ഐഫോണിലെ അമിത റേഡിയേഷൻ നാണക്കേടിൽ ആപ്പിൾ; പ്രശ്നം പരിഹരിക്കാൻ പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ്
ഐഫോൺ 12 സീരീസുകളിലെ റേഡിയേഷൻ പ്രശ്നം പരിഹരിക്കാൻ ആപ്പിൾ. ഫോണിൽ നിന്ന് അമിതമായി റേഡിയേഷൻ പുറന്തള്ളുന്നു എന്ന കാരണത്താൽ ഫ്രാൻസിൽ നിന്ന് ഐഫോൺ 12 തിരിച്ചു വിളിച്ചതിനെ തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ ആപ്പിൾ തയ്യാറായത്. ഫ്രാൻസിലെ ഐഫോൺ 12 ഉപയോക്താക്കൾക്കായി പുതിയ സോഫ്റ്റ്‌വെയർ പാച്ച് നൽകുമെന്ന് ആപ്പിൾ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഐഫോൺ 12 തിരിച്ചു വിളിക്കണമെന്ന ആവിശ്യവുമായി ഫ്രാൻസ് സർക്കാർ ആപ്പിളിനെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് സോഫ്റ്റുവെയർ അപ്ഡേറ്റ് നൽകി ഫോണിലെ ഉയർന്ന റേഡിയേഷൻ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകുന്നത്. "ഫ്രഞ്ച് റെഗുലേറ്റർമാർ ഉപയോഗിക്കുന്ന പ്രോട്ടോക്കോൾ ഉൾക്കൊള്ളുന്നതിനായി ഫ്രാൻസിലെ ഉപയോക്താക്കൾക്ക് ഞങ്ങൾ ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റ് നൽകും. ഐഫോൺ 12 ഫ്രാൻസിൽ തുടർന്നും ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്നാണ് പുതിയ പ്രസ്ഥാവനയിൽ ആപ്പിൾ പറയുന്നത്.

ഇത് ഫ്രഞ്ച് റെഗുലേറ്റർമാർ ഉപയോഗിക്കുന്ന ഒരു നിർദ്ദിഷ്ട ടെസ്റ്റിംഗ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടതാണ്, ഫോണിന് സുരക്ഷാ ആശങ്കയല്ല എന്നും ഈ പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ യൂണിയൻ റേഡിയേഷൻ എക്സ്പോഷർ പരിധി ലംഘിച്ചു എന്ന പേരിലാണ് ഐഫോൺ 12 മോഡലുകൾക്ക് ഫ്രാൻസിൽ വിലക്ക് ഏർപ്പെടുത്തിയത്. ഫോൺ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥനെ ആപ്പിൾ സ്റ്റോറുകളിലേക്ക് അയയ്ക്കും എന്നും ഫ്രാൻസ് ഗവൺമെന്റ് പറഞ്ഞിരുന്നു.
പ്രമുഖ അന്താരാഷ്ട്ര മാധ്യമമായി റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇനി രാജ്യത്ത് ഐഫോൺ 12 വിൽക്കരുതെന്നും ഇതിനോടകം തന്നെ വിറ്റുപോയ മോഡലുകൾ ഉപഭോക്താക്കളിൽ നിന്ന് തിരിച്ച് വിളിക്കണമെന്നും ഫ്രാൻസ് ഗവൺമെന്റ് ആപ്പിളിനോട് ആവിശ്യപ്പെട്ടിരുന്നു. വിൽപ്പന നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ഫോൺ ഇപ്പോഴും ഫോൺ ഇവിടെ വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാൻസിന് പുറമെ ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഫോണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

അതേ സമയം ഈ ആരോപണങ്ങളെല്ലാം നിക്ഷേധിച്ച് ആപ്പിളും രംഗത്ത് വന്നിട്ടുണ്ട്. ഐഫോൺ 12 ആഗോള റേഡിയേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ഒന്നിലധികം അന്താരാഷ്ട്ര ബോഡികൾ ഇത് സാക്ഷ്യപ്പെടുത്തിയിട്ടു ണ്ടെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ അവകാശവാദം തെളിയിക്കുന്നതിനായി ആപ്പിളും മൂന്നാം കക്ഷികളും നടത്തിയ വിവിധ ലാബ് ഫലങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാണെന്നും ആപ്പിൾ പറയുന്നു.
മൊബൈൽ ഫോണുകൾ കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുറേ വർഷങ്ങളായി പഠനം നടക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആപ്പിൾ വാദിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിനെ പിൻതുണച്ച് എസ്എആർ പരിധിയിൽ ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ സജ്ജമാക്കുന്ന ഇന്റർനാഷണൽ കമ്മീഷൻ ഓൺ നോൺ- അയോണൈസിംഗ് റേഡിയേഷൻ പ്രൊട്ടക്ഷൻ (ഐസിഎൻഐആർപി) അധ്യക്ഷ പ്രൊഫസർ റോഡ്നി ക്രോഫ്റ്റിയും രംഗത്ത് വന്നിരുന്നു.
ഫോണുകളിൽ നിന്നുള്ള വികിരണങ്ങളാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഉപഭോക്താക്കളുടേയും ഉത്പന്നത്തിന്റെയും സുരക്ഷയിൽ നിരവധി ഫീച്ചറുകൾ നൽകുന്നതിൽ പേര് കേട്ട കമ്പനിയാണ് ആപ്പിൾ. ഇത്തരത്തിൽ റേഡിയേഷനെക്കുറിച്ച് ഫ്രാൻസിൽ നിന്ന് പുറത്തു വന്ന റിപ്പോർട്ട് ആപ്പിളിന്റെ സൽപേരിന് തന്നെ വലിയ കളങ്കം ഏൽപ്പിക്കാൻ കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും തങ്ങളുടെ പുതിയ ഐഫോൺ 15 വിപണയിയിൽ അവതരിപ്പിക്കാനിരിക്കെ ഈ വാർത്ത കമ്പനിയെ വലിയ രീതിയിൽ ദോഷം ചെയ്യും.
സെപ്റ്റംബർ 12നാണ് ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകളായ ഐഫോൺ 15 സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയ പുതിയ ഫോണുകൾ. ഈ ഫോണുകൾക്ക് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും കമ്പനി പുറത്ത് വിട്ടുട്ടുണ്ട്. ഇതിനോടകം തന്നെ ഉത്പന്നങ്ങളുടെ പ്രീ-ബുക്കിങ് ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ ആരംഭിച്ചു.


Click it and Unblock the Notifications