ഏപ്രിൽ 18! ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ തുറക്കാൻ 'ശുഭമുഹൂർത്തം' ആയി
ഇന്ത്യയിലെ ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ആ ദിനം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ആപ്പിൾ അതിന്റെ വിപുലമായ ഉൽപ്പന്നങ്ങളുടെ നിരയുമായി തങ്ങളുടെ ആദ്യ സ്റ്റോർ ഏപ്രിൽ 18 ന് ഇന്ത്യക്കാർക്കായി തുറന്നുനൽകും. ആപ്പിൾ സിഇഒ ടിം കുക്ക് ഉദ്ഘാടനത്തിന് നേരിട്ട് എത്തിയേക്കും എന്നാണ് ലഭിക്കുന്ന സൂചന.
ആപ്പിൾ ഉൽപ്പന്നങ്ങളുടെ വളർച്ചയിലും ഇന്ത്യയുമായുള്ള ബന്ധത്തിലും നിർണായക പങ്ക് വഹിക്കാൻ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾക്ക് കഴിയും എന്നാണ് കരുതപ്പെടുന്നത്. മുംബൈയിലെ ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോർ തുറന്ന് രണ്ട് ദിവസത്തിനപ്പുറം ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ ഡൽഹിയിൽ തുറക്കുമെന്നും ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്.

റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ സ്വന്തം തട്ടകമായ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ(ബികെസി) പ്രവർത്തിക്കുന്ന ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ബികെസി എന്ന പേരിലാണ് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണാൻ സാധിക്കുന്നത്.
ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ആപ്പിളിന് സ്റ്റോറുകളുണ്ട്. ആ നിരയിലേക്കാണ് ഇപ്പോൾ മുംബൈയും എത്തിയിരിക്കുന്നത്. ഹലോ മുംബൈ, ഞങ്ങൾ നിങ്ങളെ ഇന്ത്യയിലെ ആദ്യ സ്‌റ്റോറിലേക്ക് സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. ആപ്പിൾ ബി.കെ.സിക്ക് നിങ്ങളുടെ സർഗാത്മകതയെ എങ്ങോട്ടു കൊണ്ടുപോകാനാകുമെന്നു കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു' എന്ന കുറിപ്പോടെ ബികെസിയിലെ സ്റ്റോറിന്റെ ചിത്രം ആപ്പിൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.

മുംബൈയുടെ അടയാളങ്ങളിൽ ഒന്നായ 'കാലി പീലി' ടാക്‌സി ആര്‍ട്ടും ആപ്പിൾ പങ്കുവച്ച സ്റ്റോറിന്റെ ലോഗോയിൽ ദൃശ്യമായിരുന്നു. ആപ്പിൾ പങ്കുവച്ച ചിത്രത്തെ ഏറെ ആവേശത്തോടെയാണ് ഇന്ത്യ ഏറ്റെടുത്തത്. മുംബൈയ്ക്ക് പിന്നാലെ ഡൽഹിയിലും ആപ്പിൾ സ്റ്റോർ എത്തുന്നത് ഇന്ത്യക്ക് ഇരട്ടിമധുരമായിരിക്കുകയാണ്. ഡൽഹിയിലെ ആപ്പിൾ സ്റ്റോർ സാകേത് ഏപ്രിൽ 20 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടനം ചെയ്യുക.
ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവങ്ങൾ നൽകാനും ആപ്പിളിന്റെ ഉപകരണങ്ങൾ നേരിട്ട് വിലയിരുത്തി സ്വന്തമാക്കാനും റീട്ടെയിൽ സ്റ്റോറുകൾ അവസരമൊരുക്കും. ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ ആരംഭം ആഘോഷിക്കുന്നതിനായി, സന്ദർശകർക്കും പ്രാദേശിക കലാകാരന്മാർക്കും ക്രിയേറ്റീവുകൾക്കുമായി ആപ്പിൾ ഒരു പ്രത്യേക 'ടുഡേ അറ്റ് ആപ്പിൾ' സീരീസ് പ്രഖ്യാപിച്ചു- "മുംബൈ റൈസിംഗ്". താൽപ്പര്യമുള്ളവർക്ക് ആപ്പിൾ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അടുത്തകാലത്തായി ആപ്പിൾ ഉപകരണങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആപ്പിളും താൽപര്യപ്പെടുന്നു. ഇന്ത്യ - ആപ്പിൾ ബന്ധം വളർത്താനുള്ള മാർഗമായി ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഐഫോൺ പോലുള്ള ആപ്പിളിന്റെ പ്രധാന ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്ത് ആഴ്ചകൾ കഴിഞ്ഞശേഷമാണ് മുൻപ് ഇന്ത്യയിൽ ലഭ്യമായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച വർഷങ്ങളായി ഇതിൽ പുരോഗതി ഉണ്ടാകുകയും യുഎസ്‌എ, യുകെ, ജപ്പാൻ, സിംഗപ്പൂർ, ദുബായ് എന്നിവ പോലെ ഇന്ത്യയും ഇപ്പോൾ ആപ്പിൾ ഉപകരണങ്ങൾ ആദ്യമെത്തുന്ന രാജ്യങ്ങളുടെ നിരയിൽ ഇടംപിടിച്ചിരിക്കുകയുമാണ്.
അതേസമയം, ആപ്പിളിന്റെ മുംബൈയിലെ റീട്ടെയിൽ സ്റ്റോറിന്റെ പാട്ടക്കരാർ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ചർച്ചയായിരുന്നു. പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള 22 സ്ഥാപനങ്ങൾക്ക് ആപ്പിൾ റീട്ടെയിൽ സ്റ്റോറിനടുത്ത് സ്റ്റോർ തുറക്കാനോ പരസ്യം സ്ഥാപിക്കാനോ അനുവാദം നൽകരുത് എന്നതായിരുന്നു ഇതിലെ പ്രധാന നിബന്ധന.
ആമസോൺ, ഫെയ്സ്ബുക്ക്, ഗൂഗിൾ, എൽജി, മൈക്രോസോഫ്ട്, സോണി, ട്വിറ്റർ, ബോസ്, ഡെൽ, ഡെവിയാലെറ്റ്, ഫോക്സ്കോൺ, ഗ്രാമിൻ, ഹിറ്റാച്ചി, എച്ച്പി, എച്ച്ടിസി, ഐബിഎം, ഇന്റൽ, ലെനോവ, നെസ്റ്റ്, പാനാസോണിക്, തോഷിബ എന്നീ കമ്പനികൾക്കാണ് ആപ്പിൾ എക്സ്ക്ലൂസീവ് സോണിൽ സ്റ്റോർ തുറക്കാൻ കഴിയാത്തത്. സാംസങ്ങും ഈ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.


Click it and Unblock the Notifications