കടയെല്ലാം സെറ്റായി ഇനി കച്ചവടം പൊളിക്കണം; ആപ്പിൾ സാകേത് സ്റ്റോറും പ്രവർത്തനമാരംഭിച്ചു | Apple Saket Store
അങ്ങനെ രാജ്യതലസ്ഥാനത്തും ആപ്പിളിന്റെ സ്വന്തം സ്റ്റോർ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് കമ്പനി സിഇഒ ടിം കുക്ക് Apple Saket Store പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. ഇന്ത്യയിലെ രണ്ടാമത്തെ മാത്രം ആപ്പിൾ സ്റ്റോറാണ് സാകേതിലേത്. സാകേതിലെ സെലക്റ്റ്സിറ്റി വാക്ക് മാളിലാണ് ഡൽഹിയിലെ ആപ്പിൾ സ്റ്റോർ പ്രവർത്തിക്കുന്നത്.
ഏപ്രിൽ 18 ന് മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ ഉദ്ഘാടനം ചെയ്ത ആപ്പിൾ ബികെസി സ്റ്റോറാണ് കമ്പനി നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ. മുംബൈയ്ക്ക് സമാനമായി നൂറ് കണക്കിന് ആളുകളാണ് ഡൽഹിയിലെ ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിന് എത്തിയത്. രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിൽ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി നേരിട്ട് നടത്തുന്ന സ്റ്റോറുകൾ ഇന്ത്യയിലും ആരംഭിച്ചിരിക്കുന്നത്.

ഡൽഹിയിലെ സ്റ്റോർ, മുംബൈ സ്റ്റോറിനേക്കാൾ ഏറെ ചെറുതാണെങ്കിലും എല്ലാ ആപ്പിൾ പ്രോഡക്റ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിൾ ബികെസിയ്ക്ക് സമാനമായി 18 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 70 ജീവനക്കാരെയും ഷോപ്പിൽ വിന്യസിച്ചിട്ടുണ്ട്. 15 ഭാഷകളിൽ സേവനങ്ങളെക്കുറിച്ചും പ്രോഡക്റ്റുകളെക്കുറിച്ചും വിശദീകരിക്കാൻ ഈ ജീവനക്കാർക്ക് സാധിക്കും. ആപ്പിൾ സാകേത് സ്റ്റോറിലെ പകുതി ജീവനക്കാരും സ്ത്രീകളാണ്.
മുംബൈയിലെ ആപ്പിൾ ബികെസി സ്റ്റോർ വിശാലമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി കുറച്ച് കൂടി ഒതുങ്ങിയ എന്നാൽ സ്റ്റോറിലെത്തുന്നവർക്ക് കൂടുതൽ വ്യക്തിപരമായ എക്സ്പീരിയൻസ് കൂടി ഉറപ്പ് വരുത്തുന്ന തരത്തിലാണ് ഡൽഹിയിലെ സാകേത് സ്റ്റോർ ആപ്പിൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐഫോണുകൾ, മാക്ബുക്കുകൾ, ആപ്പിൾ ആക്‌സസറികൾ, ആപ്പിൾ മ്യൂസിക്, ആപ്പിൾ ആർക്കേഡ്, ആപ്പിൾ ടിവി എന്നിവയ്‌ക്കായി പ്രത്യേക വിഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നു.

ഇതുകൂടാതെ, ആപ്പിൾ സാകേതിലെ ജീനിയസ് ബാറിൽ നിന്നും യൂസേഴ്സിന് കമ്പനി സ്റ്റാഫിൽ നിന്നും നേരിട്ടുള്ള ഉപദേശവും സഹായവും നേടാം. ഏത് ആപ്പിൾ പ്രോഡക്റ്റും ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർക്ക് അത് പിക്കപ്പ് ചെയ്യാനുള്ള പ്രത്യേക സോണും സാകേതിലുണ്ട്. മറ്റെല്ലാ ആപ്പിൾ സ്റ്റോറുകളെയും പോലെ തന്നെ ഡൽഹിയിലെ ആപ്പിൾ സാകേതും 100 ശതമാനം റിന്യൂവബിൾ എനർജിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റോർ കാർബൺ ന്യൂട്രലാണെന്നും ആപ്പിൾ അവകാശപ്പെടുന്നു.
ആപ്പിൾ സാകേത് സ്റ്റോറിന്റെ ഉദ്ഘാടനത്തിനായി ഡൽഹിയിലെത്തിയ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. ടെക്നോളജി മേഖലയുമായും ആപ്പിളും ഇന്ത്യയുമായുമുള്ള സഹകരണവുമായും ബന്ധപ്പെട്ടായിരുന്നു ചർച്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയോടൊത്തുള്ള ചിത്രവും ടിം കുക്ക് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വിവിധ മേഖലകളിൽ മോദിയുടെ കാഴ്ചപ്പാട് താൻ പങ്കിടുന്നതായും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്നും ടിം കുക്ക് ട്വിറ്ററിൽ വ്യക്തമാക്കി.

നരേന്ദ്ര മോദിക്ക് പുറമേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായും സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് കേന്ദ്രീകരിക്കാനുള്ള ലക്ഷ്യത്തിലാണ്. ഇതിനായി ടെക്ക് ഭീമന്റെ കരാർ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടിം കുക്കിന്റെ സന്ദർശനവും മോദിയുമായുള്ള കൂടിക്കാഴ്ചയും രാജ്യാന്തര തലത്തിൽ തന്നെ വൻ ശ്രദ്ധ നേടിയിരുന്നു.
2016-ന് ശേഷം ഇത് ആദ്യമായാണ് ടിം കുക്ക് ഇന്ത്യയിൽ എത്തുന്നത്. മുംബൈയിലും ഡൽഹിയിലും റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഏപ്രിൽ 18 ന് ബാന്ദ്രയിൽ ഇന്ത്യയിലെ ആദ്യത്തെ ( കമ്പനി നേരിട്ട് നടത്തുന്ന ) ആപ്പിൾ റീട്ടെയിൽ സ്റ്റോർ പൊതു ജനങ്ങൾക്കായി തുറന്നു നൽകി. 20 ന് രാജ്യത്തെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ ഡൽഹി സാകേതിൽ തുറന്നു നൽകിയതും ടിം കുക്കാണ്.
Image Credit : https://twitter.com/tim_cook


Click it and Unblock the Notifications