ആപ്പിളിന്റെ വാതിൽ ഇന്ത്യയ്ക്കായി തുറന്ന് ടിം കുക്ക്; മാക്കിന്റോഷ് ക്ലാസിക് മെഷീനുമായി അമ്പരപ്പിച്ച് ആരാധകൻ
ആപ്പിളിന്റെ വാതിൽ ഇന്ത്യയ്ക്കായി തുറക്കാൻ എത്തിയ സിഇഒ ടിം കുക്കിനെ ആവേശത്താൽ അമ്പരപ്പിച്ച് മുംബൈ. ബാന്ദ്ര കുർള കോംപ്ലക്‌സിലെ(ബികെസി) ജിയോ വേള്‍ഡ് ഡ്രൈവ് മാളിൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോർ കൃത്യം 11 ന് തന്നെ ടിം കുക്ക് ഇന്ത്യക്കായി തുറന്നുനൽകി.
ആപ്പിൾ ആരാധകർ തിങ്ങിനിറഞ്ഞ ഉദ്ഘാടന പരിപാടി ടിം കുക്കിനെ ഏറെ ആവേശഭരിതനാക്കി. ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിശാലമായ ലോകത്തേക്ക് ഇന്ത്യക്കാരെ ക്ഷണിച്ച കുക്കിന് അവിസ്മരണീയ ഓർമകളാണ് മുംബൈ സമ്മാനിച്ചത്. ഉദ്ഘാടനശേഷം ആപ്പിൾ ആദ്യ ആപ്പിൾ സ്റ്റോറിലേക്ക് ആളുകളെ വരവേൽക്കാൻ കുക്ക് മുന്നിട്ടുനിന്നു. കറുത്ത ടീ ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചാണ് കുക്ക് എത്തിയത്.

അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ആരാധകർ പല തന്ത്രങ്ങളും പുറത്തെടുത്തു. ചിലർ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന് ഇഷ്ടപ്പെട്ട ശൈലിയിലുള്ള ടീ-ഷർട്ടുകൾ ധരിച്ചു. മറ്റു ചിലർ ആപ്പിൾ ലോഗോയുടെ ആകൃതിയിൽ മുടിവെട്ടിയാണ് എത്തിയത്. പൂക്കൾ ഉൾപ്പെടെ പലവിധ സമ്മാനങ്ങളുമായി കുട്ടികൾ ഉൾപ്പെടെയുള്ളവർ ടിം കുക്കിനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ തിക്കിത്തിരക്കി.
ആളുകളെ ആപ്പിൾ സ്റ്റോറിലേക്ക് വരവേൽക്കാൻ ടിം കുക്ക് അൽപ്പസമയം ചിലവഴിച്ചു. ഈ സമയത്താണ് മഞ്ഞത്തൊപ്പിയും കറുത്ത ടീഷർട്ടും ധരിച്ച ഒരാൾ മസ്കിന്റെ അടുത്തേക്ക് കടന്നുവന്നത്. അയാളെ കണ്ട മസ്ക് അയാളുടെ കൈയിൽ ഉണ്ടായിരുന്ന സർപ്രൈസ് കണ്ട് ശരിക്കും അദ്ഭുതപ്പെട്ട് വാ പൊളിച്ചുപോയി.

ആപ്പിൾ 1984, ജനുവരി 24 പുറത്തിറക്കിയ പേഴ്സണൽ കംപ്യൂട്ടറുകളുടെ ശ്രേണിയിലുള്ള മാക്കിന്റോഷ് ക്ലാസിക് മെഷീൻ ആണ് ആ ആരാധകന്റെ കൈയിലുണ്ടായിരുന്നത്. അതുകണ്ട ടിം കുക്ക് ഏറെ ആശ്ചര്യത്തോടെ അയാളെ അടുത്തേക്ക് വിളിച്ച് പരിചയപ്പെടുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. കമ്പനിയുടെ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻറ് ഡീർഡ്രെ ഒബ്രിയനും കുക്കിനൊപ്പം ഉണ്ടായിരുന്നു.
ഡീർഡ്രെ ഒബ്രിയനും ആപ്പിൾ സ്റ്റോറിലെ ജീവനക്കാരും സന്ദർശകരും കൈയടികളോടെയാണ് മാക്കിന്റോഷ് ക്ലാസിക് മെഷീനുമായി എത്തിയ ആളെ വരവേറ്റത്. സാജിദ് എന്നായിരുന്നു അയാളുടെ പേര്. ആപ്പിൾ സ്റ്റോറിൽ പ്രവേശിക്കാനും ടിം കുക്കിനൊപ്പം നിന്ന് ഫോട്ടോടെയുക്കാനും അദ്ദേഹത്തെ പരിചയപ്പെടാനുമാണ് സാജിദ് തന്റെ മാക്കിന്റോഷ് ക്ലാസിക് മെഷീനുമായി എത്തിയത്.
സാജിദ് പ്രതീക്ഷിച്ചതുപോലെ തന്നെ ടിം കുക്കിനെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും സാധിച്ചു. 1984 മുതൽ താൻ ആപ്പിൾ ഉപയോക്താവാണെന്ന് സാജിദ് വെളിപ്പെടുത്തി. "ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ, ഐമാക്‌സ്, തുടങ്ങി ആപ്പിൾ പുറത്തിറക്കിയിട്ടുള്ള എല്ലാ ഉപകരണങ്ങളും താൻ ഉപയോഗിക്കുന്നുണ്ട് എന്നും ഡിസൈനറായ സാജിദ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

ഉദ്ഘാടനത്തിൽ, ഇന്ത്യയിലെ ആരാധകരുടെ ആവേശത്തിനൊപ്പം സാജിദിന്റെ മാക്കിന്റോഷ് ക്ലാസിക് മെഷീനും ടിം കുക്കിനെ ഏറെ ആഹ്ലാദിപ്പിച്ചു. "മുംബൈയിലെ ഊർജ്ജവും ക്രിയേറ്റിവിറ്റിയും അഭിനിവേശവും അവിശ്വസനീയമാണ്! Apple BKC - ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോർ - തുറക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്," എന്നും ടിം കുക്ക് ട്വിറ്റർ പോസ്റ്റിലൂടെ വെളിപ്പെടുത്തി.
ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഏപ്രിൽ 20 ന് ഡൽഹിയിൽ ആരംഭിക്കും. ആപ്പിൾ സ്റ്റോർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ചൈനയിൽ നിന്നു കൂടുതൽ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈഘട്ടത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


Click it and Unblock the Notifications








