ജിയോക്ക് ശേഷം മറ്റൊരു വിപ്ലവം സൃഷ്ടിക്കാൻ കിരാനയുമായി റിലയൻസ്!
റിലയൻസ് ജിയോ ഇന്ത്യയിൽ ഒരു ചരിത്രം തന്നെയാണ് സൃഷ്ടിച്ചത് എന്ന് നമുക്കറിയാം. അതുവരെ കണ്ടുവന്നിരുന്ന ഇന്റർനെറ്റ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടായിരുന്നു ജിയോയുടെ വരവും മുന്നേറ്റവും. അതുവരെ മാസത്തിൽ ഒന്നോ രണ്ടോ ജിബി ഉപയോഗിച്ചിരുന്ന ആളുകളെ കൊണ്ട് ദിവസം രണ്ടും മൂന്നും ജിബി ഉപയോഗിപ്പിക്കാൻ ജിയോക്ക് സാധിച്ചു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ രംഗത്ത് സാരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ വരെ കാരണമായി.

ജിയോക്ക് ശേഷം..
കമ്പനിക്കും ഉപഭോക്താക്കൾക്കും ഈ ഇന്റർനെറ്റ് വിപ്ലവം ഒരേ രീതിയിൽ ഗുണം ചെയ്യുകയുമുണ്ടായി. ഇതിനെ തുടർന്ന് പ്രതിസന്ധിയിലായ മറ്റു കമ്പനികളും ജിയോയുടെ പാത പിന്തുടരാൻ നിർബന്ധിതരാവുകയായിരുന്നു. എന്തായാലും വിലക്കുറവും ഓഫറുകളും കൊണ്ട് ഇന്ത്യയിൽ ടെലികോം വിപ്ലവം തന്നെ സൃഷ്ടിച്ച ജിയോക്ക് ശേഷം റിലയൻസ് മറ്റൊരു സംരംഭവുമായി എത്തുകയാണ് ഇപ്പോൾ. റീറ്റെയ്ൽ രംഗത്തേക്ക് ഇ കോമേഴ്സ് സാധ്യതകളുമായാണ് റിലയൻസ് വരുന്നത്.

ആമസോണും ഫ്ലിപ്കാർട്ടും ഗൂഗിഗിളുമടക്കം എതിരാളികൾ കരുത്തർ
ആമസോണും ഫ്ലിപ്കാർട്ടും അരങ്ങുവാഴുന്ന ഇന്ത്യൻ ഈ കൊമേഴ്സ് രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി എത്തുന്ന റിലയൻസ് ഇവിടെയും ജിയോ എഫക്റ്റ് പോലെ എന്തെങ്കിലും കൊണ്ടുവരുകയാണെങ്കിൽ അത് രാജ്യമാകാം മറ്റൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കലാകും. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ വാങ്ങിയതും സോഫ്റ്റ്ബാങ്കും ആലിബാബയും പേടിഎമ്മിൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയതും അതിലെല്ലാം മേലെയായി ടെക്ക് ഭീമൻ ഗൂഗിൾ തന്നെ ഇന്ത്യയിൽ ഈ രംഗത്തേക്ക് കടന്നുവരാൻ ഒരുങ്ങുന്നതും എല്ലാം ഈ അവസരത്തിൽ റിലയൻസ് മുൻകൂട്ടി കാണേണ്ടതുണ്ട്. അങ്ങനെ ഈ കമ്പനികളുടെ സംരഭങ്ങളെയെല്ലാം ഏറെ പിറകിലാക്കുന്ന ഒരു മുന്നേറ്റം നടത്തിയാൽ മാത്രമേ റിലയൻസിന് ഈ മേഖലയിൽ വിജയിക്കാൻ കഴിയൂ.

എന്താണ് കിരാന
കിരാന ഒരു ഹിന്ദി വാക്കാണ്. ഇതിന്റെ അർഥം ചെറിയ, ചെറിയ രീതിയിലുള്ള ഗ്രോസറി ഷോപ്പുകൾ എന്നെല്ലാമാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ചെറിയ റീറ്റെയ്ൽ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒരു ആപ്പിന് കീഴിൽ കൊണ്ടുവരിക എന്നതാണ് റിലയൻസിന്റെ ഉദ്ദേശം. ഇതിലൂടെ കച്ചവടക്കാർക്ക് സാധനങ്ങൾ വാങ്ങലും വിൽക്കലും പേയ്മെന്റ് നടത്തലും മാർക്കറ്റിങ് ചെയ്യലും എന്ന് തുടങ്ങി മൊത്തക്കച്ചവടം വരെ നടത്താനുള്ള സൗകര്യങ്ങൾ സാധ്യമാകും. റിലയൻസിന്റെ ഇ കൊമേഴ്സ് സൗകര്യങ്ങളും ഇതിലൂടെ ഉപയോഗിക്കും.

എന്ന് ലഭ്യമാകും?
നിലവിൽ ഈ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ മുംബൈയിലെയും അഹമ്മദാബാദിലെയും അയ്യായിരത്തോളം കച്ചവടക്കാർക്കിടയിൽ അവതരിപ്പിക്കും. ശേഷം ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായും അവതരിപ്പിക്കും. എന്തായാലും കാത്തിരുന്ന് കാണാം റിലയൻസ് ഈ കൊമേഴ്സ് മേഖലയിലും വിജയം കൊയ്യുമോ എന്നത്.


Click it and Unblock the Notifications








