ആപ്പിൾ ഹെബ്ബാൾ: മലയാളിയുടെ തൊട്ടടുത്ത് ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ വരുന്നു
പുതിയ ഐഫോൺ സീരീസ് ഇറങ്ങാൻ ഇനി ഒരു മാസത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. പുതിയ ഐഫോൺ 17 സീരീസ് വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇനി മലയാളിക്ക് വേണമെങ്കിൽ ആപ്പിൾ സ്റ്റോറിൽ നേരിട്ട് പോയി നോക്കി വാങ്ങാം, അതിന് മുംബൈയിലോ ഡൽഹിയിലോ പോകേണ്ടതില്ല. കാരണം ആപ്പിൾ തങ്ങളുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോർ ബംഗളുരുവിൽ ആരംഭിക്കാൻ പോകുന്നു. ആപ്പിൾ ഹെബ്ബാൾ എന്നാണ് ഈ സ്റ്റോറിന് പേരിട്ടിരിക്കുന്നത്. ബംഗളുരുവിൽ ആപ്പിൾ സ്റ്റോർ വരുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. കാരണം കേരളത്തിലെ ഒരു സ്ഥലം പോലെ തന്നെയാണ് പലർക്കും ബംഗളുരു.
നിലവിൽ മുംബൈയിലും ഡൽഹിയിലും ആണ് ആപ്പിൾ സ്റ്റോറുകൾ ഉള്ളത്. എന്നാൽ ആപ്പിൾ ഹെബ്ബാൾ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഔട്ട്‌ലെറ്റ് 2025 സെപ്റ്റംബർ 2 ന് ബംഗളുരുവിലെ ബ്യാതരായണപുരയിലെ ബെല്ലാരി റോഡിലുള്ള ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ തുറക്കും. ഇന്റർനാഷണൽ ലെവലിലുള്ള ആപ്പിൾ സ്റ്റോറുകളിലെ അതേ എക്സ്പീരിയൻസ് ഈ ആപ്പിൾ ഹെബ്ബാളിൽ ലഭിക്കും.

ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ
ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ആണ് ബംഗളുരുവിലേത്. മുംബൈയിലെ ആപ്പിൾ ബികെസിക്കും ന്യൂഡൽഹിയിലെ ആപ്പിൾ സാകേതിനും ശേഷമുള്ള മൂന്നാമത്തെ ഔദ്യോഗിക റീട്ടെയിൽ സ്റ്റോറായിരിക്കും ഇത്. സെപ്റ്റംബർ 2 ന് ഉച്ചയ്ക്ക് 1 മണിക്ക് ആണ് ഉദ്ഘാടനം. ഈ വർഷം അവസാനം യുഎഇയിലും ഇന്ത്യയിലും പുതിയ സ്റ്റോറുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ് ആപ്പിൾ.
ഇന്ത്യയിൽ കൂടുൽ സ്റ്റോറുകൾ
ഇപ്പോൾ ബംഗളുരുവിൽ തുറക്കാൻ പോകുന്ന ആപ്പിൾ സ്റ്റോറിന് പുറമേ പൂനെ, ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകളും മുംബൈയിൽ ഒരു രണ്ടാമത്തെ സ്റ്റോറും തുടങ്ങാൻ ആപ്പിളിന് പദ്ധതിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ റെക്കോഡ് വരുമാനമാണ് മുംബൈ, ഡൽഹി ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ആപ്പിൾ നേടിയത്. ഇത് കൂടുതൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിളിന് പ്രചോദനമായി.

ബംഗളുരുവിലെ ആപ്പിൾ ഹെബ്ബാൾ സ്റ്റോർ
ബംഗളുരുവിലെ പുതിയ റീട്ടെയിൽ സ്റ്റോർ ആപ്പിൾ ഹെബ്ബാൾ, ബെല്ലാരി റോഡിലെ ബെല്ലാരി റോഡിലുള്ള ഫീനിക്സ് മാൾ ഓഫ് ഏഷ്യയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മാളിന്റെ ഒന്നാം നിലയിൽ 8,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആരംഭിക്കുന്ന പുതിയ സ്റ്റോർ, ആപ്പിളിന്റെ ഡൽഹി ഔട്ട്‌ലെറ്റിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ട്.
ആപ്പിളിന്റെ മുംബൈയിലെ സ്റ്റോറിന്റെ അത്ര വലിപ്പമുണ്ടാകില്ലെങ്കിലും മികച്ച ജനപങ്കാളിത്തം ബംഗളുരുവിൽ പ്രതീക്ഷിക്കുന്നുണ്ട്. വലിപ്പത്തിന്റെ കാര്യത്തിൽ മുംബൈയിലെ ആപ്പിൾ സ്റ്റോർ ആണ് മുന്നിലുള്ളത്. മുംബൈ ബാന്ദ്രയിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിൽ 22,000 ചതുരശ്രയടി വിസ്തീർണത്തിൽ ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ സജ്ജമാക്കിയിരിക്കുന്നത്.
പുതിയ സ്റ്റോറിലെ സൗകര്യങ്ങൾ
ആപ്പിൾ ഹെബ്ബാളിൽ, ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ എല്ലാ ഡിവൈസുകളും പരിചയപ്പെടാനും പുതിയ ഫീച്ചറുകൾ എക്സ്പീരിയൻസ് ചെയ്യാനും സ്പെഷ്യലിസ്റ്റുകൾ, ക്രിയേറ്റീവുകൾ, പ്രതിഭകൾ, സമർപ്പിത ബിസിനസ്സ് ടീമുകൾ തുടങ്ങിയ ടീം അംഗങ്ങളിൽ നിന്ന് വിദഗ്ദ്ധ പിന്തുണ സ്വീകരിക്കാനും കഴിയും. ആപ്പിൾ ഹെബ്ബാളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് 'ടുഡേ അറ്റ് ആപ്പിൾ' സെഷനുകളായിരിക്കും.

'ടുഡേ അറ്റ് ആപ്പിൾ' സെഷനുകൾ
ഉപഭോക്താക്കൾക്ക് ആപ്പിൾ ഡിവൈസുകളെക്കുറിച്ച് കൂടുതലറിയാനും ആപ്പിളിന്റെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് പ്രായോഗിക എക്സ്പീരിയൻസ് നേടാനും സഹായിക്കുന്നതിനാണ് ഈ ഇന്ററാക്ടിങ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് മുതൽ സംഗീതം, കല, കോഡിംഗ് വരെയുള്ള ഈ സെഷനുകൾ ടെക്നോളജിയെ അടുത്തറിയാൻ ഉപയോക്താക്കളെ സഹായിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്തുകൊണ്ട് ഉപഭോക്താക്കൾക്ക് ഇതിൽ പങ്കെടുക്കാം.


Click it and Unblock the Notifications








