ഗൂഗിള്‍ പടിക്ക് പുറത്ത്; ആപ്പിളിന് പ്രിയം ഫെയ്‌സ്ബുക്കിനോട്

Posted By: Staff

ഗൂഗിള്‍ പടിക്ക് പുറത്ത്; ആപ്പിളിന് പ്രിയം ഫെയ്‌സ്ബുക്കിനോട്

ആപ്പിള്‍ ഇന്നലെ സംഘടിപ്പിച്ച ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഒരു കാര്യത്തിന് തീരുമാനമായി, ഗൂഗിള്‍ വേണ്ട ഫെയ്‌സ്ബുക്ക് മതിയെന്ന്. സ്റ്റീവ് ജോബ്‌സ് ഓര്‍മ്മയായിട്ടും ആപ്പിളിന് ഇപ്പോഴും ഗൂഗിളിനോടുള്ള വൈരാഗ്യം കുറഞ്ഞിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഇന്നലെ ഗൂഗിളിന് നേരെയുണ്ടായ നീക്കം.

ഐഫോണ്‍, ഐപാഡ് ഉത്പന്നങ്ങളില്‍ ഇത് വരെ ലഭ്യമായിരുന്ന ഗൂഗിള്‍ മാപ്‌സിന്റെ ബില്‍റ്റ് ഇന്‍ സൗകര്യം നീക്കം ചെയ്തിരിക്കുകയാണ് ആപ്പിള്‍. അതേ സമയം ഫെയ്‌സ്ബുക്ക് ഉപയോഗം കൂടുതല്‍ എളുപ്പമുള്ളതുമാക്കി. ആപ്പിളിന്റെ 23മത് വാര്‍ഷിക ഡെവലപേഴ്‌സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഐഒഎസ്6 വേര്‍ഷനിലാണ് ഈ മാറ്റങ്ങള്‍ വന്നിട്ടുള്ളത്.

ഐഒഎസ്6 മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഗൂഗിളിന്റെ മാപ്പിംഗ് സേവനത്തിന് പകരം ആപ്പിള്‍ തന്നെ ഒരു സോഫറ്റ്‌വെയര്‍ ഉള്‍പ്പെടുത്തുന്നതാണ്. ഗൂഗിള്‍ മാപ്‌സ് തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആപ്പിള്‍ ഉപയോക്താക്കള്‍ സ്വയം ആ ആപ്ലിക്കേഷന്‍ കണ്ടെത്തി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു കൊള്ളണം.

ഗൂഗിള്‍ മാപ്‌സിനെ ആപ്പിള്‍ പ്ലാറ്റ്‌ഫോം കൈവിടുന്നത് മാത്രമല്ല, പകരം മറ്റൊരു മാപ്പിംഗ് സേവനം അവതരിപ്പിക്കുക കൂടി ചെയ്തതാണ് ഗൂഗിളിനെ സംബന്ധിച്ച് വെല്ലുവിളിയാകുന്നത്. തെരഞ്ഞ് കണ്ടുപിടിച്ച് ഗൂഗിള്‍ മാപ് ഉപയോഗിക്കുന്നവര്‍ ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ വിരളമായിരിക്കുകയും ചെയ്യും. കൂടാതെ ഇപ്പോള്‍ മൊബൈല്‍ പരസ്യവരുമാനം ഗൂഗിളിന് വളരെ കുറഞ്ഞിരിക്കുകയുമാണ്.

2007ല്‍ ഐഫോണ്‍ പുറത്തിറക്കിയപ്പോള്‍ ഉള്ളതാണ് അതില്‍ ഗൂഗിളിന്റെ മാപ് ആപ്ലിക്കേഷന്‍. ആ സമയം ഗൂഗിളും ആപ്പിളും തമ്മില്‍ നല്ല അടുപ്പമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ആന്‍ഡ്രോയിഡിന്റെ വരവോടെ ആപ്പിളും ഗൂഗിളും തമ്മില്‍ അകല്‍ച്ച തുടങ്ങുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ ജീവചരിത്ര ഗ്രന്ഥകര്‍ത്താവായ വാള്‍ട്ടര്‍ ഐസക്‌സണിനോട് ജോബ്‌സ് പറഞ്ഞ കാര്യവും ആ അകല്‍ച്ച മാറിയില്ലെന്നതിന് ഉദാഹരണമാണ്. ആന്‍ഡ്രോയിഡിനെ ആപ്പിളില്‍ നിന്നുള്ള ഒരു വന്‍ മോഷണമായാണ് അന്ന് ജോബ്‌സ് വിവരിച്ചതത്രെ.

ഗൂഗിളിന് മുഖത്തേറ്റ അടിയായാണ് ഈ സംഭവമെന്ന് ജോബ്‌സിനെ ദീര്‍ഘകാലമായി അറിയുന്ന വിപണി നിരീക്ഷകനായ ടിം ബജാരിന്റെ അഭിപ്രായം. ആപ്പിളിന് ഒരിക്കലും ആന്‍ഡ്രോയിഡിന് മേല്‍ തടയിടാന്‍ ആകില്ലായിരിക്കാം. എങ്കിലും ഇനി ഒരിക്കലും ആപ്പിളില്‍ നിന്ന് പരസ്യവരുമാനം ഗൂഗിളിന് എത്തിക്കില്ലെന്ന ഉറച്ച തീരുമാനം ഗൂഗിള്‍ മാപ്‌സിനെ പുറത്താക്കിയതില്‍ നിന്നും വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിനും വെല്ലുവിളി സൃഷ്ടിക്കുകയാണ് ഫെയ്‌സ്ബുക്കിനെ പുതിയ ഒഎസില്‍ ഉള്‍പ്പെടുത്തിയതിലൂടെ ആപ്പിള്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഐഒഎസ് വേര്‍ഷനെ കൂടാതെ പുതിയ ലാപ്‌ടോപ്, മാക് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ പുതിയ സൗകര്യങ്ങള്‍ എന്നിവയും ആപ്പിള്‍ ഇന്നലെ അവതരിപ്പിക്കുകയുണ്ടായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot