ഫോൺ ഒളിക്യാമറയായി മാറ്റും! പെഗാസസ് സ്പൈവെയർ ഭീഷണി നേരിടാൻ ഐഫോണിന് അടിയന്തര അപ്ഡേറ്റിറക്കി ആപ്പിൾ
ഹാക്കർമാരിൽ നിന്ന് ഐഫോണുകൾ നേരിട്ടിരുന്ന ഗുരുതര ഹാക്കിങ് ഭീഷണി പരിഹരിക്കാൻ അടിയന്തര അപ്ഡേറ്റ് പുറത്തിറക്കി ആപ്പിൾ. ചില ഹാക്കർമാർ അടുത്തിടെ ഇന്റർനെറ്റും ഗവൺമെന്റ് പ്രവർത്തനങ്ങളും നിരീക്ഷിക്കുന്ന വാഷിങ്ടൺ ഡിസിയിലെ ഒരു ഗ്രൂപ്പ് അംഗത്തിന്റെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമം നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടത്.
പുതിയ അപ്ഡേറ്റിലൂടെ ഐഫോൺ നേരിട്ടിരുന്ന ഗുരുതരമായ രണ്ട് വെല്ലുവിളികൾ പരിഹരിക്കാൻ ആപ്പിളിന് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഈ രണ്ട് പ്രശ്നങ്ങളെപ്പറ്റിയും ആപ്പിളിന് ഇതിന് മുമ്പ് യാതൊരു അറിവും ഇല്ലായിരുന്നു. ഇപ്പോൾ കണ്ടുപിടിക്കപ്പെട്ട പ്രശ്നത്തെ സീറോ- ഡേ- എക്സ്പ്ലോയിറ്റ്സ് ( "zero-day exploits" ) എന്നാണ് വിളിക്കുന്നത്.

കാരണം ഈ പ്രശ്നം കണ്ടെത്തിയ ശേഷം അത് പരിഹരിക്കാൻ ആപ്പിളിന് ഒരു ദിവസം പോലും വേണ്ടിവന്നില്ല എന്നുള്ളതാണ്. 'സീറോ ക്ലിക്ക് വൾനറബിലിറ്റി ( "zero-click vulnerability " ) തന്ത്രമാണ് ഹാക്കർമാർ ഇവിടെ പുറത്തെടുത്തത്. അതായത് ഇവിടെ ഫോൺ ഹാക്ക് ചെയ്യാൻ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.
നേരിട്ട് ഇരയുടെ ഫോണിലേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ഇവിടെ ഹാക്കർമാർ നടത്തിയത്. അതായത് ഉടമ ഒന്നും ചെയ്യാതെ തന്നെ അയാളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നു. ഇരയുടെ ഐഫോണിൽ പെഗാസസ് എന്ന ഹാക്കിങ് സ്പൈവെയർ എത്തിക്കാനാണ് ഹാക്കർമാർ ശ്രമിച്ചത്. ഫോൺ ഉടമ തന്റെ ഫോണിൽ എന്താണ് ചെയ്യുന്നത് എന്ന് പെഗാസസ് വഴി ഹാക്കർമാർക്ക് രഹസ്യമായി കാണാൻ സാധിക്കുന്നു.
അതായത് നമ്മുടെ ഫോൺ ഹാക്കർമാർക്ക് അവരുനെ നിയന്ത്രണത്തിലുള്ള ഒരു ഒളിക്യാമറയായി പോലും മാറ്റാൻ കഴിയുന്നു. ഇന്റർനെറ്റിലെ അപകടകരമായ നീക്കങ്ങൾ കണ്ടെത്തുന്ന സിറ്റിസൺ ലാബ് എന്ന എന്ന ഗ്രൂപ്പാണ് ഈ പിഴവ് കണ്ടെത്തിയത്. ഫോൺ ഉടമ പോലും അറിയാതെ ഏറ്റവും പുതിയ അപ്ഡേറ്റുള്ള ഐഫോണിൽ പോലും ഹാക്കർമാർക്ക് കടന്നുകയറാൻ വഴിയുണ്ടെന്ന് അവർ കണ്ടെത്തി.
തുടർന്ന് തങ്ങൾ കണ്ടെത്തിയ ഈ പിഴവ് സിറ്റിസൺ ലാബ് ആപ്പിളിനെ അറിയിക്കുകയായിരുന്നു. ഈ പ്രശ്നം പരിഹരിച്ച് ആപ്പിൾ ഒരു പ്രത്യേക അപ്ഡേറ്റ് ഉടൻ തന്നെ പുറത്തിറക്കുകയും ചെയ്തു. മഴവരും മുമ്പ് വീടിന്റെ മേൽക്കൂരയിൽ ഉണ്ടായ ദ്വാരം അടയ്ക്കുന്നതുപോലെ ഒരു നടപടിയായിരുന്നു ഇത്. ഐഫോണിലെ പിഴവ് കണ്ടെത്തിയ സിറ്റിസൺ ലാബിനെ അവർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ഇപ്പോൾ രണ്ട് പിഴവുകൾ കണ്ടെത്തിയ സംഭവത്തിലെ രസകരമായ കാര്യം എന്തെന്നാൽ ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടാമത്തെ പഴുതും കണ്ടെത്തിയത് എന്നതാണ്. ഇപ്പോൾ കണ്ടെത്തിയ പ്രശ്നത്തെക്കുറിച്ച് ആളുകൾ ആപ്പിളിനോട് ചോദിച്ചെങ്കിലും ആപ്പിൾ വക്താവ് ഒന്നു പറയാൻ തയാറായില്ല. പുതിയ അപ്ഡേറ്റിനെക്കുറിച്ച് മാത്രമാണ് ആപ്പിൾ ചൂണ്ടിക്കാട്ടിയത്.

ഹാക്കർമാർ നടത്തിയ ആക്രമണ രീതിക്ക് ബ്ലാസ്റ്റ്പാസ്റ്റ് ( BLASTPASS ) എന്നാണ് സിറ്റിസൺ ലാബ് പേര് നൽകിയത്. ഡെവലപ്പർമാർ അവരുടെ ആപ്പുകളിലേക്ക് ആപ്പിൾ പേ ( Apple Pay ) ചേർക്കാൻ ഉപയോഗിക്കുന്ന "PassKit" എന്ന ടൂളുമായി ഇതിന് ബന്ധമുണ്ട്. അതിനാലാണ് ഇത്തരമൊരു പേര് നൽകിയത്.
ഒളിഞ്ഞിരിക്കുന്ന ഹാക്കർമാരുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നത് എത്ര പ്രധാനമാണ് എന്ന് ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ അപകടത്തിൽപ്പെടും മുമ്പ് പിഴവ് കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് ഇതിലെ പ്രധാന വഴിത്തിരിവ്. അതേസമയം ചാര ഡിവൈസിന് പിന്നിലെ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് ഈ കണ്ടത്തലുകളോട് പ്രതികരിക്കാൻ തയാറായിട്ടില്ല.
ഈ പുതിയ ഹാക്കിങ് ഭീഷണിയിൽ നിന്ന് ഒഴിവാകാൻ ഐഫോൺ ഉപയോക്താക്കൾ എത്രയും പെട്ടെന്ന് പുതിയ അപ്ഡേറ്റിലേക്ക് മാറേണ്ടതുണ്ട്. ഏതുവിധേനയും ആളുകളുടെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ദിവസവും പുതിയ പുതിയ മാർഗങ്ങൾ പരീക്ഷിക്കുന്നു. ഫോൺ സോഫ്ട്വെയറുകളിലെ പിഴവ് അവർ മുതലെടുക്കുന്നു. ഇതിൽനിന്ന് രക്ഷനേടാൻ കമ്പനികൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ഫോണിൽ ചെയ്തുവെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.


Click it and Unblock the Notifications








