ആന്‍ഗ്രി ബേര്‍ഡ്‌സ് കാര്‍ട്ടൂണ്‍ പരമ്പരയാകുന്നു

Posted By: Staff

ആന്‍ഗ്രി ബേര്‍ഡ്‌സ് കാര്‍ട്ടൂണ്‍ പരമ്പരയാകുന്നു

ഇന്റര്‍നെറ്റിലും മൊബൈല്‍, പിസി പ്ലാറ്റ്‌ഫോമുകളിലും തരംഗം സൃഷ്ടിച്ച ആന്‍ഗ്രി ബേര്‍ഡ്‌സ് ഇനി വരുന്നത് ടെലിവിഷനിലേക്ക്. 52 എപ്പിസോഡുകളുള്ള ഒരു പ്രതിവാര കാര്‍ട്ടൂണ്‍ പരമ്പരയായാണ് ടെലിവിഷനിലേക്ക് ആന്‍ഗ്രി ബേര്‍ഡിന്റെ പ്രവേശനമെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം തന്നെ ഈ കാര്‍ട്ടൂണ്‍ പരമ്പര പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നമ്മള്‍ ഇത് വരെ കണ്ട ആന്‍ഗ്രി ബേര്‍ഡിനെയാകില്ല കാര്‍ട്ടൂണില്‍ കാണാനാകുക. പക്ഷികളുടെ മുട്ടകള്‍ മോഷ്ടിക്കുന്ന പന്നിക്കൂട്ടങ്ങളും അവയെ ആക്രമിക്കുന്ന പക്ഷികളേയും ആണ് നമ്മള്‍ ഇത് വരെ കണ്ടിട്ടുള്ളത്.

എന്നാല്‍ കാര്‍ട്ടൂണിലേക്ക് എത്തുമ്പോള്‍ ആ പക്ഷികളുടെ ഭാവ വ്യത്യാസങ്ങളും കാഴ്ചക്കാരന് എളുപ്പം മനസ്സിലാക്കാനാകും. പക്ഷി എന്തിനാണ് ദേഷ്യപ്പെടുന്നതെന്നും പക്ഷിയുടെ മനസ്സില്‍ അപ്പോഴെന്തെല്ലാമായിരിക്കുമെന്നും അനുഭവിച്ചറിയാന്‍ പുതിയ കാര്‍ട്ടൂണിലൂടെ കഴിയും.

ആന്‍ഗ്രി ബേര്‍ഡ്‌സിന്റെ ജൈത്രയാത്ര കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഒതുങ്ങുന്നില്ല. 2015 ഓടെ ഇവരുടെ കഥ ആധാരമാക്കിയുള്ള ഒരു ചലച്ചിത്രവും ഇറങ്ങാന്‍ പോകുകയാണത്രെ. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

റോവിയോ കമ്പനിയുടെ ആന്‍ഗ്രി ബേര്‍ഡ്‌സ് വളരെ പെട്ടെന്നാണ് ഗെയിമിംഗ് ലോകത്ത് തരംഗമായി മാറിയത്. ഇത് വരെ 70 കോടി ഡൗണ്‍ലോഡുകള്‍ നടന്നിട്ടുണ്ട്. പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളും ആന്‍ഗ്രി ബേര്‍ഡ്‌സ് ഗെയിം ലഭ്യമാക്കുന്നുണ്ട്. അടുത്തിടെയാണ് ആന്‍ഗ്രി ബേര്‍ഡിന്റെ സ്‌പേസ് വേര്‍ഷന്‍ പുറത്തിറക്കിയത്. ഇതിനും നല്ല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot