സെന്‍സര്‍ഷിപ്പിനെതിരായി ഇന്ത്യയില്‍ തെരുവ് പ്രതിഷേധത്തിന് അനോണിമസ്

Posted By: Staff

സെന്‍സര്‍ഷിപ്പിനെതിരായി ഇന്ത്യയില്‍ തെരുവ്  പ്രതിഷേധത്തിന് അനോണിമസ്

ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സമാധാനപരമായ (അഹിംസ) പ്രതിഷേധത്തിന് ഹാക്കിംഗ് ഗ്രൂപ്പായ അനോണിമസ് പദ്ധതിയിടുന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഫയല്‍ ഷെയറിംഗ് സൈറ്റുകളെ നിരോധിച്ചതില്‍ പ്രതിഷേധിച്ചാണ് അനോണിമസിന്റെ നീക്കം. ജൂണ്‍ 9നാണ് പ്രതിഷേധത്തിന് പദ്ധതിയിട്ടിരിക്കുന്നത്.

പുതിയ സിനിമയുടെ വ്യാജ പകര്‍പ്പ് ഓണ്‍ലൈന്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വിവിധ സൈറ്റുകളെ നിരോധിച്ചിരുന്നത്. ഇത്തരം യുആര്‍എല്ലുകളെ നിരോധിച്ചത് കൂടാതെ റിലയന്‍സ്, എയര്‍ടെല്‍ ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ടോറന്റ്, വിമിയോ പോലുള്ള ഫയല്‍ ഷെയറിംഗ് സൈറ്റുകളെയും നിരോധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അനോണിമസ് റിലയന്‍സ് സര്‍വ്വര്‍ ഹാക്ക് ചെയ്തിരുന്നു.

സര്‍വ്വര്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഓട്ടോമാറ്റിക്കായി അനോണിമസിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളിലായിരുന്നു എത്തിയിരുന്നത്. സര്‍വ്വര്‍ ആക്രമിച്ചതില്‍ നിന്നും റിലയന്‍സ് നിരോധിച്ച യുആര്‍എല്ലുകളുടെ പട്ടിക ലഭിച്ചതായും കഴിഞ്ഞാഴ്ച അനോണിമസ് വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ തങ്ങളുടെ സൈറ്റുകള്‍ക്കും സര്‍വ്വറുകള്‍ക്കും എതിരെ യാതൊരു വിധ ആക്രമണങ്ങളും ഉണ്ടായിട്ടില്ലെന്നാണ് റിലയന്‍സ് വാദിച്ചത്. ഹാക്കര്‍മാര്‍ ശ്രമിച്ചാലും സര്‍വ്വര്‍ ഹാക്ക് ചെയ്യാനാകില്ലെന്നും കമ്പനി  അറിയിച്ചു.

ഇന്ത്യയുടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ആക്റ്റിനെതിരെയും അനോണിമസിന്റെ പ്രതിഷേധമുണ്ട്. സര്‍ക്കാരിന് ചില സൈറ്റുകള്‍ നിരോധിക്കാനുള്ള അധികാരം ഈ ആക്റ്റ് നല്‍കുന്നുണ്ട് എന്നതാണ് കാരണം. സെന്‍സര്‍ഷിപ്പിനെതിരെയുള്ള തെരുവ് പ്രതിഷേധത്തിന് അനോണിമസിന്റെ ലോഗോയായ ഗൈ ഫോവ്കസ് മുഖം മൂടി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍്-ഔട്ട് എടുത്തുപയോഗിക്കാനും അനോണിമസിന്റെ പിന്തുണക്കാരോട് ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയില്‍ സജീവമാണ് അനോണിമസ്. സര്‍ക്കാര്‍ സൈറ്റുകള്‍ ആക്രമിച്ച് വിവിധ വിഷയങ്ങളിലുള്ള പ്രതിഷേധം അറിയിക്കുകയാണ് സൈറ്റിന്റെ പതിവ്. കഴിഞ്ഞ ദിവസം സിഇആര്‍ടി നല്‍കിയ മുന്നറിയിപ്പും അനോണിമസിനെ ഉദ്ദേശിച്ചാണെന്ന് കരുതേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍, സ്വകാര്യ സൈറ്റുകള്‍ക്കെതിരെ ഡിഡിഒഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്നായിരുന്നു ദേശീയ കമ്പ്യൂട്ടര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടിയുടെ മുന്നറിയിപ്പ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot