കാറിന് പകരം അലൂമിനിയം കട്ട; 10 വർഷത്തെ സ്തുത്യർഹ സേവനത്തിന് ആപ്പിളിന്റെ വക ഉപഹാരം!
കാലങ്ങളായി തങ്ങൾക്ക് വേണ്ടി പണിയെടുത്ത വിശ്വസ്തരായ ജീവനക്കാർക്ക് പല കമ്പനികളും പല തരം സമ്മാനങ്ങൾ നൽകുന്ന വാർത്തകൾ നാം അറിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി പല ഐടി സ്ഥാപനങ്ങളും ഇത്തരത്തിൽ ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചിരുന്നു. ഇന്ത്യയിൽ നിന്നുളള കമ്പനികളും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ബിഎംഡബ്ലൂ കാറുകൾ വരെ ഇങ്ങനെ സമ്മാനങ്ങളായി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുമുള്ള അത്ര പ്രശസ്തമല്ലാത്ത കമ്പനികൾ പോലും ജീവനക്കാർക്ക് വിലപിടിച്ച സമ്മാനങ്ങൾ നൽകുമ്പോൾ ആഗോള ടെക് ഭീമനും ലോകത്തേറ്റവും മൂല്യമുള്ള സ്ഥാപനവുമായ ആപ്പിൾ എന്തായിരിക്കും തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നത്? കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാവും ഇത്രേം വായിച്ചപ്പോൾ തന്നെ നിങ്ങളുടെ മനസുകളിൽ തെളിയുന്നത്.

നാട്ടിലുള്ള കമ്പനികളെല്ലാം ജീവനക്കാർക്ക് കാർ സമ്മാനിക്കുമ്പോൾ ആപ്പിളിന്റെ ഗിഫ്റ്റുകൾ വേറെ ലെവലായിരിക്കുമെന്ന് തന്നെയാകും എല്ലാവർക്കും തോന്നുക. അത് സ്വാഭാവികവുമാണ്. എന്തായാലും കമ്പനി 10 വർഷം പൂർത്തിയാക്കിയ ആപ്പിൾ ജീവനക്കാർക്ക് ഒരു ഗംഭീര ഗിഫ്റ്റ് നൽകി വരുന്നുണ്ട്. സമ്മാനം കിട്ടിയ ആപ്പിൾ ജീവനക്കാർ എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ലെങ്കിലും കമ്പനി നൽകിയ ഗിഫ്റ്റ് കണ്ടിട്ട് കവിയുടെ കണ്ണ് തള്ളിപ്പോയെന്ന് പറയാം.
Apple : കാറിന് പകരം അലൂമിനിയം കട്ട
കമ്പനിയിൽ 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് ആപ്പിൾ നൽകിയ സമ്മാനത്തെക്കുറിച്ചുള്ള വാർത്തകൾ യൂട്യൂബ് ചാനലായ ഡോംഗിൾബുക്ക്പ്രോയാണ് പുറത്ത് വിട്ടത്. സമ്മാനം അൺബോക്സ് ചെയ്ത വീഡിയോയും ലഭ്യമാണ്. ഈ വീഡിയോ പ്രകാരം ആപ്പിൾ ലോഗോയുള്ള ഒരു അലൂമിനിയം സ്ക്വയർ ബ്ലോക്ക് "മൊമന്റോ", ആപ്പിൾ പോളിഷിങ് ക്ലോത്ത്, സിഇഒ ആയ ടിം കുക്ക് ഒപ്പിട്ട കുറിപ്പ് എന്നിവയാണ് കമ്പനിയിൽ 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് ലഭിക്കുന്നത്.
കാറിന് പകരം അലൂമിനിയം കട്ടയാണോ Apple, ജീവനക്കാർക്ക് സമ്മാനം നൽകുന്നതെന്നാവും നിങ്ങൾ ചിന്തിക്കുന്നത്. സമ്മാനം വന്ന ബോക്സിൽ ഈ അലൂമിനിയം കട്ട വലിയ സംഭവമാണെന്ന് ആപ്പിൾ തന്നെ പറയുന്നു. മറ്റുള്ളവർക്ക് വാങ്ങാൻ കഴിയാത്ത അപൂർവ ആപ്പിൾ ഉത്പന്നമാണിതെന്ന് ഡോംഗിൾബുക്ക്പ്രോയും പൊക്കിയടിക്കുന്നു. ആപ്പിൾ പ്രോഡക്റ്റ്സ് നിർമിക്കുന്ന 6000 സീരീസ് അലൂമിനിയം ഉപയോഗിച്ചാണ് മൊമന്റോ നിർമിച്ചിരിക്കുന്നത്. ഡിവൈസുകൾ നിർമിച്ചപ്പോൾ ഉണ്ടായ അലൂമിനിയം അവശിഷ്ടങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ഭീമാകാരമായ ആപ്പിൾ ബ്രാൻഡ് ലോഗോയാണ് മൊമന്റോയുടെ ഹൈലൈറ്റ്. ഒരു വശത്തായി 10-ാം നമ്പരും കൊത്തിവച്ചിട്ടുണ്ട്. കമ്പനിയിൽ 10 വർഷം പൂർത്തിയാക്കിയെന്നത് സൂചിപ്പിക്കുകയാണ് ഇതിലൂടെ. ജീവനക്കാർ ഈ നാഴികക്കല്ല് കടന്ന തീയതിയും പേരും മൊമന്റോയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഒപ്പം അലൂമിനിയം അവശിഷ്ടങ്ങൾ പ്രോസസ് ചെയ്ത് എങ്ങനെയാണ് ഈ മൊമന്റോ സൃഷ്ടിച്ചതെന്ന് വിശദീകരിക്കുന്ന ഒരു നോട്ടും ഗിഫ്റ്റ് ബോക്സിൽ ഉണ്ട്.
ആപ്പിളിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നേരിട്ട വെല്ലുവിളികൾക്കും സംഭാവനകൾക്കും കമ്പനിയുടെ മുന്നേറ്റങ്ങൾക്കും ജീവനക്കാർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് സിഇഒ ടിം കുക്ക് അഭിനന്ദന കുറിപ്പ് എഴുതിയിരിക്കുന്നത്. മൊമന്റോയ്ക്ക് ഒപ്പമുള്ള പോളിഷിങ് ക്ലോത്തിനെക്കുറിച്ചുള്ള വാർത്തകൾ 2021 കാലത്ത് വലിയ വാർത്തയായിരുന്നു. 19 ഡോളറിന് ( ഏകദേശം 1,500 രൂപ ) തുണിക്കഷ്ണം വിൽക്കുന്നുവെന്നതായിരുന്നു വാർത്തകൾക്ക് കാരണം.
20 വർഷവും 30 വർഷവും പിന്നിട്ട ജീവനക്കാർക്കും ഇത് പോലത്തെ വ്യത്യസ്തമായ മൊമന്റോകൾ ആപ്പിൾ നൽകുന്നുണ്ട്. ഈ അവാർഡുകൾ ഏത് വിധത്തിലാണ് ആപ്പിൾ ജീവനക്കാർ സ്വീകരിക്കുന്നത് എന്നറിയില്ല. കാറും വിലപിടിച്ച വസ്തുക്കളും ഒക്കെ നൽകി ജീവനക്കാരെ സന്തോഷിപ്പിക്കുന്ന ഐടി കമ്പനികളെക്കുറിച്ചുള്ള വാർത്തകൾ കാണുന്ന ഇക്കാലത്ത് അലൂമിനിയം കട്ടയിൽ ആപ്പിൾ ലോഗോ അടിച്ച് കൊടുക്കുന്നത് കാണുമ്പോഴുള്ള ഒരു കൌതുകം മാത്രമാണ് കവിക്ക് ഇക്കാര്യത്തിൽ ഉള്ളത്.


Click it and Unblock the Notifications








