ഇത് 'മേയ്ക്ക് ഇൻ ഇന്ത്യ' മോഡൽ! ആപ്പിൾ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക്
ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ടെക്നോളജി കമ്പനിയായ ആപ്പിൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ ഭാഗമായാണ് വിപണിയിൽ ഹിറ്റായ എയർപോഡുകളും രാജ്യത്ത് നിർമ്മിക്കാനുള്ള തീരുമാനവുമായി ആപ്പിൾ രംഗത്തിറങ്ങുന്നത്.
ഏപ്രിൽ ആദ്യം മുതൽ ഇന്ത്യയിൽ ടിഡബ്ല്യുഎസ് എയർപോഡുകൾ എന്നിവയുടെ ഉത്പാദനം ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ചൈനയിലേക്കും വിയറ്റ്നാമിലേക്കും കയറ്റുമതി ചെയ്യുന്ന എയർപോഡുകൾക്കായി വയർലെസ് ചാർജിങ് കേസുകളുടെ ഭാഗങ്ങൾ ഇത് ഇതിനകം നിർമ്മിക്കുന്നുണ്ട്. ഐഫോണിന് ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്ന വിഭാഗമായിരിക്കും എയർപോഡുകൾ. ഭാവിയിൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും നിർമ്മിക്കുന്നത് പരിഗണിക്കാൻ സർക്കാർ ആപ്പിളിനോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
ആപ്പിളിന്റെ പ്രധാന സപ്ലൈർമാരിൽ ഒന്നായ ഫോക്സോൺ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയർപോഡുകൾ നിർമ്മിക്കുകയെന്നാണ് വിവരം. ഇന്ത്യൻ നിർമ്മിത എയർപോഡുകളുടെ ട്രയൽ നിർമ്മാണം ആരംഭിച്ചുവെന്നും വാർത്തകളുണ്ട്. 2025ന്റെ ആദ്യപാദത്തിൽ എയർപോഡുകളുടെ നിർമ്മാണം പൂർണതോതിൽ ഹൈദരാബാദിലെ ഫാക്ടറിയിൽ ആപ്പിളും ഫോക്സ്‌കോണും ആരംഭിക്കും.

2023 ഓഗസ്റ്റിൽ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഫോക്സ്‌കോൺ 400 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 3,500 കോടി രൂപ അനുവദിച്ചിരുന്നു. ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ടെങ്കിലും നിലവിൽ രാജ്യത്ത് ഐപോഡ്് നിർമ്മാണം നടക്കുന്നില്ല. ശക്തമായ ആഭ്യന്തര വിതരണ ശൃംഖലയ്ക്കായുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പ്രേരണയും പിഎൽഐ സ്‌കീം പോലെയുള്ള പദ്ധതികളുമാണ് ആപ്പിളിനെ ആകർഷിക്കുന്നത്.
ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും പ്രത്യേക വ്യവസായങ്ങളിൽ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ പരിപാടിയാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം (പിഎൽഐ സ്‌കീം). ഇതിലൂടെ ഇന്ത്യയിൽ നിയുക്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ (ക്യാഷ്ബാക്ക്) വാഗ്ദാനം ചെയ്യുന്നുണ്ട്.

കനാലിസിന്റെ കണക്കനുസരിച്ച് 2024 ൽ ആപ്പിൾ കമ്പനിക്ക് 23.1 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ഗവേഷണ സ്ഥാപനം കണക്കാക്കുന്ന ഏറ്റവും അടുത്ത എതിരാളിയായ സാംസങ്ങിനേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്ത നാല് വർഷത്തിനുള്ളിൽ യുഎസിൽ 500 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചതിന് ശേഷം ആപ്പിൾ രാജ്യത്ത് ഉത്പാദനം കുറച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇന്ത്യയിലെ എയർപോഡുകളുടെ ഉത്പാദനം പ്രാധാന്യം നേടുന്നത്.
ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ഡാറ്റയനുസരിച്ച് ഇന്ത്യയിൽ ഹിയറബിളുകൾക്കും വെയറബിളുകൾക്കും 20 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തുന്നത്. അതേസമയം യുഎസിൽ ഇറക്കുമതി തീരുവയില്ല. യുഎസിൽ നിന്നുള്ള ഇറക്കുമതിയിൽ സ്മാർട്ട്‌ഫോണുകൾ, ഹിയറബിളുകൾ, വെയറബിളുകൾ എന്നിവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് ഐസിഇഎയുടെ വാദം.

ഏപ്രിൽ 2 മുതൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പരസ്പര താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. എയർപോഡിന്റെ പ്രാദേശിക നിർമാണം ഇന്ത്യയിൽ വളരെ വേഗം ഉത്പന്നം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ഭാവിയിൽ വളരെയേറെ വർധിപ്പിച്ചാൽ ഇന്ത്യയിൽ കമ്പനിയുടെ ഗാഡ്ജറ്റുകളുടെ വില കുറഞ്ഞേക്കാം എന്ന സാധ്യതയും നമുക്ക് മുന്നിലുണ്ട്.
2024 സാമ്പത്തിക വർഷത്തിലെ ഐഫോൺ നിർമ്മാതാക്കളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ 23.5 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആപ്പിൾ 14 ബില്യൺ ഡോളർ മൂല്യം വരുന്ന ഐഫോണുകൾ രാജ്യത്ത് നിർമിക്കുകയും 10 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഉപകരണങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








