12 വർഷത്തിനിടെ ആദ്യമായി സാംസങ്ങിനെ പിന്തള്ളി ആപ്പിൾ; 2023ൽ വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്
സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ കമ്പനിയായി ആപ്പിൾ. 2023ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ആപ്പിളിന്റെ സ്മാർട്ട്ഫോണുകൾ ആണെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) ഡാറ്റ വ്യക്തമാക്കുന്നു. 12 വർഷത്തിനിടെ ഇതാദ്യമായാണ് സാംസങിനെ പിന്തള്ളി ആപ്പിൾ ആഗോളതലത്തിൽ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുന്നത്.
കഴിഞ്ഞ വർഷം കയറ്റുമതി ചെയ്യുകയും വിൽക്കപ്പെടുകയും ചെയ്ത ഫോണുകളിൽ അഞ്ചിലൊന്ന് അമേരിക്കൻ സ്മാർട്ട്ഫോൺ വമ്പനായ ആപ്പിളിന്റേത് ആയിരുന്നു എന്ന് ഐഡിസി ഡാറ്റ വ്യക്തമാക്കുന്നു. ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി, ഓപ്പോ, ട്രാൻഷൻ എന്നിവയ്‌ക്കൊപ്പം വിപണി വിഹിതത്തിന്റെ 19.4% ആണ് സാംസങ്ങിന് നേടാൻ ആയത്.

2023 ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടിരുന്നു. പാൻഡെമിക് കാലഘട്ടത്തിൽ നിരവധി പേർ തങ്ങളുടെ സമാർട്ട്ഫോണുകൾ അപ്ഗ്രേഡ് ചെയ്തിരുന്നു. ഇതി തൊട്ടടുത്ത വർഷത്തെ വിൽപ്പന കുറയ്ക്കാൻ ഇടയാക്കി എന്ന് കരുതപ്പെടുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് 2023ൽ ഉണ്ടായത്.
കഴിഞ്ഞ വർഷം ഏതാണ്ട് 1.2 ബില്യൺ സ്‌മാർട്ട്‌ഫോണുകൾ വിറ്റഴിച്ചതായി ഐഡിസി റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക വെല്ലുവിളികളും ഉയർന്ന പലിശനിരക്കും മുന്നിൽക്കണ്ട് പല ഉപഭോക്താക്കളും ചെലവുകൾ ചുരുക്കാൻ തീരുമാനിച്ചപ്പോൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ചില പ്രതികൂല സാഹചര്യങ്ങൾ സ്മാർട്ട്ഫോൺ വിപണി നേരിട്ടിരുന്നു. എന്നാൽ ഈ വർഷം വിപണി കഴിഞ്ഞ വർഷത്തെക്കാൾ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്ക പാദത്തിൽ വിൽപ്പന വളരെ മോശമായിരുന്നു. എന്നാൽ പിന്നീട് രണ്ടാം പാദം മുതൽ വിപണി ക്രമേണ വളർച്ച നേടി.
2023 ന്റെ നാലാം പാദത്തിൽ മുൻ പ്രവചനങ്ങളേക്കാൾ 8.5 ശതമാനം വളർച്ച സ്മാർട്ട്ഫോൺ വിപണി കൈവരിച്ചു. ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുള്ള വിപണിയുടെ വളർച്ചയിൽ ഏറ്റവുമധികം മുന്നേറ്റം നടത്തിയത് ആപ്പിൾ ആണ്. കഴിഞ്ഞ വർഷം 234 ദശലക്ഷത്തിലധികം ഫോണുകൾ വിറ്റാണ് ആപ്പിൾ 2023ലെ നമ്പർവൺ സ്മാർട്ട്ഫോൺ വിൽപ്പനക്കാരനായി മാറിയത്.
പ്രതിവർഷം പോസിറ്റീവ് വളർച്ച കാണിക്കുന്ന ടോപ്പ് 3 ലെ ഒരേയൊരു മത്സരാർഥി മാത്രമല്ല ആപ്പിൾ, ഒന്നാം സ്ഥാനം നേടുകയും ചെയ്യുന്നു," ഐഡിസിയുടെ നബീല പോപ്പൽ പറഞ്ഞു. വിപണിയുടെ 20 ശതമാനത്തിലധികം വരുന്ന പ്രീമിയം ഫോണുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ആപ്പിളിന്റെ വിജയത്തിന് കാരണമെന്ന് നബീല പോപ്പൽ പറയുന്നു.

മികച്ച ട്രേഡ്-ഇൻ ഡീലുകളും പലിശ രഹിത ധനസഹായ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന ആപ്പിളിന്റെ നീക്കങ്ങൾ ഈ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. തങ്ങളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ അടക്കം ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിട്ടും അതിനെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനായി എന്നത് ആപ്പിളിന്റെ വിജയത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
സാംസങ്ങിന്റെ ഒന്നാം സ്ഥാനത്ത് നിന്നുള്ള വീഴ്ച, വിപണി എത്രമാത്രം മത്സരാധിഷ്ഠിതമാണെന്നും വ്യക്തമാക്കുന്നുണ്ട്. Huawei ചൈനയിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നു. വൺപ്ലസ്, ഹോണർ, ഗൂഗിൾ പോലുള്ള ബ്രാൻഡുകൾ താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഫോണുകൾ അവതരിപ്പിച്ച് മത്സരം കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു. ആപ്പിളിനോട് മാത്രമല്ല, ഈ ആൻഡ്രോയിഡ് ഫോണുകളോടും സാംസങ്ങിന് ഏറ്റുമുട്ടേണ്ടി വരുന്നു.
ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ സാംസങ് പുതിയ ടെക്നോളജികളും എഐ അടിസ്ഥാനമാക്കിയുള്ള പുതിയ ഫീച്ചറുകളും അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. അതിന്റെ സൂചനകൾ ഗാലക്സി എഐയുടെ രൂപത്തിൽ ഇതിനകം ലഭ്യമായിട്ടുണ്ട്. ഒന്നാമതെത്താനുള്ള വിവിധ ബ്രാൻഡുകളുടെ മത്സരം പുതിയ കണ്ടുപിടുത്തങ്ങളിലൂടെ സ്മാർട്ട്ഫോണുകളെ പുതിയ വളർച്ചയിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








