ഇന്ത്യയിൽ വിവോ പുതിയ കിങ്, പ്രീമിയം വിഭാഗത്തിൽ സാംസങ്ങിനെ താഴെയിട്ട് മുന്നിൽക്കയറി ആപ്പിൾ; IDC റിപ്പോർട്ട്
ഇന്ത്യൻ വിപണിയിൽ വിവോ സ്മാർട്ട്ഫോണുകൾക്ക് വർധിച്ചുവരുന്ന ജനപ്രീതി വ്യക്തമാക്കി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (IDC) പുതിയ റിപ്പോർട്ട്. 2025 ലെ മൂന്നാം പാദത്തിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കമ്പനികളുടെ സ്മാർട്ട്‌ഫോൺ വ്യാപ്തിയും വിപണി വിഹിതവും വിശദീകരിക്കുന്ന റിപ്പോർട്ടിലാണ് ഇന്ത്യയിൽ വിവോ ബ്രാൻഡ് നേടിയിരിക്കുന്ന വളർച്ച വ്യക്തമായിരിക്കുന്നത്. വോളിയത്തിന്റെ കാര്യത്തിൽ 18.3% മാർക്കറ്റ് ഷെയറുമായി വിവോ മത്സരത്തിൽ ഒന്നാമതെത്തി. ഇത് ഇൻഡസ്ട്രിയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 13.9% വിഹിതവുമായി ഓപ്പോയാണ് സ്മാർട്ട്ഫോൺ എണ്ണത്തിൽ രണ്ടാമതുള്ളത്. 12.6% വിഹിതവുമായി സാംസങ്ങും 10.4% വിഹിതവുമായി ആപ്പിളും 9.8% വിഹിതവുമായി റിയൽമിയും 9.2% വിഹിതവുമായി ഷവോമിയും പട്ടികയിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഇന്ത്യയിൽ വളർച്ചയിൽ കുതിച്ച് മോട്ടറോള
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ട്രെൻഡും പ്രധാന ബ്രാൻഡുകളുടെ വളർച്ചയുമൊക്കെ ഐഡിസിയുടെ പുതിയ റിപ്പോർട്ടിൽ നിന്ന് മനസിലാക്കാനാകും. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഡാറ്റ പ്രകാരം, ഇന്ത്യയിൽ അതിവേഗം സ്വാധീനം വർധിപ്പിക്കുന്ന കമ്പനി മോട്ടറോളയാണ്. എതിരാളികളെ അപേക്ഷിച്ച് 52.4% എന്ന ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് മോട്ടറോള രേഖപ്പെടുത്തി.

നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് മത്സരിച്ച് വളർച്ചയിൽ ഇത്ര വലിയ മുന്നേറ്റം നടത്താൻ മോട്ടറോളയെ സഹായിച്ചത് അവരുടെ ഓഫ്ലൈൻ വിപണി തന്ത്രമാണ് എന്നാണ് റിപ്പോർട്ട്. വൺപ്ലസ് പോലുള്ള ബ്രാൻഡുകൾക്ക് മോട്ടറോളയുടെ വളർച്ച ഒരു പാഠമാണ്. ഈ പാദത്തിൽ വൺപ്ലസിന്റെ വളർച്ചയിൽ 30.5% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വൺപ്ലസിന് തിരിച്ചടി
വൺപ്ലസിനെ സംബന്ധിച്ചിടത്തോളം പ്രധാനമായും ഓൺലൈൻ വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാലിപ്പോൾ ഓഫ്ലൈൻ വഴിയും വൺപ്ലസ് ഫോണുകൾ ലഭ്യമാണ്. വൺപ്ലസിന്റെ വളർച്ച ഇടിയുന്നതിൽ ഒരു പ്രധാന കാരണമായത് ചില ഉപയോക്താക്കൾക്ക് നേരിട്ട ഗ്രീൻ ലൈൻ പ്രശ്നമാണ് എന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഏറ്റവും പുതിയ വൺപ്ലസ് 15 ഉൾപ്പെടെ അവതരിപ്പിച്ചുകൊണ്ട് ജനപ്രീതി വളർത്താൻ വൺപ്ലസിന് മുന്നിൽ സാധ്യതകളുണ്ട്.
അൾട്ര പ്രീമിയം സ്മാർട്ട്ഫോണുകൾ
പ്രീമിയം, അൾട്രാ പ്രീമിയം സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ, ഈ വിഭാഗങ്ങളിൽ നിലവിലെ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം വഹിക്കുന്നത് ആപ്പിൾ ആണ്. മുൻപ് ഒന്നാം സ്ഥാനം സാംസങ്ങിന് ആയിരുന്നു, ഇത് ആപ്പിൾ തിരിച്ചുപിടിച്ചിരിക്കുന്നു. വളർച്ചയുടെ കാര്യത്തിൽ, സൂപ്പർ-പ്രീമിയം വിഭാഗം 52.9% വാർഷിക വളർച്ച കൈവരിച്ചു.
വാർഷിക വളർച്ചയുടെ കാര്യത്തിൽ ആപ്പിൾ 25.6% വളർച്ച രേഖപ്പെടുത്തി. ഐഫോണുകളുടെ ഉയർന്ന ഡിമാൻഡാണ് സാംസങ്ങിനെ പിന്തള്ളാൻ ആപ്പിളിന് കരുത്തായത്. ആപ്പിളിന്റെ ഐഫോൺ 16, ഐഫോൺ 15, ഐഫോൺ 17 എന്നീ മോഡലുകൾ കമ്പനിയുടെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ വലിയ പങ്ക് വഹിച്ചു.
സാംസങ്ങിനെ സംബന്ധിച്ചിടത്തോളം ഈ റിപ്പോർട്ടിൽ പരിഗണിച്ചിരിക്കുന്ന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഗാലക്‌സി S24 അൾട്രാ, ഗാലക്‌സി S25 അൾട്രാ, ഗാലക്‌സി Z ഫോൾഡ് 7 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ആണ്. ഐഡിസിയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്ന മറ്റൊരുകാര്യം ഇന്ത്യയിൽ പ്രീമിയം- അൾട്രാ പ്രീമിയം മോഡലുകളുടെ ജനപ്രീതി വർധിക്കുന്നു എന്നാണ്.
ഇപ്പോൾ ആളുകൾ കൂടുതൽ സമയവും സ്മാർട്ട്ഫോൺ ഉപയോഗിക്കാറുണ്ട്. പല പ്രധാന കാര്യങ്ങളും സ്മാർട്ട്ഫോണുകളുടെ സഹായത്താൽ ആണ് ചെയ്യുന്നത്. ഓൺലൈനിൽ സമയം ചെലവഴിക്കുന്നതിനും മികച്ച ഫോട്ടോകൾ എടുക്കുന്നതിനും ഉൾപ്പെടെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നു. ഏറ്റവും മികച്ച ഫീച്ചറുകൾ ലഭ്യമാക്കുന്നു എന്നതിനാൽ അൾട്ര പ്രീമിയം മോഡലുകളുടെ ഉൾപ്പെടെ വിൽപ്പന ഇന്ത്യയിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications