പണമിടപാടുകൾ ഇനിയൊരു ടാപ്പിലൂടെ; പുതിയ ടാപ്പ് ടു പേ ഫീച്ചറുമായി ആപ്പിൾ
ഓരോ ഗാഡ്ജറ്റുകളും മനുഷ്യന്റെ ജോലികൾ ലളിതമാക്കാൻ ഉള്ളവയാണ്. കൂടുതൽ ലളിതം ആകുന്തോറും, കാര്യങ്ങൾ ഇനിയും ഈസിയാകണമെന്നാവും നാം ആഗ്രഹിക്കുക. പണമിടപാടിന്റെ കാര്യം തന്നെ നോക്കാം. നോട്ടുകളും ചില്ലറകളും കൈമാറിയിരുന്ന കാലത്ത് നിന്നും ഇപ്പോഴിതാ യുപിഐ പേയ്മെന്റുകളുടെ കാലത്താണ് നാം. ഇനി പ്രത്യേകം ക്യൂആർ സ്കാനിങ്ങില്ലാതെ തന്നെ കടകളിൽ പണം നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ഇതാ യൂസേഴ്സിന്റെ ഈ ആഗ്രഹം സാധിച്ച് തരികയാണ് ആപ്പിൾ. അപ്പിൾ ഡിവൈസുകൾ ഉപയോഗിച്ച് ഒരു ടാപ്പിലൂടെ മാത്രം പണം കൈമാറാൻ കഴിയുന്ന ഫീച്ചറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഐഫോണുകൾക്കായി ടാപ്പ് ടു പേ എന്ന പേരിലാണ് ആപ്പിൾ പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകളെ പേയ്‌മെന്റ് ടെർമിനലുകളാക്കി മാറ്റുന്നതിലൂടെ ഈ പുതിയ ഫീച്ചർ ബിസിനസുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ആപ്പിൾ പേ, കോൺടാക്റ്റ്‌ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, മറ്റ് ഡിജിറ്റൽ വാലറ്റുകൾ എന്നിവ വഴിയുള്ള പേയ്മെന്റുകൾ നടത്താൻ ഒരു ടാപ്പ് മാത്രം മതിയാകും. അധിക ഹാർഡ്‌വെയറുകൾ ആവശ്യമില്ലെന്നതും ടാപ്പ് ടു പേ ഫീച്ചറിന്റെ പ്രത്യേകതയാണ്.

എൻഎഫ്സി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പിൾ പുതിയ ടാപ്പ് ടു പേ ഫീച്ചർ പേയ്‌മെന്റ്സ് അക്റ്റിവേറ്റ് ചെയ്യുന്നത്. ഐഫോണുകളിൽ ടാപ്പ് ടു പേ ഫീച്ചർ ലഭ്യമായി കഴിഞ്ഞാൽ വ്യാപാരികൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് ഓഫർ ചെയ്യാൻ കഴിയും. ഇതിന് ഫീച്ചറിനെ സപ്പോർട്ട് ചെയ്യുന്ന ഐഒഎസ് ആപ്പ് വേണമെന്ന് മാത്രം. കോൺടാക്റ്റ്ലെസ് പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന ഏത് സർവീസിൽ നിന്നും ഇത് വഴി പണം കൈമാറാം.

സാധനങ്ങൾ വാങ്ങിയ ശേഷം നിങ്ങളുടെ ആപ്പിൾ ഡിവൈസുകൾ, കോൺടാക്റ്റ്‌ലെസ്സ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റുകൾ എന്നിവ സ്ഥാപനത്തിൽ ലഭ്യമായ ആപ്പിൾ ഡിവൈസിന്റെ അടുത്ത് പിടിച്ചാൽ മാത്രം മതി. ഇത്രയും ചെയ്ത് കഴിഞ്ഞാൽ പേയ്മെന്റ് വിജയകരമായി പൂർത്തിയാകും. ആപ്പിളിന്റെ തന്നെ ആപ്പിൾ പേ, കോൺടാക്റ്റ്‌ലെസ്സ് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ വാലറ്റുകൾ എന്നിവയിൽ നിന്നൊക്കെ ഈ രീതിയിൽ പണം കൈ മാറാൻ കഴിയും.

ഐഫോൺ എക്സ്എസിലും ശേഷമുള്ള മോഡലുകളിലുമാണ് ആപ്പിളിന്റെ ടാപ്പ് ടു പേ ഫീച്ചർ ലഭ്യമാകുന്നത്. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾക്കും ആപ്പ് ഡെവലപ്പർമാർക്കും അവരുടെ ഐഒഎസ് ആപ്പുകളിലേക്ക് ടാപ്പ് ടു പേ ഫീച്ചർ ഇന്റഗ്രേറ്റ് ചെയ്യാൻ കഴിയും. ഇത് വഴി അവരുടെ ഉപഭോക്താക്കൾക്ക് ഒരു പേയ്‌മെന്റ് ഓപ്ഷനായി ഓഫർ ചെയ്യാനും സാധിക്കും. സ്ട്രൈപ്പ് പേയ്മെന്റ് പ്ലാറ്റ്ഫോം ആണ് ടാപ്പ് ടു പേ ഫീച്ചർ ഓഫർ ചെയ്യുന്ന ആദ്യത്തെ പേയ്മെന്റ് പ്ലാറ്റ്ഫോമെന്ന് ആപ്പിൾ കമ്പനി അറിയിച്ചു.

അധികം വൈകാതെ തന്നെ ഷോപ്പിഫൈ പോയിന്റ് ഓഫ് സെയിലിൽ ഇത് എത്തും. യുഎസിലെ മറ്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലും ആപ്പുകളിലും ആപ്പിൾ സ്റ്റോർ ലൊക്കേഷനുകളിലും ഈ വർഷം അവസാനത്തോടെ ടാപ്പ് ടു പേ ഫീച്ചർ എത്തുമെന്നും ആപ്പിൾ കമ്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കൻ എക്‌സ്‌പ്രസ്, ഡിസ്‌കവർ, മാസ്റ്റർ കാർഡ്, വിസ എന്നിവയുൾപ്പെടെയുള്ള പേയ്‌മെന്റ് നെറ്റ്‌വർക്കുകളിൽ നിന്നുള്ള കോൺടാക്റ്റ്‌ലെസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം ഐഫോണിലെ ടാപ്പ് ടു പേ ഫീച്ചർ പ്രവർത്തിക്കുമെന്നും ആപ്പിൾ പറയുന്നു.

എന്നാൽ സുരക്ഷയുടെ കാര്യമോ?
ആപ്പിൾ പേ സുരക്ഷിതമാക്കാൻ കമ്പനി ഉപയോഗിക്കുന്ന് സാങ്കേതികവിദ്യയാണ് സെക്യുലർ എലമെന്റ്. ഈ സമാന സാങ്കേതികവിദ്യ തന്നെയാണ് ടാപ്പ് ടു പേ ഫീച്ചറിലെ പേയ്മെന്റ് ഡാറ്റ സംരക്ഷിക്കാൻ ആപ്പിൾ ഉപയോഗിക്കുന്നത്. എന്താണ് വാങ്ങിയതെന്നോ ആരാണ് വാങ്ങുന്നതെന്നോ തുടങ്ങിയ പേയ്മെന്റ് ഡാറ്റകളിൽ തങ്ങൾക്ക് ആക്സസ് ഇല്ലെന്നും ആപ്പിൾ പറയുന്നു. നിലവിൽ ഈ ഫീച്ചർ അമേരിക്കയിൽ ലഭ്യമാക്കുമെന്ന് മാത്രമാണ് ആപ്പിൾ പറഞ്ഞിട്ടുള്ളത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ടാപ്പ് ടു പേ ഫീച്ചർ എപ്പോൾ ലഭ്യമാക്കുമെന്നതിൽ ഒരു തരത്തിലുള്ള വ്യക്തതയും ലഭിച്ചിട്ടില്ല.


Click it and Unblock the Notifications