ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ് വരുന്നു; ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്
ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ആപ്പിള്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇതേക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇതോടെ ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡിനെ എല്ലാവരും മറന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ച് ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പറത്തിറങ്ങും.

ഓഗസ്റ്റ് ആദ്യപകുതിയില്‍ കാര്‍ഡ് പ്രതീക്ഷിക്കാമെന്ന് പറയപ്പെടുന്നു. ഗോള്‍ഡ്‌മെന്‍ സാക്ക്‌സുമായി സഹകരിച്ചാണ് ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്. വ്യത്യസ്ത കോര്‍പ്പറേറ്റ് സംസ്‌കാരങ്ങള്‍ പിന്തുടരുന്ന കമ്പനികള്‍ ആയതിനാല്‍ സഹകരണം അത്ര എളുപ്പമായിരുന്നില്ല.

കമ്പനികള്‍ തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെങ്കിലും പുതിയ സാങ്കേതികവിദ്യയ്ക്കായി അവര്‍ എതിര്‍പ്പുകളെല്ലാം മാറ്റിവച്ച് ഒന്നിച്ചു. കാര്‍ഡിന്റെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് ആപ്പിള്‍ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. ആപ്പിളിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം നിലനിര്‍ത്തി തന്നെയാണ് കാര്‍ഡ് പുറത്തിറങ്ങുന്നത്.

ഓഗസ്റ്റില്‍ കാര്‍ഡ് പുറത്തിറങ്ങുമെന്ന വാര്‍ത്തയോട് ആപ്പിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ കാര്‍ഡിന്റെ പരീക്ഷണ ഉപയോഗം ആഴ്ചകളായി നടക്കുകയാണെന്ന് അഭ്യൂഹമുണ്ട്. iOS 12.4 ബില്‍റ്റ് ഇന്‍ ആപ്പിള്‍ കാര്‍ഡ് സപ്പോര്‍ട്ടോട് കൂടിയായിരിക്കും പുറത്തിറങ്ങാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു.


Click it and Unblock the Notifications








