സാറ്റലൈറ്റ് കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കാൻ ആപ്പിൾ; നെറ്റ്വർക്ക് ഇല്ലെങ്കിലും മാപ്പും മെസേജും ഉപയോഗിക്കാം
ആപ്പിൾ തങ്ങളുടെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. 2022-ൽ ഐഫോൺ 14 സീരീസിലൂടെയാണ് ആപ്പിൾ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ അവതരിപ്പിച്ചത്. മൊബൈൽ കവറേജ് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പ്രതിസന്ധികളിൽ അകപ്പെടുന്നവർക്ക് അടിയന്തര സഹായം (SoS) തേടാൻ സഹായിക്കും എന്നതായിരുന്നു ആപ്പിളിന്റെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറിന്റെ സവിശേഷത. പിന്നീട് കുറഞ്ഞ നെറ്റ്‌വർക്ക് കണക്ടിവിറ്റിയുള്ള പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവർമാർക്കായി റോഡ്‌സൈഡ് അസിസ്റ്റൻസ് ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചു. എന്നാൽ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ അവതരിപ്പിച്ചതിന് ശേഷമുള്ള പ്രധാന അപ്ഗ്രേഡ് ആണ് ഇപ്പോൾ വരാൻ പോകുന്നത്.
സിഗ്നൽ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഉപയോക്താക്കൾക്ക് നാവിഗേറ്റ് ചെയ്യാനോ ചാറ്റ് ചെയ്യാനോ കഴിയുന്ന തരത്തിലേക്ക് ആപ്പിൾ മാപ്‌സിലേക്കും മെസേജുകളിലേക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരാൻ ആപ്പിൾ തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ഐഫോണുകൾക്ക് ലഭിക്കുന്ന വലിയൊരു നേട്ടമായിരിക്കും എന്ന് കരുതപ്പെടുന്നു.

നിലവിലെ പരിമിതമായ ഫീച്ചർ ഉപയോഗിച്ച് പോലും ആപ്പിളിന്റെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ മെസേജിങ് ഉൾപ്പെടെയുള്ള കൂടുതൽ ഫീച്ചറുകൾ എത്തുന്നതോടെ സാറ്റലൈറ്റ് കണക്ടിവിറ്റി ഐഫോണുകളെ ലോകത്തെ ഏറ്റവും ശക്തമായ ഡിവൈസാക്കി മാറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
മാപ്പ്, മെസേജ് എന്നീ സേവനങ്ങളിലേക്ക് സാറ്റലൈറ്റ് കണക്ടിവിറ്റിയെ ബന്ധിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നതായി ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാപ്‌സ്, മെസേജസ് പോലുള്ള ദൈനംദിന ഉപയോഗമുള്ള സേവനങ്ങൾ ഓഫ്-ഗ്രിഡിലും പ്രവർത്തിക്കാൻ ആപ്പിൾ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായാണ് സാറ്റലൈറ്റ് കണക്ടിവിറ്റിയുമായി ഇവയെ ബന്ധിപ്പിക്കാൻ ശ്രമിച്ചുവരുന്നത്.
ആപ്പിളിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഗ്രൂപ്പ് ഐഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ടെക്നോളജി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ആപ്പിളിന്റെ എസ്‌ഒഎസ് ഫീച്ചറിന് പിന്നിൽ പ്രവർത്തിച്ച സാറ്റലൈറ്റ് ഓപ്പറേറ്ററായ ഗ്ലോബൽസ്റ്റാറുമായി ചേർന്നാണ് ആപ്പിൾ ടീം പുതിയ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറുകൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നത്.
സ്വാഭാവികമായി ഐഫോൺ ഉപയോഗിക്കും പോലെ തന്നെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറുകൾ ലഭ്യമാക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഫോൺ പോക്കറ്റിലോ കാറിലോ ബാഗിലോ ആയിരിക്കുമ്പോൾ പോലും സാറ്റലൈറ്റ് കണക്ടിവിറ്റി ബന്ധം നിലനിർത്താൻ സാധ്യമാകുന്ന നിലയിലേക്ക് ടെക്നോളജി വികസിപ്പിക്കാൻ ശ്രമം നടക്കുന്നു. തേർഡ്പാർട്ടി ഡെവലപ്പർമാർക്ക് തങ്ങളുടെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഫീച്ചർ തുറന്നുകൊടുക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ മറ്റൊരുകാര്യം.
അതായത്, ഗൂഗിൾ തീരുമാനിക്കുകയാണെങ്കിൽ ഐഫോണുകളിലെ ഗൂഗിൾ മാപ്‌സുമായി സാറ്റലൈറ്റ് പ്രവർത്തനം സംയോജിപ്പിക്കാൻ കഴിയും. ഇനി വരാൻ പോകുന്ന ഐഫോൺ 18 സീരീസിൽ ആപ്പിൾ 5G NTN (നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്ക്സ്) പിന്തുണ ഉറപ്പാക്കിയേക്കും എന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത് മൊബൈൽ ടവറുകളും ഉപഗ്രഹങ്ങളും സംയോജിപ്പിച്ച് കൂടുതൽ ശക്തവും വിശാലവുമായ കവറേജ് വാഗ്ദാനം ചെയ്യുന്നു.
ഐഫോണിന്റെ സാറ്റലൈറ്റ് കണക്റ്റിവിറ്റിയുടെ അടിസ്ഥാന ഫീച്ചറുകൾ സൗജന്യമായിരിക്കും, പക്ഷേ കൂടുതൽ ഫീച്ചറുകൾ ലഭ്യമാകണമെങ്കിൽ അധികമായി പണം നൽകേണ്ടി വന്നേക്കാമെന്നും ഗുർമാൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു. തങ്ങളുടെ ഐഫോൺ ഉപയോക്താക്കൾ എവിടെയായിരുന്നാലും കണക്ടായിരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ആപ്പിൾ പുതിയ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറുകളിൽ പ്രവർത്തിച്ചുവരുന്നത് എന്നാണ് റിപ്പോർട്ട്. ഈ നീക്കം സ്മാർട്ട്ഫോണുകൾക്കിടയിലെ മത്സരത്തിൽ ആപ്പിളിനെ മുന്നിലെത്തിക്കാനും സഹായിക്കും.
നെറ്റ്വർക്ക് ലഭ്യമല്ലാത്തപ്പോൾ ടെക്സ്റ്റ് മാത്രമല്ല, ഫോട്ടോകൾ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന മെസേജിങ് ഓപ്ഷനും സാറ്റലൈറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇവിടെ എടുത്തുപറയേണ്ട മറ്റൊരുകാര്യം ഇതിനകം അവതരിപ്പിച്ചിട്ടുള്ള ആപ്പിൾ സാറ്റലൈറ്റ് ഫീച്ചർ ഇന്ത്യയിൽ ലഭ്യമായിട്ടില്ല എന്നുള്ളതാണ്. എങ്കിലും പുതിയ ഫീച്ചറുകൾ വിജയകരമായി അവതരിപ്പിക്കപ്പെട്ടാൽ ഭാവിയിൽ അവ ഇന്ത്യയിലും ലഭ്യമാകും എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.


Click it and Unblock the Notifications