തട്ടും തട്ടും താളം മുട്ടും മുട്ടും മേളം! ഹൃദയ താളം പാസ്‌വേഡ് ആക്കാൻ തയാറെടുത്ത് ആപ്പിൾ
ഈ ടെക്നോളജി യുഗത്തിൽ മനുഷ്യന്റെ രഹസ്യങ്ങളുടെ കാവൽക്കാരൻ പാസ്‌വേഡ് ആണ്. സ്മാർട്ട്ഫോണും ലാപ്ടോപ്പുമെല്ലാം ഡിജിറ്റൽ ലോകത്തേക്കുള്ള മനുഷ്യന്റെ യാത്രയുടെ ഭാഗമാകുമ്പോൾ അതിന് സുരക്ഷയൊരുക്കുന്നത് പാസ്‌വേഡ് ആണ്. ഓർത്തിരിക്കാനുള്ള എളുപ്പത്തിന് പലരും നമ്പറുകളാണ് പാസ്‌വേഡ് ആയി ഉപയോഗിക്കുന്നത്. ഇപ്പോൾ ഫെയ്സ്, ഫിംഗർ എന്നിവയും പാസ്‌വേഡ് ആയി ഉപയോഗിക്കുന്നു. എന്നാലിപ്പോൾ ടെക്നോളജി രംഗത്തെ വമ്പന്മാരിലൊരാളായ ആപ്പിൾ സയൻസ് ഫിക്ഷൻ സിനിമകളിലേത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു പുതിയ ടെക്നോളജി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഐഫോൺ, മാക് തുടങ്ങിയ ഡിവൈസുകളിൽ മനുഷ്യന്റെ ഹൃദയമിടിപ്പ് പാസ്വേഡ് ആയി ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന്റെ പേറ്റന്റ് നേടാനൊരുങ്ങി ആപ്പിൾ.
ഹൃദയമിടിപ്പ് പാസ്വേഡ് ആയി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആപ്പിൾ വളരെ ഗൗരവമായി നടത്തിവരുന്നു എന്നാണ് റിപ്പോർട്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ആപ്പിൾ വാച്ചിൽ ഇപ്പോൾ ഇസിജി (ഇലക്ട്രോകാർഡിയോഗ്രാം) ഫീച്ചർ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ആപ്പിൾ വാച്ച് ധരിക്കുമ്പോൾ അതുമായി കണക്ട് ചെയ്ത് ഹൃദയമിടിപ്പ് പാസ്വേഡ് ആക്കി ആപ്പിൾ ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ അനുവദിക്കാനാണ് നീക്കം.

ഉടമയുടെ ഹൃദയമിടിപ്പ് ആപ്പിൾ വാച്ച് പാസ്വേഡായി തിരിച്ചറിഞ്ഞ് അത് ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്ന ഡിവൈസുകൾ അൺലോക്ക് ചെയ്യാനാണ് നീക്കം. ആപ്പിളിന്റെ ഈ പുതിയ പേറ്റന്റ് വിവരങ്ങൾ ആപ്പിൾ ഇൻസൈഡറിൽ നൽകിയിട്ടുണ്ട്. ഇതിൽ ഉപയോക്താക്കളുടെ തനതായ ഹൃദയമിടിപ്പിനെ അടിസ്ഥാനമാക്കി അവരെ തിരിച്ചറിയുന്ന ഒരു സാങ്കേതികത വിവരിക്കുന്നു, അൺലോക്കിനായി സുരക്ഷിതവും തടസ്സമില്ലാത്തതുമായ രീതി വാഗ്ദാനം ചെയ്യുന്നു.
ആപ്പിൾ നേടിയിരിക്കുന്ന പേറ്റൻ്റിൻ്റെ സംഗ്രഹം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: "ഇത് (പേറ്റൻ്റ് നേടിയ സാങ്കേതികവിദ്യ) ഒരു ഉപയോക്താവിൻ്റെ കാർഡിയാക് ആക്റ്റിവിറ്റിയും കാർഡിയാക്ക് ഇലക്ട്രിക്കൽ സിഗ്നലുകളും കണ്ടുപിടിക്കുന്നതിനുള്ള സംയോജിത സെൻസറുള്ള ഒരു ഇലക്ട്രോണിക് ഉപകരണത്തിലേക്കാണ്. കണ്ടെത്തിയ സിഗ്നലുകൾ ഉപയോഗിച്ച്, ഇലക്ട്രോണിക് ഉപകരണത്തിന് ഉപയോക്താവിനെ തിരിച്ചറിയാനോ സ്ഥിരീകരിക്കാനോ കഴിയും"

ഹൃദയമിടിപ്പ് എല്ലാവരുടേതും ഒരുപോലെയാണോ? അല്ലെന്നാണ് ആപ്പിളിന്റെ പുതിയ പേറ്റെന്റ് നൽകുന്ന സൂചന. ഒരേപോലെയാണെങ്കിൽ വാച്ച് കെട്ടുന്ന ആർക്കും ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ സാധിക്കുമല്ലോ. ആപ്പിൾ പേറ്റൻ്റ് നേടാൻ ശ്രമിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന ആശയം, ഓരോ വ്യക്തിയുടെയും ഹൃദയത്തിന് ഒരു പ്രത്യേക താളം ഉണ്ട്, അത് ഒരു ബയോമെട്രിക് ഐഡൻ്റിഫയറായി ഉപയോഗിക്കാം എന്നതാണ്.
ഓരോ വ്യക്തിയുടേയും തനതായ ഹൃദയമിടിപ്പ് പാറ്റേൺ ക്യാപ്‌ചർ ചെയ്യാൻ സഹായിക്കുന്ന ഇസിജി സെൻസറുകൾ ആപ്പിൾ വാച്ചിൽ ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രക്രിയയിൽ ഉപയോക്താവിൻ്റെ ശരീരവുമായി സമ്പർക്കം പുലർത്തുന്ന രണ്ട് പോയിൻ്റുകൾ ഉൾപ്പെടുന്നു: വാച്ച് ധരിച്ച കൈയിൽ സ്പർശിക്കുന്ന പിൻഭാഗത്തുള്ള സെൻസറും ഉപയോക്താവ് അവരുടെ ചൂണ്ടുവിരൽ വയ്ക്കുന്ന ഡിജിറ്റൽ ക്രൗണും.
ഉപയോക്താവ് ECG ആപ്പ് സ്റ്റാർട്ട് ചെയ്ത് ഡിജിറ്റൽ ക്രൗണിൽ സ്പർശിക്കുമ്പോൾ, ഹൃദയത്തിൻ്റെ ഇലക്ട്രിക് സിഗ്നലുകൾ അളക്കാൻ ആപ്പിൾ വാച്ചിനെ അനുവദിക്കുന്ന ഒരു സർക്യൂട്ട് പൂർത്തിയാകും. മുഴുവൻ ECG റീഡിംഗ് ഉപയോഗിച്ചും ഉപയോക്താവിൻ്റെ ഹൃദയ താളം പരിശോധിച്ചും, ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ച് ധരിക്കുന്ന സമയമത്രയും കണക്റ്റുചെയ്‌തിട്ടുള്ള ആപ്പിൾ ഡിവൈസുകൾ അൺലോക്ക് ചെയ്യാൻ അനുവദിക്കും എന്നതാണ് പേറ്റൻ്റ് നേടാനൊരുങ്ങുന്ന ടെക്നോളജി.

ആപ്പിൾ വാച്ച് ഇസിജി സെൻസറിന് പിന്നിലെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഐഫോണുകളിലേക്ക് ഇസിജി റീഡിംഗ് സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതയും ഈ പേറ്റൻ്റ് ഫയലിൽ പരാമർശിക്കുന്നുണ്ട്. ഐഫോണിൻ്റെ റിയർ പാനലിനെ ഹൃദയമിടിപ്പ് അളക്കുന്നതിനുള്ള ഡിവൈസ് കൂടിയാക്കുന്ന ടെക്നോളജി അവതരിപ്പിക്കാനും നീക്കമുണ്ട്. ഇതുവഴി ആപ്പിൾ വാച്ചുകൾക്ക് പിന്നാലെ ഐഫോണുകളും ആരോഗ്യ നിരീക്ഷണ ഫീച്ചറുകളിൽ കൂടുതൽ കരുത്തുനേടും.
ഉപയോക്താവിൻ്റെ മാനസികാവസ്ഥ തിരിച്ചറിയാൻ ECG ഹാർട്ട് റിഥം ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ശ്രമവും ആപ്പിൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ വ്യായാമം ചെയ്യുമ്പോൾ, ആപ്പിൾ വാച്ച് അല്ലെങ്കിൽ ഐഫോണിലെ സെൻസറുകൾ വഴി ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ഈ ഡാറ്റ വിശകലനം ചെയ്ത് ഉപയോക്താവിന്റെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ മ്യൂസിക് ക്രമീകരിക്കാനും കഴിയും.
ഹൃദയമിടിപ്പ് പാ്സവേഡ് ആക്കുന്ന ടെക്നോളജി ആപ്പിൾ പ്രയോഗത്തിൽ കൊണ്ടുവന്നാൽ പാസ്വേഡുകളുടെ ടെക്നോളജിയിലുള്ള വിപ്ലവകരമായ മാറ്റമായിരിക്കും അത്. ഈ പുതിയ പേറ്റന്റിൽ ഗ്ലോറിയ ലിൻ, ടൈഡോ എൽ മകാജിമ, പരീത് രാഹുൽ, ആൻഡ്രൂ ബി ഹോഡ്ജ് എന്നിവരുൾപ്പെടെ നിരവധി ഗവേഷകർക്ക് ക്രെഡിറ്റ് നൽകുന്നുണ്ട്.


Click it and Unblock the Notifications








