ഇനി മത്സരം കനക്കും; ചാറ്റ്ജിപിറ്റിയെ നേരിടാൻ ആപ്പിൾ, ആപ്പിൾജിപിറ്റിയെക്കുറിച്ച് കൂടുതൽ അറിയാം
ഓപ്പൺ എഐയുടെ ചാറ്റ്ജിപിറ്റിക്ക് എതിരാളിയാകാൻ ഒരുങ്ങി ആപ്പിൾ. ആപ്പിൾ ജിപിറ്റി എന്ന പേരിൽ കമ്പനി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്റ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത കാലത്തായി പല ടെക് കമ്പനികളും എഐ പ്രോജക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതേ പാത തന്നയെണ് ഇപ്പോൾ ആപ്പിളും സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ ചാറ്റ്ജിപിറ്റി, ഗൂഗിളിന്റെ ബാർഡും തമ്മിലാണ് എഐ ചാറ്റ്ബോട്ടുകളുടെ പ്രധാന മത്സരം. എന്നാൽ ആപ്പിൾ കൂടി രംഗത്ത് ഇറങ്ങുന്നതോടെ മത്സരം കനക്കും. അടുത്ത വർഷത്തോടെ ആപ്പിൾ ജിപിറ്റി പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ എഐ മേധാവി ജോൺ ജിയാനാൻഡ്രിയയും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേധാവി ക്രെയ്ഗ് ഫെഡറിഗിയും ആണ് പുതിയ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആപ്പിളിന്റെ എഐ ചാറ്റ്ബോട്ടുകളിൽ ആപ്പിളിന്റെ ജീവനക്കാർക്ക് പ്രത്യേകം ആക്സസ് ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്ന വിവരം. നിലവിൽ ഇത് ഉപഭോക്താക്കൾക്കായി തുറന്നു നൽകാൻ സാധിക്കില്ല. ഒരുപാട് പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും ഉണ്ട്. ഇത് പരിഹരിച്ചതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകു എന്ന് ആപ്പിൾ പ്രതിനിധികൾ പറയുന്നു.
നിലവിൽ ഗൂഗിൾ ക്ലൗഡിൽ പ്രവർത്തിക്കുന്ന, ഗൂഗിളിന്റെ ജാക്സ് മെഷീൻ ലേണിംഗിന്റെ പരുധിയിലാണ് ആപ്പിളിന്റെ പുതിയ പ്ലാറ്റ്ഫോം നിർമ്മിച്ചിരിക്കിന്നത്. ഓപ്പൺ എഐയുമായി കരാർ ഉണ്ടാക്കുന്ന കാര്യം ആപ്പിൾ പരിഗണിച്ചുകൊണ്ട് ഇരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന നിരവധി ടീമുകൾ നിലവിൽ എഐക്ക് ഉണ്ട്. എന്നാൽ സ്വകാര്യത ഒരു പ്രശ്നമായി പലയിടത്തും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയതിനാൽ തന്നെ വളരെ ജാഗ്രതയോടെയാണ് ആപ്പിളിന്റെ നീക്കം.

അതിനിടെ മാർക്ക് സക്കർബർഗിന്റെ ഉടമസ്തതയിൽ ഉള്ള മെറ്റയും ചാറ്റ്ജിപിറ്റിക്ക് സമാനാമായ സേവനം ലക്ഷ്യമിട്ട് പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. സൗജന്യമായിട്ടായിരിക്കും മെറ്റ പുതിയ പദ്ധതി ഉപഭോക്താക്കളിലേക്ക് എത്തിക്കുക. മൈക്രോസോഫ്റ്റുമായി സഹകരിച്ചായിരിക്കും മെറ്റ എഐയുടെ സേവനം ഒരുക്കുക. ലാമ 2 എന്നാണ് എഐ സേവനത്തിന് മെറ്റ നൽകിയിരിക്കുന്ന പേര്.
നിലവിൽ എഐ സാങ്കേതികവിദ്യക്ക് വേണ്ടി മാത്രമായി നിരവധി വിദഗ്ദരാണ് മെറ്റക്ക് കീഴിൽ ജോലി ചെയ്യുന്നത്. മെറ്റ കൂടെ രംഗത്ത് വന്നാൽ ഈ രംഗത്തെ മത്സരം ഒന്നൂടെ ചൂട് പിടിക്കും. ഓപ്പൺ സോഴ്സ് ആയിട്ടായിരിക്കും ലാമ 2 പ്രവർത്തിക്കുക. 'ഓപ്പൺ സോഴ്സുകൾ പുതിയ സാധ്യതകക്ക് വഴിയൊരുക്കും. ധാരാളം ഡെവലപ്പർമാർ ഒരുമിച്ചാണ് പുതിയ സാങ്കേതിക വിദ്യകൾ തയ്യാറാക്കുന്നത്.' പുതിയ പ്രൊജക്ടിനെ സൂചിപ്പിച്ച് സക്കർബർഗ് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ചാറ്റ്ജിപിറ്റി മാതൃകയിൽ പുതിയ സേവനങ്ങൾ രംഗത്ത് വരുമ്പോൾ നിലവിൽ ചാറ്റ്ജിപിറ്റിക്ക് ഉപഭോക്താക്കൾ കുറയുകയാണ് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് ചാറ്റ്ജിപിറ്റി സേവനം ആരംഭിച്ചത് ഇതോടെ സാങ്കേതിക വിദ്യയുടെ ലോകത്ത് പുതിയ ഒരു അധ്യായം ആണ് തുറന്നത്. നിരവധി ഉപഭോക്താക്കൾ ചാറ്റ്ജിപിറ്റിയുടെ സേവനം സ്വീകരിച്ചു. എന്നാൽ ജൂൺ മാസത്തിൽ ഇവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.
മെയ് മാസത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയത്. സ്ഥിര സന്ദർശകരുടെ എണ്ണത്തിൽ 5.7 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ചാറ്റ്ജിപിറ്റിയിൽ ഉപഭോക്താക്കൾ ചിലവഴിക്കുന്ന സമയത്തിൽ ആകട്ടെ 8.5 ശതമാനം കുറവ് ഉണ്ടെന്നും അനലിറ്റിക്‌സ് സ്ഥാപനമായ സിമിലാർവെബ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തനം ആരംഭിച്ച് ആദ്യമായിട്ടാണ് ചാറ്റ്ജിപിറ്റിയിൽ ഉപഭോക്താക്കൾ കുറയുന്നത്.


Click it and Unblock the Notifications








