന്ന ഇമെയിലുകൾ, എസ്എംഎസ് എന്നിവയിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു. ഉപയോക്താക്കൾ അവരുടെ ഉപകരണങ്ങളിലെ സോഫ്‌റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റായി സൂക്ഷിക്കണമെന്നും ഇവർ പറയുന്നു. പല അപ്ഡേറ്റുകളിലും ഇത്തരം വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി കൊണ്ടുവരുമെന്നും ഈ അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ ഉപഭോക്താക്കൾ എല്ലാവരും തന്നെ ഇത്തരം ഓൺലൈൻ വൈറസുകളുടെയും ക്ഷുദ്രവെയറുകളുടെയും അപകടങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാകണം എന്നും സർക്കാർ പറഞ്ഞു.
നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെക്കുറിച്ചും ബോധവാനായിരിക്കേണ്ടതുണ്ട്. സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (സിഇആർടി) ടീം ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകി രംഗത്ത് വന്നിരിക്കുന്നത്. ഇൻർനെറ്റിലെ പല പ്രധാന കാര്യങ്ങളിലും സർക്കാരിന്റെ ഭാഗമായി ഇടപെടുന്ന വിഭാഗമാണ് സിഇആർടി ടീം. രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഹാക്കർമാരുടെ വിവിധ സൈബർ ഭീഷണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു ബുള്ളറ്റിൻ സിഇആർടി പുറത്ത് വിട്ടിരുന്നു.
ഇത്തരത്തിൽ നിരവധി ഓൺലൈൻ തട്ടിപ്പുകൾ ഇപ്പോൾ ധാരാളമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി തരത്തിൽ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാനാണ് ഓൺലൈൻ ഹാക്കർമാർ ശ്രമിക്കുന്നത്. അടുത്തിടെ രാജ്യത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഇ ചലാൻ സ്കാം ഇതിന് ഉദാഹരണമാണ്. കാഴ്ചയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സർക്കാർ അയക്കുന്ന ഇ ചലാന് സമാനമായ രീതിയിൽ വ്യാജ ചലാനുകൾ അയച്ച് പണം തട്ടുന്ന രീതിയാണ് ഇത്.
നിങ്ങൾ ട്രാഫിക്ക് നിയമം ലംഘിച്ചിട്ടുണ്ടെന്നും ആയതിനാൽ തന്നെ പിഴ അടയ്ക്കണം എന്ന് ആവിശ്യപ്പെട്ട് ആയിരിക്കും തട്ടിപ്പുകാരുടെ സന്ദേശം നിങ്ങൾക്ക് എത്തുക. ഓൺലൈനായി പിഴ അടയ്ക്കാം എന്ന തരത്തിൽ ഒരു ലിങ്കും ഇവർ അയച്ചിട്ടുണ്ടാകും. ഉപഭോക്താക്കൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഈ ഹാക്കർമാർക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഇവരുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച് പണം കവരുന്ന രീതിയാണ് ഇ ചലാൻ സ്കാം.


Click it and Unblock the Notifications