ഐഫോണിനെ 'കൊല്ലാൻ നോക്കി'; ആപ്പിളിനെതിരേ 2 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്!
ദശലക്ഷക്കണക്കിന് ഐഫോണുകളിൽ തകരാറുകളുള്ള ബാറ്ററി നൽകി എന്ന് ആരോപിച്ച് ആപ്പിളിനെതിരേ 2 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി. പഴയ ഐഫോണുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ആപ്പിൾ മനപ്പൂർവം ശ്രമിച്ചുവെന്നും അവയുടെ പ്രകടനം പരിമിതപ്പെടുത്താൻ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപയോഗിച്ചുവെന്നുമാണ് ആപ്പിളിനെതിരേ ഉയർന്നിരിക്കുന്ന ആരോപണം.
ചില ഐഫോൺ മോഡലുകളിലെ ബാറ്ററി തകരാറുകൾ ആപ്പിൾ മനപ്പൂർവം മറച്ചുവച്ചു എന്നും എല്ലാത്തിനും നഷ്ടപരിഹാരമായി 1.6 ബില്യൺ പൗണ്ടും (ഏകദേശം 2 ബില്യൺ ഡോളർ) പലിശയും നൽകണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടനിലെ ഐഫോൺ ഉപയോക്താക്കൾക്ക് വേണ്ടി ജസ്റ്റിൻ ഗട്ട്മാൻ എന്നയാളാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ബ്രിട്ടനിലെ പ്രമുഖ ഉപഭോക്തൃ സംരക്ഷണ പ്രവർത്തകനാണ് ജസ്റ്റിൻ ഗട്ട്മാൻ. ആപ്പിളിനെതിരേ സമാന ആരോപണങ്ങളുള്ള ഒരുകൂട്ടം പൊതുതാൽപര്യ ഹർജികൾ ബ്രിട്ടനിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചില ഫോൺ മോഡലുകളിലെ ബാറ്ററികളിലെ പ്രശ്നങ്ങൾ ആപ്പിൾ മറച്ചുവയ്ക്കുകയും പ്രകടനം പരിമിതപ്പെടുത്തുന്ന പവർ മാനേജ്മെന്റ് ടൂൾ "രഹസ്യമായി" ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തുവെന്ന് ഗുട്ട്മാന്റെ അഭിഭാഷകർ വാദിക്കുന്നു.
ഇത് പഴയഫോണുകളെ കൊല്ലാൻ നോക്കുന്നതിന് തുല്യമാണ് എന്നാണ് ഹർജിക്കാർ വാദിക്കുന്നത്. പഴയഫോണുകളെ ഇല്ലായ്മ ചെയ്യാനുള്ള മനപ്പൂർവമായ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു അപ്ഡേഷനെന്നും ഇത് ഫോണുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചെന്നും ഗട്ട്മാന്റെ അഭിഭാഷകർ വാദിക്കുന്നു. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ആപ്പിൾ അടിസ്ഥാനരഹിതമായ കേസാണ് ഇതന്നെ് വ്യക്തമാക്കി.

"എല്ലാ ബാറ്ററികൾക്കും എല്ലാ സാഹചര്യങ്ങളിലും എല്ലാ സമയത്തും ആവശ്യപ്പെടുന്ന പീക്ക് പവർ നൽകാൻ കഴിയില്ല" എന്ന് ആപ്പിളിന്റെ അഭിഭാഷകൻ ഡേവിഡ് വൂൾഫ്‌സൺ ചൂണ്ടിക്കാട്ടി, ഇത് എല്ലാ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും സാധാരണമായി സംഭവിക്കുന്നതാണ് എന്നും അദ്ദേഹം വാദിച്ചു. എന്നാൽ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്ത ലീഗൽ ടീം ഈ വാദം തള്ളിക്കളഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിചാരണയിലേക്ക് പോകാൻ ഉത്തരവിടണമെന്ന് ലണ്ടനിലെ കോമ്പറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിനോട് ഗുട്ട്മാൻ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ആപ്പിളിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ആപ്പിൾ അമേരിക്കയിൽ നടത്തിയ സെറ്റിൽമെന്റുകൾ പരിശോധിക്കണം. ആരോപണങ്ങൾ ആപ്പിൾ നിഷേധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഐഫോൺ ബാറ്ററി പ്രശ്‌നങ്ങളിൽ യുഎസ് സംസ്ഥാനങ്ങളിൽ ആപ്പിൾ നടത്തിയ സെറ്റിൽമെന്റുകളെന്നും ഹർജിക്കാർ വാദിച്ചു.
അതേസമയം, ഐഫോൺ ബാറ്ററി പ്രശ്‌നങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ആപ്പിൾ നിഷേധിക്കുന്നു. 2017-ൽ അവതരിപ്പിച്ച പവർ മാനേജ്‌മെന്റ് അപ്‌ഡേറ്റ് ഐഫോൺ 6-ന്റെ പ്രകടനം ശരാശരി 10 ശതമാനം കുറച്ചതായി ആപ്പിൾ സമ്മതിച്ചു. ഒരു ചെറിയ എണ്ണം ഐഫോൺ 6എസ് മോഡലുകളുടെ ബാറ്ററികൾക്ക് തകരാർ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആപ്പിൾ സമ്മതിക്കുന്നു.

തുടർന്ന് ബാറ്ററി പ്രശ്നം സംബന്ധിച്ച് 2017-ൽ പരസ്യമായ ക്ഷമാപണം പുറത്തിറക്കിയതായും തകരാർ നേരിട്ട ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ ബാറ്ററി റീപ്ലേസ്‌മെന്റുകൾ വാഗ്ദാനം ചെയ്തായും കമ്പനി ചൂണ്ടിക്കാട്ടി. "എല്ലാ ബാറ്ററികൾക്കും എല്ലാ സാഹചര്യങ്ങളിലും എല്ലാ സമയത്തും ആവശ്യപ്പെടുന്ന പീക്ക് പവർ നൽകാൻ കഴിയില്ല", ഇത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങൾക്കും സാധാരണമാണ് എന്ന് ആപ്പിൾ അഭിഭാഷകൻ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
ഏതാനും വർഷം മുമ്പ് ചില തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് സംഭവം അന്നുതന്നെ നഷ്ടപരിഹാരം ഉൾപ്പെടെ നൽകി ആപ്പിൾ പരിഹരിച്ചിരുന്നു എങ്കിലും വർഷങ്ങൾക്കിപ്പുറവും അതിൽനിന്ന് മോചനം നേടാനായിട്ടില്ല. ആപ്പിളിനെതിരായ ഹർജിയിൽ ഇനിയും വാദങ്ങൾ തുടരുമെന്നാണ് സൂചന. പ്രശ്നം ഉണ്ടായത് ആപ്പിൾ നിഷേധിച്ചിട്ടില്ല എന്നത് കണക്കിലെടുത്ത് വിചാരണയിലേക്ക് കടക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.


Click it and Unblock the Notifications








