ഹബീബീ... വെൽക്കം ടു ഇന്ത്യ! ആപ്പിൾ ഇന്റലിജൻസ് ഇന്ത്യയിലെത്തുന്നു
സസ്‌പെൻസുകൾ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ടെക് കമ്പനിയാണ് ആപ്പിൾ. എന്തിനും ഏതിനും സസ്‌പെൻസുകളും ഒടുവിൽ ത്രില്ലിങ് ക്ലൈമാക്‌സുകളും കൊണ്ടുവരും. നല്ലൊരു സിനിമ കണ്ടിറങ്ങുന്ന അനുഭവമാണ് ആപ്പിളിന്റെ പ്രൊഡക്ട് റൂമറുകളും ഇടക്കുള്ള വെളിപ്പെടുത്തലുകളും അവസാനിക്കുന്ന ഗംഭീര ലോഞ്ചിങും അടക്കം ടെക് ആരാധകർക്ക് നൽകാറുള്ളത്. ഒടുവിൽ പുറത്തിറങ്ങിയ ഐഫോൺ 16e യുടെ കാര്യത്തിലേക്ക് വന്നാൽ ഈ പറഞ്ഞ കാര്യം വളരെ വാസ്തവമാണെന്ന് മനസ്സിലാക്കാം. എന്നാൽ കാര്യം അതൊന്നുമല്ല. വീണ്ടും ആരാധകരെ ആവേശത്തിലാക്കി ആപ്പിൾ ഗംഭീര പ്രഖ്യാപനം നടത്തിയിരിക്കുന്നു, ആപ്പിൾ ഇന്റലിജൻസ് നമ്മുടെ ഇന്ത്യയിലേക്കും വരുന്നു. ഇന്ത്യൻ ഉപയോക്താക്കളുടെ ഏറെകാലത്തെ ആവശ്യത്തിനാണ് ഒടുവിൽ തിരശ്ശീല വീഴുന്നത്.
ഏപ്രിലിലാണ് ഇന്ത്യയിൽ ഇന്റലിജൻസിന്റെ സേവനം ലഭ്യമാവുക എന്നാണ് ആപ്പിൾ അധികൃതർ വെളുപ്പെടുത്തിയിരിക്കുന്നത്. iOS 18.4 അപ്ഡേറ്റിൻറെ ഭാഗമായിട്ടാണ് ആപ്പിൾ ഇൻറലിജൻസ് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലെത്തുക. തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്. ആപ്പിൾ ബജറ്റ് ഫ്രണ്ട്ലി ഐഫോൺ 16E ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

അതേസമയം ആപ്പിൾ തങ്ങളുടെ AI-യിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഇന്റലിജൻസ് ഇപ്പോൾ കൂടുതൽ ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ബ്രസീലിയൻ പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് എന്നീ ഭാഷകൾ അപ്‌ഡേറ്റ് ചെയ്യും. കൂടാതെ, ഇന്ത്യയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ഇംഗ്ലീഷ് പതിപ്പുകളും ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്.
ഐഫോൺ 16eയുടെ ലോഞ്ചോടുകൂടി എല്ലാ ആപ്പിൾ ആരാധകരുടെയും ശ്രദ്ധാകേന്ദ്രം ഈ ഫോണായിരുന്നു. എന്നാൽ iOS 18.4 അപ്‌ഡേഷൻ ഇടൻ വരുമെന്നും ഇത് വന്നാൽ ഇന്ത്യയിലും ആപ്പിൾ ഇൻറലിജൻറ്‌സ് ഉപയോഗിക്കാമെന്നും കൂടി അറിഞ്ഞതോടെ ആരാധകർ ഏറെ ആവേശത്തിലാണ്. ഡെവലപ്പർമാർക്ക് ബീറ്റ പതിപ്പിലൂടെ ഈ സവിശേഷതകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

iOS 18.4 ബീറ്റ പതിപ്പ് ഇതിനകം തന്നെ ചില ആവേശകരമായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത് നോട്ടിഫിക്കേഷനുകൾക്ക് പ്രയോരിറ്റി കൊടുക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടവ ഹൈലൈറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കളെ അവരുടെ അലേർട്ടുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കാനാണ് ഈ AI പവർഡ് ടൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അപ്‌ഡേഷൻ വന്നാൽ പ്രൈവസിയെ ബാധിക്കുമെന്ന് കരുതേണ്ട. ഒന്നുകൂടി സുരക്ഷിതമാക്കുകയാണ് ചെയ്യുകയെന്ന് ഉപയോക്താക്കൾക്ക് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. കൂടുതൽ സങ്കീർണ്ണമായ AI പ്രോസസ്സിംഗ് ആവശ്യമുള്ള ജോലികൾക്കായി ആപ്പിൾ അതിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സിസ്റ്റത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട.
ഏപ്രിലിൽ iOS 18.4, ഐപാഡ്ഒഎസ് 18.4, മാക്OS സെക്വോയ 15.4 എന്നിവ പുറത്തിറങ്ങുന്നതോടെ ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പുതിയ ഭാഷകൾ ആക്സസ് ചെയ്യാൻ കഴിയും. ആപ്പിൾ ഇൻറലിജൻസ് ഈ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.
ഈ അപ്ഡേറ്റിലൂടെ, ഇന്ത്യയിലെ ഐഫോൺ, ഐപാഡ്, മാക് ഉപയോക്താക്കൾക്ക് റൈറ്റിംഗ് ടൂളുകൾ, സ്മാർട്ട് റിപ്ലൈ, ചാറ്റ്ജിപിടി സംയോജനം തുടങ്ങിയ വിപുലമായ എഐ സവിശേഷതകളിലേക്ക് ഉടൻ ആക്സസ് ലഭിക്കും. ഇത് ഈ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തും. ഏതായാലും കാത്തിരിപ്പിലാണ് ഇന്ത്യയിലെ ആപ്പിൾ ആരാധകർ.


Click it and Unblock the Notifications








