വരൂ നമുക്ക് പുതിയ ഐഫോൺ ഉണ്ടാക്കാം! ആപ്പിൾ കരാർ കമ്പനിയായ ഫോക്സ്കോൺ ഇന്ത്യയിൽ ജീവനക്കാരെ നിയമിക്കുന്നു
ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരും, ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളുടെ കരാർ നിർമ്മാതാക്കളുമായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ തയാറെടുക്കുന്നു. തായ്വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോൺ നിലവിൽ ഇന്ത്യയിൽ ഏറ്റവും പുതിയ ഐഫോൺ 15 മോഡൽ ഉൾപ്പെടെ നിർമിക്കുന്നുണ്ട്.
അധികം വൈകാതെ പുതിയ ഐഫോൺ 15 പ്ലസ് മോഡലിന്റെ നിർമാണവും ഫോക്സ്കോൺ തങ്ങളുടെ ചെന്നൈയിലെ പ്ലാന്റിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനം വിപുലീകരിക്കുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ പ്രതിനിധി തന്നെ ഇപ്പോൾ ലിങ്ക്ഡ്ഇന്നിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരാണ് ഫോക്സ്കോൺ.

ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനിയുടെ തീരുമാനം. ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73-ാം ജന്മദിനത്തിൽ ഫോക്‌സ്‌കോണിന്റെ ഇന്ത്യയിലെ പ്രതിനിധി വി ലീയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ തമിഴ്നാട്ടിലെ ഫോക്സ്കോൺ ഐഫോൺ പ്ലാന്റിൽ ഏകദേശം 40000 തൊഴിലാളികളാണ് ഉള്ളത്. പുതിയതായി എത്ര തൊഴിലാളികളെ നിയമിക്കും എന്നതിന്റെ കൃത്യമായ കണക്ക് അദ്ദേഹം പരാമർശിച്ചിട്ടില്ല.
"ഹാപ്പി ബർത്ത്ഡേ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി. നിങ്ങളുടെ നേതൃത്വത്തിൽ ഫോക്‌സ്‌കോൺ ഇന്ത്യയിൽ സുഗമമായും വേഗത്തിലും വളർന്നു. അടുത്ത വർഷം നിങ്ങൾക്ക് ഒരു മികച്ച ജന്മദിന സമ്മാനം നൽകുന്നതിന് ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും. എഫ്ഡിഐ, ഇന്ത്യയിലെ ബിസിനസ് വർധിപ്പിക്കും, തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കും." എന്നായിരുന്നു വി ലീ തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചത്.
ചൈനയും ആപ്പിളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ മൂലം ചൈനയ്ക്ക് പുറത്തേക്ക് ഐഫോൺ നിർമാണം വ്യാപിപ്പിക്കാൻ ആപ്പിൾ ശ്രമം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാകാം ആപ്പിളിന്റെ ഏറ്റവും വലിയ കരാർ കമ്പനിയായ ഫോക്സ്കോൺ ദക്ഷിണേന്ത്യയിലെ തങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഫോക്സ്കോണിന്റെ നീക്ക്ത്തിന് തെളിവാണ് ഇപ്പോഴത്തെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 53,000 തൊഴിലാളികളെ കൂടി റിക്രൂട്ട് ചെയ്യാനും ഇന്ത്യയിൽ 70,000 ത്തോളം തൊഴിലാളികളെ വികസിപ്പിക്കാനും ഫോക്സ്കോണിന് പദ്ധതിയുണ്ടെന്ന് കഴിഞ്ഞ വർഷം അവസാനം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റിൽ, ഫോക്സ്കോൺ രണ്ട് പ്രോജക്ടുകൾക്കായി കർണാടകയിൽ 600 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന വാർത്തയും അടുത്തിടെ വന്നിരുന്നു.
ഐഫോണുകൾക്കായുള്ള കേസിംഗ് പാർട്സുകളുടെയും ചിപ്പ് നിർമ്മാണത്തിനുള്ള ഉപകരണങ്ങളുടെയും നിർമ്മാണത്തിനായാണ് കർണാടകയിൽ ഫോക്സ്കോൺ നിക്ഷേപം നടത്തുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന ഒരു വരുമാന ബ്രീഫിംഗിൽ, ഫോക്‌സ്‌കോണിന്റെ ചെയർമാൻ ലിയു യംഗ്-വേ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബില്യൺ ഡോളറിന്റെ നിക്ഷേപം ഒരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോൾ ഇന്ത്യയിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്ന ഫോക്‌സ്‌കോണിന്റെ പ്രസ്താവനയെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. ഫോക്സ്കോണിന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് ട്വിറ്ററിൽ (ഇപ്പോൾ എക്സ്) പങ്കുവച്ച പോസ്റ്റിലൂടെ അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫോക്സ്കോണിനെ പിന്തുണയ്ക്കാനും പ്രവർത്തനം സുഗമമാക്കാനും സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ് എന്ന് അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെ നിരവധി പേർക്ക് തൊഴിൽ അവസരം നൽകും എന്നതിനൊപ്പം ഐഫോൺ നിർമാണത്തിലെ വളർച്ചയിലൂടെ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റാനും ഇന്ത്യക്ക് സാധിക്കും. നിലവിൽ ചൈനയാണ് ഐഫോൺ നിർമാണത്തിൽ മുന്നിൽ. പുതിയ സീരീസിലെ ഐഫോൺ 15 മോഡൽ മാത്രമാണ് ഇന്ത്യയിൽ നിർമിക്കുന്നത്. അതും ചൈനയെ അപേക്ഷിച്ച് വളരെ പരിമിതമായ അളവിൽ.
എന്നാൽ ഫോക്സ്കോൺ ഇന്ത്യയിൽ തങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാൽ ഐഫോൺ നിർമാണത്തിൽ ഈ വർഷം കാര്യമായ വളർച്ച പ്രകടമാകും. ഐഫോൺ 15 പ്ലസ് മോഡലുകളുടെ നിർമാണം ഇന്ത്യയിലേക്ക് എത്തുന്നു എന്നതും നേട്ടമാകും. ചൈനലെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ആപ്പിളിന്റെ നീക്കങ്ങൾ ഇന്ത്യക്ക് കൂടുതൽ സാധ്യതകൾ തുറന്നുനൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








