ആപ്പിള്‍ ഐഫോണ്‍ 5 ജൂണില്‍?

Posted By: Staff

ആപ്പിള്‍ ഐഫോണ്‍ 5 ജൂണില്‍?

 

ആപ്പിളിന്റെ ഐഫോണ്‍ 5 വേര്‍ഷന്‍ ജൂണില്‍ അവതരിപ്പിക്കാന്‍ സാധ്യത. കമ്പനിയുടെ വാര്‍ഷിക വേള്‍ഡ്‌വൈഡ് ഡെവലപേഴ്‌സ് കോണ്‍ഫറന്‍സില്‍ വെച്ച് പുതിയ ഐഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 11 മുതല്‍ 15 വരെയാണ് കോണ്‍ഫറന്‍സ് നടക്കുക.

ജപ്പാന്‍ ടിവി ചാനലായ ടിവി ടോക്യോയാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ചൈനയിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഫാക്റ്ററിയില്‍ 18,000 ജീവനക്കാരെ അധികം റിക്രൂട്ട് ചെയ്യുമെന്ന് ഒരു ഫാക്റ്ററി ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് റിപ്പോര്‍ട്ടിനാധാരം. ജൂണാകുമ്പോഴേക്കും ഐഫോണ്‍ 5ന്റെ ഉത്പാദനം പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഫോക്‌സ്‌കോണ്‍ റിക്രൂട്ടര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആപ്പിള്‍ ഐഫോണ്‍ വേര്‍ഷനുകള്‍ ഇറക്കാറുള്ളത് വേള്‍ഡ്‌വൈഡ് ഡെവലപേഴ്‌സ് കോണ്‍ഫറന്‍സില്‍ വെച്ചാണ്. ഇത്തവണയും ആ പതിവ് തെറ്റിക്കില്ല എന്ന കണക്കുകൂട്ടലും ജൂണില്‍ തന്നെയാകും ഐഫോണ്‍ 5 ഇറക്കുകയെന്ന റിപ്പോര്‍ട്ടിന് ശക്തി നല്‍കുന്നു. മാത്രമല്ല അടുത്തിടെ ആപ്പിള്‍ സിഇഒ ടിം കുക്ക്  ഫോക്‌സ്‌കോണ്‍ ഫാക്റ്ററി സന്ദര്‍ശിച്ചിരുന്നു.

ഇതിന് മുമ്പ് ഒരു ദക്ഷിണകൊറിയന്‍ മാധ്യമവും ജൂണില്‍ ഐഫോണിന്റെ ആറാമത്തെ വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണിന് 4.6 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയാണുണ്ടാകുകയെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐപാഡിലും എച്ച്ഡി റെറ്റിന ഡിസ്‌പ്ലെയാണ്  കമ്പനി ഉള്‍പ്പെടുത്തിയത്.

ഒരിക്കല്‍ മാത്രമാണ് ആപ്പിള്‍ ഐഫോണ്‍ അവതരണം ഈ കോണ്‍ഫറന്‍സില്‍ വെച്ച് നടത്താതിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഐഫോണ്‍ 4എസ്  അവതരണം. ആപ്പിളിന്റെ ആകെ വില്പനയുടെ പകുതിയോളം വരുമാനം ഐഫോണ്‍ വില്പനയില്‍ നിന്നാണ്് ലഭിക്കുന്നത്. 2007ലാണ് ഐഫോണ്‍ സ്മാര്‍ട്‌ഫോണിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot