തന്ത്രപരമായി ആൻഡ്രോയിഡ് ഫോണുകളെ അടിക്കാൻ ആപ്പിൾ; ഐഫോൺ ലോഞ്ച് ടൈം പൊളിച്ചെഴുതുന്നു
സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകൾ ഒരു വശത്തും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മറുവശത്തുമായി ആണ് നിലയുറപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ കിടിലൻ ഫീച്ചറുകളുമായി വർഷം മുഴുവൻ പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ആപ്പിളിനെ സംബന്ധിച്ചിടത്തോളം വർഷത്തിൽ ആകെ ഒരു പ്രധാന ലോഞ്ച് മാത്രമാണ് ഉള്ളത്. ഒരു ഫാൻ എഡിഷൻ പിന്നീട് എപ്പോഴെങ്കിലും ഇറക്കിയാലും അതിന് അത്ര പ്രാധാന്യം ലഭിക്കാറില്ല. ആകെ നാല് മോഡലുകൾ, അത് നാലും ഒറ്റയടിക്ക് പുറത്തിറക്കേണ്ടി വരുന്നു എന്നത് ആപ്പിളിനെ സംബന്ധിച്ച് ഒരുപാട് തിരിച്ചടികൾക്ക് കാരണമാകുന്നുണ്ട്.
ഐഫോൺ ലോഞ്ചിൽ പതിവ് ശൈലികളോട് വിട പറഞ്ഞ് അടുത്ത വർഷം മുതൽ പല ഘട്ടങ്ങളിലായി പുതിയ ഐഫോൺ സീരീസ് പുറത്തിറക്കാൻ ആപ്പിൾ ആലോചിക്കുന്നതായി റിപ്പോർട്ട്. അതായത് എല്ലാ മോഡലുകളും സെപ്റ്റംബറിൽ നടക്കുന്ന ഒരു പ്രധാന ലോഞ്ച് ഇവന്റിൽ പുറത്തിറക്കുന്ന സ്ഥിരം രീതിയിൽ നിന്ന് മാറി, ഐഫോൺ 18 സീരീസിന്റെ അരങ്ങേറ്റം രണ്ട് വ്യത്യസ്ത ഇവന്റുകളായി വിഭജിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഇനി വരാനുള്ളത് ഐഫോൺ 17 സീരീസ് ആണ്. അത് പതിവ് പോലെ ഈ വർഷം സെപ്റ്റംബറിൽ തന്നെ അവതരിപ്പിക്കപ്പെടും. ഐഫോൺ 18 സീരീസ് മുതലാകും രണ്ട് ഘട്ടമായി ഐഫോണുകൾ പുറത്തിറക്കുക. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, പുതിയ മോഡലായി എത്തുന്ന ഐഫോൺ 18 സ്ലിം (അല്ലെങ്കിൽ ഐഫോൺ എയർ) എന്നിവ ഒന്നിച്ചും സ്റ്റാന്റേർഡ് മോഡൽ പിന്നീടും പുറത്തിറക്കാനാണ് ആലോചന.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളോട് മത്സരിക്കണമെങ്കിൽ വ്യത്യസ്തമായ ആക്രമണ രീതി പുറത്തെടുക്കണമെന്ന് ആപ്പിൾ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമാണ് ഈ ലോഞ്ച് ടൈം മാറ്റം ആലോചന. വിശകലന വിദഗ്ദ്ധനായ മിംഗ്-ചി കുവോയും ദി ഇൻഫർമേഷനും ആപ്പിളിന്റെ ഐഫോൺ ലോഞ്ച് ടൈം മാറ്റത്തെ ശരിവയ്ക്കും വിധത്തിൽ സൂചനകൾ പങ്കുവച്ചിട്ടുണ്ട്.

നിലവിലെ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആറ് മാസത്തിനുള്ളിൽ രണ്ട് പ്രധാന ഐഫോൺ ഇവന്റുകൾ നടത്തുന്ന രീതിയിലേക്ക് ആപ്പിൾ മാറാൻ പോകുകയാണ്. ഐഫോൺ സീരീസിലെ പ്രീമിയം മോഡലുകൾ 2026 അവസാനത്തോടെയും, കൂടുതൽ ബജറ്റ് സൗഹൃദ ഓപ്ഷനുകൾ 2027 ആദ്യ പകുതിയിലെ ഇവന്റിലും അവതരിപ്പിക്കാനാണ് നീക്കം.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ ഇനിയുള്ള ഐഫോൺ ലോഞ്ചുകൾ ഒരുപക്ഷേ ഇപ്രകാരമായിരിക്കും: 2025 ന്റെ രണ്ടാം പകുതിയിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 സ്ലിം (എയർ) എന്നിവ പുറത്തിറക്കുക. 2026ന്റെ ആദ്യ പകുതിയിൽ ഐഫോൺ 17e ലോഞ്ച് ചെയ്യുക.
2026 രണ്ടാം പകുതിയിൽ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കുക, ഒപ്പം ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ 18 സ്ലിം എന്നിവയും ലോഞ്ച് ചെയ്യുക. 2027 ആദ്യ പകുതിയിൽ ഐഫോൺ 18, ഐഫോൺ 18e എന്നിവ ലോഞ്ച് ചെയ്യുക.

2027ന്റെ രണ്ടാം പകുതിയിൽ ഫോൾഡബിൾ ഐഫോൺ 2 ലോഞ്ച് ചെയ്യുക. ഒപ്പം, ഐഫോൺ 19 പ്രോ സീരീസ്, ഐഫോൺ 19 സ്ലിം എന്നിവ ലോഞ്ച് ചെയ്യുക. ഇങ്ങനെയാണ് ആപ്പിൾ ആലോചിക്കുന്നത് എന്നാണ് ലീക്ക് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിൽ നേടുന്ന ആധിപത്യത്തെ നേരിടാനാണ് ഈ ലോഞ്ച് ടൈം മാറ്റം എന്നാണ് റിപ്പോർട്ട്.
വർഷത്തിന്റെ രണ്ട് പകുതികളിലായി ഐഫോൺ ലോഞ്ച് നീട്ടുന്നതിലൂടെ, ഡിസംബർ മുതൽ ജനുവരി വരെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന പ്രവണത കാണിക്കുന്ന സാംസങ്, വൺപ്ലസ്, വിവോ തുടങ്ങിയ ബ്രാൻഡുകളുടെ മാർക്കറ്റിംഗ് തന്ത്രം പൊളിക്കാൻ ആപ്പിൾ ലക്ഷ്യമിടുന്നുണ്ടാകാം. ആപ്പിളിന്റെ അൾട്രാ-പ്രീമിയം മോഡലുകളും സ്റ്റാന്റേർഡ് മോഡലും വ്യക്തമായി വേർതിരിക്കാനുള്ള ശ്രമമായും ആപ്പിളിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.
ഐഫോണുകളുടെ ലോഞ്ചിലും മോഡലിലും കാര്യമായ മാറ്റങ്ങൾ ആണ് ഇനി ഉണ്ടാകാൻ പോകുന്നത് എന്ന് ഉറപ്പാണ്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഉൾപ്പെടെ 2026ൽ പുറത്തിറങ്ങും. ഒരുലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്മാർട്ട്ഫോണുകളുടെ മേഖലയിൽ കൂടുതൽ ആധിപത്യം നേടാൻ ആപ്പിൾ ശ്രമിച്ചേക്കാം എന്നാണ് റിപ്പോർട്ട്. ഈ നീക്കങ്ങളൊക്കെ ഫലം കാണുമോ എന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാത്രമേ വ്യക്തമാകൂ.


Click it and Unblock the Notifications








