നന്ദി ഇന്ത്യക്കാരേ... ഒരായിരം നന്ദി! ആപ്പിൾ വരുമാനം കുറഞ്ഞു, പക്ഷേ ഇന്ത്യയിൽ വീണ്ടും റെക്കോഡ് വിൽപ്പന!
ആപ്പിളിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ കുറവുണ്ടായതായി റിപ്പോർട്ട്. ഓഗസ്റ്റ് 4 ന് പുറത്തുവിട്ട മൂന്നാം പാദ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐഫോണിൽ നിന്നുള്ള വരുമാനത്തിൽ നേരിയ കുറവുണ്ടായി. ഇതോടൊപ്പം ഐപാഡ്, മാക് എന്നിവയിൽനിന്നുള്ള വരുമാനത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്തവണ ഐഫോണിൽ നിന്നുള്ള വരുമാനം 39.67 ബില്യൺ ഡോളറാണെന്ന് ആപ്പിൾ വെളിപ്പെടുത്തി, ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലുണ്ടായിരുന്നതിനേക്കാൾ 2% കുറവാണിത്. ഐപാഡിന്റെ കണക്കുകളാണ് ആപ്പിളിന് കുറച്ചെങ്കിലും ആശങ്ക ഉയർത്തുന്നത്. കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐപാഡിൽ നിന്നുള്ള വരുമാനം 20% കുറഞ്ഞു.

മാക് ആണ് ഇത്തവണ കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയ മറ്റൊരു ആപ്പിൾ ഡിവൈസ്. ഈ പാദത്തിൽ മാക് വരുമാനം 7% കുറഞ്ഞു. ആകെ 81.8 ബില്യൺ ഡോളർ ത്രൈമാസ വരുമാനമാണ് ഇത്തവണ ആപ്പിൾ നേടിയിരിക്കുന്നത്. പരമ്പരാഗതമായി, ഇത് ആപ്പിളിന് ഒരു 'സ്ലോ' ക്വാർട്ടർ ആണ്, കാരണം പുതിയ ഐഫോൺ ഉടൻ ലോഞ്ച് ചെയ്യും.
പുതിയ ഐഫോണിൽ ആപ്പിൾ എന്ത് വ്യത്യസ്തതയാണ് കൊണ്ടുവരുന്നത് എന്ന് അറിയാൻ ആപ്പിൾ ആരാധകർ സ്വാഭാവികമായും ആഗ്രഹിക്കും. അതിനാൽ അവർ നിലവിലുള്ള ഫോൺ വാങ്ങാനുള്ള നീക്കം നിർത്തിവച്ച് പുതിയഫോണിനായി കാത്തിരിക്കും. ഇത് സ്വാഭാവികമായും ഈ സമയത്ത് വിൽപ്പന കുറയ്ക്കും എന്ന് ആപ്പിൾ കണക്കുകൂട്ടുന്നു.
അതേസമയം ലോകമാകെയുള്ള കണക്കുകൾ എടുത്താൽ വരുമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തപ്പെട്ടെങ്കിലും ഇന്ത്യയുടെ കാര്യത്തിൽ ആപ്പിൾ ഏറെ സന്തുഷ്ടരാണ്. ഇത്തവണയും റെക്കോഡ് വിൽപ്പനയുമായി ഇന്ത്യയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ ആപ്പിളിന് സാധിച്ചു. ഇക്കാര്യം ആപ്പിൾ സിഇഒ ടിം കുക്ക് തന്നെ നേരിട്ട് വെളിപ്പെടുത്തുകയുണ്ടായി. വിൽപ്പനയിൽ ആപ്പിൾ ഇപ്പോൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് പ്രാധാന്യമുള്ള വിപണി എന്ന നിലയിൽ ഇന്ത്യയിൽ തങ്ങളുടെ വിപണി വിഹിതം കുറവാണ് എന്ന് ആപ്പിൾ സമ്മതിക്കുന്നു. അപ്പോൾപ്പോലും ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചെറുതല്ലാത്ത മുന്നേറ്റം കാഴ്ചവയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ടിം കുക്ക് പറയുന്നു. ആപ്പിൾ ഇന്ത്യയിൽ ഒരു പാദത്തിലെ റെക്കോർഡ് വരുമാനം നേടിയതായും ഇരട്ട അക്കത്തിലേക്ക് വളർന്നതായും കുക്ക് വെളിപ്പെടുത്തി.
ജൂൺ പാദത്തിൽ ഇന്ത്യയിൽ റെക്കോഡ് വരുമാനമാണ് നേടിയതെന്നും മുബൈയിലും ഡൽഹിയിലുമായി ആപ്പിളിന്റെ ആദ്യ റീട്ടെയിൽ ഷോപ്പുകൾ ആരംഭിച്ചത് ശക്തമായ ഇരട്ടയക്ക വളർച്ചയിലേക്ക് നയിച്ചതായും ടിം കുക്ക് പറഞ്ഞു. തങ്ങളുടെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പുകൾ കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം നിക്ഷേപകരോട് വ്യക്തമാക്കി. നിരവധി പേർ ആൻഡ്രോയിഡിൽനിന്ന് ഐഫോണിലേക്ക് മാറുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ വിപണിയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്ന് മനസിലാക്കുന്നതായും ആപ്പിൾ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും കുക്ക് എടുത്തുപറഞ്ഞു. ആപ്പിളിന് ഇന്ത്യ ഒരു വലിയ അവസരമാണ് നൽകുന്നതെന്ന് താൻ വിശ്വസിക്കുന്നതായും അവിടെ വിജയം കൈവരിക്കുന്നതിന് തങ്ങളുടെ എല്ലാ ഊർജ്ജവും വിനിയോഗിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിതരണ ശ്രിംഖല വ്യാപിപ്പിക്കുമെന്നും ഡയറക്ട് ടു കൺസ്യൂമർ ഓഫറുകളിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനു തുടർന്നും പ്രവർത്തിക്കുമെന്നും ടിം കുക്ക് പറഞ്ഞു. ചെറിയ വരുമാന ഇടിവിനിടയിലും ഇന്ത്യയിൽ കാഴ്ചവച്ച മുന്നേറ്റം ആപ്പിൾ വളരെ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ടിം കുക്കിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം ആപ്പിളിന്റെ വെയറബിൾ ഡിവൈസുകളായ ആപ്പിൾ വാച്ച്, എയർപോഡ്സ് എന്നിവയിൽനിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണമച്ചുള്ള 1 ബില്യണിലധികം സബ്സ്ക്രിപ്ഷനുകളുമായി ആപ്പിൾ ഈ പാദത്തിൽ റെക്കോഡ് വരുമാനം നേടിയാതായും ടിം കുക്ക് വ്യക്തമാക്കി. സബ്സ്ക്രിപ്ഷനിലൂടെ നേടുന്ന റെക്കോഡ് നേട്ടമാണ് ഇത്തവണ കുറിക്കപ്പെട്ടത്.


Click it and Unblock the Notifications








