മരത്തണലിൽ ഇരിപ്പിടങ്ങളൊരുക്കി 'നക്ഷത്രങ്ങൾ അണിനിരന്നു'; മുംബൈയുടെ മുഖമാകാൻ ആപ്പിൾ ബികെസി!
ഇന്ത്യയിലെ ആപ്പിൾ പ്രേമികൾക്ക് ഏറെ ആവേശം പകർന്നുകൊണ്ട് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ( ആപ്പിൾ ബികെസി ) മുംബൈയിൽ ഏപ്രിൽ 18 ന് പ്രവർത്തനം ആരംഭിക്കുകയാണ്. ഇതിനു പിന്നാലെ ഏപ്രിൽ 20 ന് ഡൽഹിയിൽ ആപ്പിൾ സാകേത് റീട്ടെയിൽ സ്റ്റോറും ഉദ്ഘാടനം ചെയ്യപ്പെടും.
സ്വന്തം ഉത്പന്നങ്ങളിൽ പുലർത്തുന്ന നിലവാരവും പ്രൗഡിയുമാണ് ആപ്പിൾ ഉത്പന്നങ്ങളെ ലോകപ്രശസ്തമാക്കിയതിലെ പ്രധാന ഘടകം. നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത ആ നിലപാടിലും പ്രൗഡിയിലും ഉറച്ചുനിന്നുകൊണ്ട് തന്നെയാണ് ആപ്പിൾ ഇന്ത്യയിലെ തങ്ങളുടെ എക്സ്ക്ലൂസീവ് സ്റ്റോറും തയാറാക്കിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ആപ്പിളിന്റെ ബന്ധത്തിൽ പുതിയൊരു ചരിത്ര ഏടാണ് ഈ റീട്ടെയിൽ സ്റ്റോറുകളിലൂടെ എഴുതിച്ചേർക്കപ്പെടുന്നത്.

''നക്ഷത്രങ്ങൾ മുംബൈയിൽ അണിനിരന്നിരിക്കുന്നു'' എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിൽ ആപ്പിളിന്റെ ജനപ്രിയ ഉത്പന്നങ്ങൾ എല്ലാംതന്നെ സന്ദർശകരെ വരവേൽക്കാനായി മുംബൈയിലെ ആപ്പിൾ സ്റ്റോറിലെ മേശകളിൽ നിരന്നുകഴിഞ്ഞു. കെട്ടിലും മട്ടിലും ഏറെ ആകർഷകമായാണ് ആപ്പിൾ മുംബൈയിലെ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. ആപ്പിൾ ഉത്പന്നങ്ങൾ മാത്രമല്ല, അവിടുത്തെ കാഴ്ചകളും ലഭ്യമാകുന്ന സേവനങ്ങളും ഇന്ത്യക്കാരെ സന്തുഷ്ടരാക്കും എന്നുറപ്പാണ്.
ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിൽ തന്നെയാണ് ആപ്പിൾ ആദ്യചുവട് വച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ധനികനും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ മുകേഷ് അംബാനിയുടെ സ്വന്തം തട്ടകമാണ് ബാന്ദ്ര. ആ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ(ബികെസി) മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടി വിസ്തീർണത്തിൽ ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ സജ്ജമാക്കിയിരിക്കുന്നത്.

ചുറ്റുമുള്ള കൂറ്റൻ ഗ്ലാസ് ചുവരുകളും മേൽക്കൂരയിൽ കൊത്തുപണികളോടുകൂടിയ തടിയുടെ ടൈലുമുള്ള ത്രികോണാകൃതിയിലുള്ള ആപ്പിൾ ബികെസി സ്റ്റോർ ആദ്യ കാഴ്ചയിൽത്തന്നെ ആരുടെയും മനം കവരും. തടികൊണ്ടുള്ള ടൈൽ ആണ് ഏറ്റവും ആകർഷകം. ഇതിലെ ഓരോ ടൈലും തടികൊണ്ടുള്ള 408 പീസുകൾ കൂടിച്ചേർന്നതാണ്. ഒരു ടൈലിൽ മൊത്തം 31 മൊഡ്യൂളുകളാണ് ഉള്ളത്.
സീലിങ്ങിന് മാത്രമായി ഇത്തരത്തിലുള്ള 1000 ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുംബൈയിലെ ബികെസി ആപ്പിൾ സ്റ്റോറിലെത്തുന്ന സന്ദർശകരെ വരവേൽക്കുന്നത് ഒരു സുന്ദരൻ കാഴ്ച അതിനുള്ളിലെ മരങ്ങളാണ്. സ്റ്റോറിനകത്ത് ആപ്പിൾ 'മരത്തണൽ' ഒരുക്കിയിരിക്കുന്നു. ചുറ്റിനും തടികൊണ്ടുള്ള ഇരിപ്പിടങ്ങളും കാണാം. അതാണ് സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ. ഭൂനിരപ്പിനെയും കാന്റിലീവ് മെസാനൈനിനെയും ബന്ധിപ്പിക്കുന്ന 14 മീറ്റർ നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഗോവണിയും ഇവിടെക്കാണാം.
വിശാലമായ സ്റ്റോറിനകത്ത് വലിയ തടിമേശകളിലായി ആപ്പിളിന്റെ സൂപ്പർ സ്റ്റാർ പ്രോഡക്ടുകൾ എല്ലാം കാഴ്ചയ്ക്കായി അണിനിരത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഐഫോൺ, മാക്, ഐപാഡ്, എയർപോഡ്സ്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി ലൈനപ്പുകൾ, എയർടാഗ് പോലുള്ള ആക്‌സസറികൾ എന്നിവയുൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ ആപ്പിൾ ബികെസിയിൽ അണിനിരക്കുന്നുണ്ട്.
സന്ദർശകരെ വരവേൽക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനുമായി 20 ൽ ഏറെ ഭാഷകൾ സംസാരിക്കുന്ന, 100 പേരടങ്ങുന്ന ജീവനക്കാരുടെ സംഘത്തെയാണ് ആപ്പിൾ നിയോഗിച്ചിരിക്കുന്നത്. ആപ്പിൾ ഉത്പന്നങ്ങളെപ്പറ്റി ആളുകളോട് വിശദീകരിക്കാനും അവരുടെ സംശയങ്ങൾ പരിഹരിക്കാനും പ്രോഡക്ടുകൾ പരിചയപ്പെടുത്താനും ആവശ്യം മനസിലാക്കി അനുയോജ്യമായ ഓപ്ഷനുകൾ ഉപദേശിക്കാനും ഈ ടീം സർവസജ്ജമാണ്.

ദുബായ്, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ ആപ്പിളിന്റെ മറ്റ് റീട്ടെയിൽ സ്റ്റോറുകളെപ്പോലെ ആപ്പിൾ "ടൗൺ സ്ക്വയർ" മുംബൈയിലെ സ്റ്റോറിലും ഉണ്ടാകും. ഒരു റീട്ടെയിൽ സ്റ്റോറിനോടൊപ്പം ഒരു എഡ്യൂക്കേഷൻ സെന്ററും അടങ്ങുന്നതാണ് ആപ്പിൾ "ടൗൺ സ്ക്വയർ". ആപ്പിൾ സ്റ്റോറുകളിൽ നടക്കുന്ന ടുഡെ അറ്റ് ആപ്പിൾ പോലുള്ള പരിപാടികൾ ലോകപ്രശസ്തമാണ്.
ആപ്പിൾ സ്റ്റോറുകളിൽ സംഘടിപ്പിക്കുന്ന ക്ലാസുകളാണ് ടുഡെ അറ്റ് ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്നത്. ആളുകൾക്ക് വിവിധ കാര്യങ്ങളെപ്പറ്റി അറിവു പകർന്നു നൽകാനും അവരെ ആപ്പിൾ സ്റ്റോറുകളിലേക്ക് ആകർഷിക്കാനും ടുഡെ അറ്റ് ആപ്പിൾ പരിപാടിയിലൂടെ സാധിക്കുന്നു. ടൗൺ സ്ക്വയറിനെ ചുറ്റിപ്പറ്റിയാണ് ടുഡെ അറ്റ് ആപ്പിൾ നടക്കുക.
പ്രാദേശിക പ്രതിഭകളും ലോകപ്രശസ്ത കലാകാരന്മാരും ആണ് ക്ലാസുകൾ എടുക്കുന്നത്. ഇന്ത്യയിലെ ആപ്പിൾ ആരാധകർക്ക് വാക്കുകളാൽ വിവരിക്കാനാകാത്ത അത്ര മനോഹരമായ അനുഭവമായിരിക്കും മുംബൈയിലെ ആപ്പിൾ റീട്ടെയിൽ സ്റ്റോറിലും ലഭിക്കുക. പുതിയ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിലൂടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ പുതിയ ചരിത്രങ്ങൾ കുറിക്കാൻ തയാറെടുക്കുന്ന ആപ്പിൾ അതിനൊത്ത അന്തരീക്ഷവും സജ്ജീകരിച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമതയുള്ള ആപ്പിൾ സ്റ്റോർ ലൊക്കേഷനുകളിൽ ഒന്നായാണ് ആപ്പിൾ ബികെസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സോളാർ ഊർജ്ജം ഉപയോഗിച്ചാകും സ്റ്റോറിന്റെ പ്രവർത്തനം മുന്നോട്ടുപോകുക. ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകർക്ക് ആപ്പിൾ ബികെസി സ്റ്റോർ പരിചയപ്പെടാൻ പ്രത്യേക അവസരം ഒരുക്കിയിരുന്നു. വിൽപ്പനയിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങൾ ഇരട്ടിയാക്കി മുന്നോട്ടുപോകാൻ ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോർ ആപ്പിളിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications