ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അനോണിമസ്

Posted By: Staff

ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് അനോണിമസ്

അനോണിമസ് ഹാക്കര്‍ ഗ്രൂപ്പ് ഇന്ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളോട് ഹാക്കര്‍ഗ്രൂപ്പിന്റെ പ്രതികരണം ലഭിച്ചു. അനോണിമസിന്റെ ട്വിറ്റര്‍ അക്കൗണ്ടായ യുവര്‍അനോണ്‍ന്യൂസാണ് ഓപറേഷന്‍ ഗ്ലോബല്‍ ബ്ലാക്ക്ഔട്ട് ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

''എന്താണ് ഓപറേഷന്‍ ഗ്ലോബല്‍ ബ്ലാക്ക്ഔട്ട്? ഞങ്ങള്‍ അത് ഫെബ്രുവരിയിലേ പൂര്‍ത്തിയാക്കിയതാണ്. അത് സംഭവിക്കുകയില്ല. ഇതേക്കുറിച്ച് ഞങ്ങളോട് ഇനി ഒന്നും ചോദിക്കരുത്'' ഇങ്ങനെ പോകുന്നു അനോണിമസിന്റെ ട്വിറ്റര്‍ പോസ്റ്റ്.

''ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തുടരും അവസാനം വരെ ഞങ്ങള്‍ ഇതിനെ സംരക്ഷിക്കും'' മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടായ അനോണിമസ്‌ഐആര്‍സി ട്വീറ്റ് ചെയ്തു.

അനോണിമസിന്റെ പേരില്‍ പേസ്റ്റ്ബിന്‍ വെബ്‌സൈറ്റിലാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുമെന്ന ഒരു പോസ്റ്റ് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് കെ നോബിള്‍ ഈ ഭീഷണി യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന ഒരു പ്രമുഖ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടും കൂടി വന്നതോടെയാണ് സംഭവത്തെ സൈബര്‍ലോകം ഗൗരവത്തോടെ കണ്ടത്.

അനോണിമസ്, ലല്‍സെക് ഹാക്കര്‍ഗ്രൂപ്പുകള്‍ മാധ്യമങ്ങളോട് ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റായിരുന്നു ആദ്യം പേസ്റ്റ്ബിന്‍. ഫെയ്‌സ്ബുക്ക് നവംബര്‍ 5ന് അക്രമിക്കപ്പെടുമെന്ന അനോണിമസ് ഭീഷണിയും മുമ്പ് ഇതിലായിരുന്നു വന്നിരുന്നത്. എന്നാല്‍ അത് ഒരു അഭ്യൂഹം മാത്രമായിരുന്നു. അതേ തരത്തിലുള്ള മറ്റൊന്നാണ് മാര്‍ച്ച് 31ലെ ഇന്റര്‍നെറ്റ് ആക്രമണമെന്ന് യുവര്‍അനോണ്‍ന്യൂസ് ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദമാക്കുന്നുണ്ട്.

ഈ വെബ്‌സൈറ്റില്‍ ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാം. അതിനാല്‍ ഇതിലെ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഭീഷണി അടിസ്ഥാനമില്ലാത്ത പ്രചരണം മാത്രമാകാനേ സാധ്യതയുള്ളൂ എന്ന് ഒരു കമ്പ്യൂട്ടര്‍ സെക്യൂരിറ്റി (വൈറ്റ്ഹാറ്റ്) ഹാക്കറായ മോഹിത് കുമാര്‍ അഭിപ്രായപ്പെട്ടു.

 


Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot