ഐപാഡ് പകര്‍പ്പല്ല സാംസംഗ് ഗാലക്‌സിയെന്ന് ആപ്പിള്‍ പരസ്യപ്പെടുത്തണം: കോടതി

Posted By: Staff

ഐപാഡ് പകര്‍പ്പല്ല സാംസംഗ് ഗാലക്‌സിയെന്ന് ആപ്പിള്‍ പരസ്യപ്പെടുത്തണം: കോടതി

ആപ്പിള്‍ ഐപാഡും ഗാലക്‌സി ടാബും തമ്മിലുള്ള പേറ്റന്റ് തര്‍ക്കം പുതിയ വഴിത്തിരിവില്‍. ആപ്പിളിന്റെ ഐപാഡ് ഡിസൈന്‍ സാംസംഗ് ഗാലക്‌സി ടാബ് പകര്‍ത്തിയിട്ടില്ലെന്ന് ആപ്പിള്‍ പരസ്യം ചെയ്യണമെന്നാണ് ഒരു ബ്രിട്ടീഷ് ജഡ്ജ് ആപ്പിളിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആപ്പിളിന്റെ യുകെ വെബ്‌സൈറ്റിലും പ്രമുഖ യുകെ പത്രങ്ങളിലും ഈ പരസ്യം വരണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ആപ്പിളിന്റെ ഡിസൈന്‍ സാംസംഗ് പകര്‍ത്തിയിട്ടില്ലെന്ന് ജഡ്ജ് കോളിന്‍ ബെര്‍സ് കഴിഞ്ഞാഴ്ച വിധി പറഞ്ഞിരുന്നു. ഐപാഡിന്റത്ര ലാളിത്യം കൊണ്ടുവരാന്‍ ഗാലക്‌സി ടാബ്‌ലറ്റിന് സാധിച്ചിട്ടില്ലെന്നായിരുന്നു വിലയിരുത്തല്‍. പ്രസ്തുത പരസ്യം ആറ് മാസത്തോളം ആപ്പിള്‍ സൈറ്റില്‍ ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, യുകെ കോടതി വിധിയും ഈ പരസ്യത്തില്‍ പരാമര്‍ശിക്കണം.

അതേ സമയം പേറ്റന്റ് ലംഘിച്ചെന്ന അവകാശവാദമുയര്‍ത്തുന്നതില്‍ നിന്നും ആപ്പിളിനെ വിലക്കണമെന്ന സാംസംഗിന്റെ ആവശ്യം കോടതി തള്ളി. ആപ്പിളും സാംസംഗും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തിന്റെ വിചാരണ യുഎസില്‍ ഈ മാസം 30നാണ് ആരംഭിക്കുക. ഇവിടെ ഗാലക്‌സി ടാബ് 10.1നും ഗാലക്‌സി നെകസ്സ് ഫോണിനും താത്കാലിക വിലക്കേര്‍പ്പെടുത്തി നല്‍കാന്‍ ആപ്പിളിന് സാധിച്ചിരുന്നു. യുകെ വിധി യുഎസ് കോടതിയും മുഖവിലക്കെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot