ആപ്പിളിന്റെ കുറേ ഐറ്റംസ് വരുന്നു; മാർച്ച് 4ന് സ്പെഷൽ ഇവന്റ് നടക്കുമെന്ന് അറിയിപ്പ് എത്തി
പുതിയ ആപ്പിൾ ഡിവൈസുകൾ വിപണിയിലേക്ക് എത്താൻ പോകുന്ന എന്ന സൂചന നൽകി മാർച്ച് 4ന് ആപ്പിൾ സ്പെഷൽ ഇവന്റ് നടക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് എത്തിയിരിക്കുന്നു (Apple special event announced for March 4). ഈ ഇവന്റിലേക്കായി ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ഇതിനോടകം പലർക്കും ലഭിച്ചുകഴിഞ്ഞു. സാധാരണ ആപ്പിൾ ഇവന്റിനേക്കാൾ "സ്പെഷൽ ആപ്പിൾ എക്സ്പീരിയൻസ്" ആണ് ഈ ഇവന്റിൽ കാത്തിരിക്കുന്നത് എന്ന നിലയിലാണ് ആപ്പിൾ ഈ ഇവന്റിനെ ബ്രാൻഡ് ചെയ്യുന്നത്. പുതിയ നിരവധി ആപ്പിൾ ഡിവൈസുകൾ ഈ ഇവന്റിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോൺ 17e (iPhone 17e) മോഡൽ ഈ ഇവന്റിൽ അവതരിപ്പിക്കപ്പെടും എന്ന അഭ്യൂഹം ശക്തമാണ്. ഇതോടൊപ്പം പുതിയ മാക്കുകൾ, ഐപാഡുകൾ ഉൾപ്പെടെ നിരവധി പുതിയ ഡിവൈസുകൾ ആപ്പിൾ ഈ ഇവന്റിൽ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ വരാൻ പോകുന്നത് എന്തൊക്കെയാണ് എന്ന സൂചന നിലവിൽ ആപ്പിൾ പുറത്തുവിട്ടിട്ടില്ല.

മാർച്ച് നാലിലെ സ്പെഷൽ ഇവന്റിൽ ആപ്പിൾ എന്തൊക്കെ അവതരിപ്പിക്കും എന്ന ചർച്ചകൾ ഇപ്പോൾ ചൂടുപിടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പരിഗണിക്കാവുന്നത് ആപ്പിൾ സംബന്ധമായ വാർത്തകൾ വളരെ നേരത്തെ റിപ്പോർട്ട് ചെയ്യാറുള്ള വിശ്വസനീയ കേന്ദ്രമായ ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാന്റെ നിരീക്ഷണങ്ങളാണ്. A18 പ്രോ ചിപ്പ് നൽകുന്ന പുതിയ കുറഞ്ഞ വിലയുള്ള മാക്ബുക്ക് ആപ്പിൾ ഈ വരാൻ പോകുന്ന ഇവന്റിൽ അവതരിപ്പിക്കുമെന്ന് ഗുർമാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ പുതിയ M5 മാക്ബുക്ക് എയർ, പുതിയ M5 പ്രോ, M5 മാക്സ് മാക്ബുക്ക് പ്രോ മോഡലുകൾ, പുതിയ മാക് ഡിസ്പ്ലേകൾ, A18 ബേസ് ഐപാഡ്, M4 ഐപാഡ് എയർ എന്നിവയും വരാൻ പോകുന്ന ഇവന്റിൽ പ്രഖ്യാപിക്കപ്പെട്ടേക്കാം. ഇതിനെല്ലാം പുറമേ സ്മാർട്ട്ഫോൺ ആരാധകർ ഉറ്റുനോക്കുന്ന പുതിയ ഐഫോൺ 17e മോഡലിന്റെ ലോഞ്ചും ഇവന്റിൽ ഉണ്ടായേക്കാമെന്ന് ഗുർമാന്റെ റിപ്പോർട്ടുണ്ട്.
ഐഫോൺ 17e പോലുള്ള ഒരു ഡിവൈസിന്റെ സൂചന നൽകുന്ന ഗ്ലാസ് പാളികളുടെ സൂചന മാർച്ച് നാലിലെ ഇവന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലോഗോയിൽ ഉണ്ട് എന്ന് ചിലർ നിരീക്ഷിക്കുന്നു. ഈ വരാൻ പോകുന്ന ആപ്പിൾ ഇവന്റ് സ്ഥിരം രീതിയിലല്ല നടക്കുന്നത് എന്നതും ഇതിനകം ചർച്ചയായിട്ടുണ്ട്. ആപ്പിൾ പാർക്ക് അല്ല ഇത്തവണത്തെ ഇവന്റിന്റെ വേദി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന്.
മൂന്നിടങ്ങളിലായിട്ടാണ് മാർച്ച് നാലിലെ ആപ്പിൾ ഇവന്റ് നടക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂയോർക്ക് സിറ്റി, ലണ്ടൻ, ഷാങ്ഹായ് എന്നിവിടങ്ങളാണ് അവ. ഇവിടങ്ങളിൽ ഒരേ തീയതിയിൽ പരിപാടികൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാണ് പല പ്രധാന പരിപാടികളും ആപ്പിൾ സംഘടിപ്പിക്കുക.
മറ്റ് സ്ഥലങ്ങളിൽ ഇവന്റുകൾ നടക്കുന്നതിക്കൊൾ സുഗമമായും സൗകര്യപ്രദമായും സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഇവന്റുകൾ നടത്താൻ ആപ്പിളിന് കഴിയും. എന്നിട്ടും എന്തുകൊണ്ട് മാർച്ച് നാലിലെ ഇവന്റ് മൂന്നിടങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത് എന്നതിൽ ചർച്ചകൾ ചൂട് പിടിക്കുന്നുണ്ട്. ആപ്പിൾ എന്തെങ്കിലും പ്രത്യേകമായി പ്ലാൻ ചെയ്യുന്നുണ്ടോ എന്ന സംശയങ്ങളടക്കം ഉയരുന്നുണ്ട്.
മാർച്ച് നാലിന് നടക്കാൻ പോകുന്ന സ്പെഷൽ ആപ്പിൾ ഇവന്റിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കുന്നതിന് പുറമേ, ഗൂഗിൾ ജെമിനി പിന്തുണയ്ക്കുന്ന പുതിയ സിരി ഫീച്ചറുകളിൽ ചിലതെങ്കിലും ഉൾപ്പെടുത്തി ആപ്പിൾ ഉടൻ തന്നെ iOS 26.4 ന്റെ ആദ്യ ബീറ്റ പുറത്തിറക്കുമെന്ന പ്രതീക്ഷയും ചിലർ പങ്കുവച്ചിട്ടുണ്ട്.


Click it and Unblock the Notifications








