ഒഎസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കാസ്‌പെര്‍സ്‌കിയെ കൂട്ടുപിടിക്കുന്നു

Posted By: Staff

ഒഎസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കാസ്‌പെര്‍സ്‌കിയെ കൂട്ടുപിടിക്കുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഓപറേറ്റിംഗ് സിസ്റ്റമെന്ന് പേരുകേട്ട ആപ്പിള്‍ മാക് ഒഎസ് 10 ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആപ്പിള്‍ കാസ്‌പെര്‍സ്‌കിയുമായി സഹകരിക്കുന്നു. കഴിഞ്ഞ മാസം അഞ്ച് ലക്ഷത്തോളം മാക് സിസ്റ്റങ്ങളില്‍ ബോട്ട്‌നെറ്റ് പോലുള്ള അപകടകരങ്ങളായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആന്റി വൈറസ് രംഗത്തെ പ്രമുഖരാണ് റഷ്യന്‍ കമ്പനിയായ കാസ്‌പെര്‍സ്‌കി.

കഴിഞ്ഞ മാസമാണ് റഷ്യന്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയായ ഡോ: വെബ് ആപ്പിള്‍ ഒഎസ് എക്‌സില്‍ ബോട്ട്‌നെറ്റ് സാന്നിധ്യം കണ്ടെത്തിയത്. 500,000 മാക് കമ്പ്യൂട്ടറുകളെ ഇത് ബാധിച്ചിട്ടുണ്ട് എന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. അത് വരെ വൈറസ് ആക്രമണങ്ങള്‍ ഉണ്ടാകാത്ത ഒഎസ് സിസ്റ്റമെന്ന പേരായിരുന്നു ആപ്പിള്‍ ഒഎസ് 10നുണ്ടായിരുന്നത്. ബോട്ട്‌നെറ്റ് സാന്നിധ്യം കണ്ടെത്തിയതോടെ ആപ്പിള്‍ ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശത്തോടെ കാസ്‌പെര്‍സ്‌കിയുമായി സഹകരിക്കാന്‍ കമ്പനി തീരുമാനിച്ചത്.

ആപ്പിളുമായി സഹകരിക്കുന്ന കാര്യം കാസ്‌പെര്‍സ്‌കി ചീഫ് ടെക്‌നോളജി ഓഫീസര്‍ നിക്കോളായ ഗ്രബന്നിക്കോവ് പറഞ്ഞു. ഇതിലെ സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ച് പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാക് ഒഎസില്‍ ആക്രമണസാധ്യത ഏറെയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ഇത് വരെ ആപ്പിള്‍ മാക് സിസ്റ്റങ്ങളുടെ ഉപയോഗം കുറഞ്ഞതായിരുന്നു സുരക്ഷാ പ്രശ്‌നങ്ങള്‍ കാര്യമായി ഇല്ലാതെ നീങ്ങാന്‍ കമ്പനിയെ സഹായിച്ചത്. എന്നാല്‍ അനുദിനം മാക് സിസ്റ്റങ്ങളുടെ വിപണി വര്‍ധിക്കുന്നതിനാല്‍ സുരക്ഷാഭീഷണികള്‍ ഉയരുമെന്ന കണക്കുകൂട്ടലും മികച്ച പരിഹാരം കണ്ടെത്താന്‍ കമ്പനിയെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. .

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot