ഐഫോൺ 17 സീരീസിൽ തീരുന്നില്ല, ആപ്പിൾ തുടങ്ങാൻ പോണേ ഉള്ളൂ; വരുന്നത് ഐഫോൺ 17e അടക്കം പുതിയ 10 ഐറ്റങ്ങൾ
ആപ്പിൾ തങ്ങളുടെ ഐഫോൺ 17 സീരീസ് ഫോണുകൾ കഴിഞ്ഞ ആഴ്ച ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. ഇവയ്ക്കൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇ3, എയർപോഡ്സ് പ്രോ 3 ഉൾപ്പെടെയുള്ള ഡിവൈസുകളും അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതോടുകൂടി ആപ്പിൾ ലോഞ്ചുകൾ അവസാനിച്ചുവെന്നും ഇനി അടുത്ത കൊല്ലം പുതിയ ഐഫോൺ 18 സീരീസുമായിട്ടേ ആപ്പിൾ വരികയുള്ളൂ എന്നും 'ആരെങ്കിലും' കരുതുന്നുണ്ട് എങ്കിൽ ആ ധാരണ ശരിയല്ല. ഐഫോൺ 17 സീരീസ് അവതരിപ്പിച്ചതോടുകൂടി ആപ്പിളിന്റെ പണി കഴിഞ്ഞിട്ടില്ല, മറിച്ച് അടുത്ത ഘട്ടത്തിന് തുടക്കം ആകുന്നതേയുള്ളൂ.
ഐഫോൺ 17 സീരീസ് അവതരിപ്പിച്ചതോടെ ഒരു പ്രധാന ദൗത്യം പൂർത്തിയാക്കി എങ്കിലും ആപ്പിളിന് ഇനിയും പൂർത്തിയാക്കാൻ പണികൾ ഒരുപാട് ബാക്കിയുണ്ട്. ഏതാണ്ട് 10 പുതിയ ആപ്പിൾ പ്രോഡക്ടുകളാണ് ലോഞ്ചിനായി അണിയറയിൽ തയാറാകുന്നത്. അതിൽ പാതിയോളം ഡിവൈസുകൾ ഈ വർഷം അവസാനിക്കുന്നതിന് മുൻപും ബാക്കി പാതി അടുത്ത വർഷത്തിന്റെ തുടക്കത്തിലുമായി ലോഞ്ചിന് ഒരുങ്ങുന്നവയാണ്.

ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ ആണ് പത്തോളം ആപ്പിൾ ഡിവൈസുകൾ അണിയറയിൽ ഒരുങ്ങുന്ന വിവരം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ റിലീസ് കലണ്ടർ അടുത്ത 18 മാസത്തേക്ക് പായ്ക്ക് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ഈ ലൈനപ്പിൽ ഐപാഡുകൾ, വെയറബിളുകൾ, സ്മാർട്ട് ഹോം ഡിവൈസുൾ, മാക്ബുക്കുകൾ എന്നിവ അടക്കമുള്ളവ ഉണ്ട്.
2025 അവസാനത്തിന് മുമ്പ് എത്താൻ സാധ്യതയുള്ള ആപ്പിൾ ഡിവൈസുകൾ
ആപ്പിൾ ടിവിയും ഹോംപോഡ് മിനിയും: ആപ്പിൾ ടിവിയും ഹോംപോഡ് മിനിയും പ്രോസസർ അപ്‌ഗ്രേഡുകൾക്ക് വൈകാതെ വിധേയമാക്കും. ആപ്പിളിന്റെ പുതിയ N1 നെറ്റ്‌വർക്കിംഗ് ചിപ്പ് ഇവയിലേക്കും സംയോജിപ്പിക്കാൻ സാധ്യതയുണ്ട്. 2026-ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിരി വോയ്‌സ് അസിസ്റ്റന്റുമായും വിശാലമായ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളുമായും ആപ്പിൾ ടിവിയെ ബന്ധിപ്പിക്കുമെന്ന് സൂചനയുണ്ട്. ഹോംപോഡ് മിനിക്ക് ഹാർഡ്‌വെയർ നവീകരണത്തിനൊപ്പം പുതിയ കളർ ഓപ്ഷനുകളും ലഭിച്ചേക്കാം.
എം5 വിഷൻ പ്രോ: ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്‌സെറ്റ് പെർഫോമൻസ് നവീകരിക്കും. നിലവിലെ എം2 പ്രോസസറിന് പകരം പുതിയ എം5 പ്രോസസർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത മോഡൽ പുതിയ സ്‌പേസ് ബ്ലാക്ക് കളർ ഓപ്ഷനിൽ പുറത്തിറക്കുമെന്നും പരിഷ്‌ക്കരിച്ച സ്ട്രാപ്പ് ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
M5 ഐപാഡ് പ്രോ: പുതിയ M5 ചിപ്പിൽ പ്രവർത്തിക്കുന്ന ഐപാഡ് പ്രോയും ആപ്പിൾ ഉടൻ അവതരിപ്പിച്ചേക്കും. പോർട്രെയിറ്റ് ഓറിയന്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന രണ്ടാമത്തെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ടാബ്‌ലെറ്റിൽ ഉണ്ടാകും. ഐഫോൺ 17-ൽ അവതരിപ്പിച്ച ചതുരാകൃതിയിലുള്ള സെൽഫി ക്യാമറ സെൻസർ ഈ ഉപകരണത്തിലും ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.
എയർടാഗ് 2: ആപ്പിളിന്റെ എയർടാഗിന് അത് ലോഞ്ച് ചെയ്തതിന് ശേഷം ഇതാദ്യമായി ഒരു പ്രധാന അപ്ഡേറ്റ് ഉടൻ ലഭിക്കും എന്ന് റിപ്പോർട്ടുണ്ട്. എയർപോഡ്സ് പ്രോ 3-ൽ അടുത്തിടെ അവതരിപ്പിച്ച U2 ചിപ്പ് ഈ ട്രാക്കിംഗ് ആക്‌സസറിയിൽ നൽകിക്കൊണ്ട് എയർടാഗ് ആപ്പിൾ നവീകരിച്ചേക്കും. പുതിയ U2 ചിപ്പ് എയർടാഗിന്റെ കൃത്യത മെച്ചപ്പെടുത്തുകയും കൂടുതൽ ഈസിയായി ടാഗ് ചെയ്‌തവ കണ്ടെത്തുന്നത് എളുപ്പമാക്കുകയും ചെയ്യും.

2026 ന്റെ തുടക്കത്തിൽ എത്തിയേക്കാവുന്ന ആപ്പിൾ ഡിവൈസുകൾ
ഐഫോൺ 17e: അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ ആപ്പിൾ പുതിയ ഐഫോൺ 17e അവതരിപ്പിച്ചേക്കും. ഐഫോൺ 16e യുടെ പിൻഗാമിയായി എത്തുന്ന ഈ എൻട്രി ലെവൽ ഐഫോൺ A19 ചിപ്പും മറ്റ് ചെറിയ നവീകരണങ്ങളുമായി 2026 തുടക്കത്തിൽ ആപ്പിൾ അവതരിപ്പിക്കും എന്നാണ് സൂചന.
M5 മാക്ബുക്ക് പ്രോ, M5 മാക്ബുക്ക് എയർ: മാക്ബുക്ക് പ്രോ നവീകരണം ഇത്തവണ അല്പം വൈകിയേക്കാം. നിലവിലെ ഡിസൈൻ നിലനിർത്തിക്കൊണ്ട് M5 സിലിക്കണിലേക്കുള്ള മാറ്റമാകും ഇത്തവണത്തെ പ്രധാന അപ്‌ഡേറ്റ്. മാക്ബുക്ക് എയർ M5 2026 ന്റെ ആദ്യ പാദത്തിൽ അപ്‌ഗ്രേഡിനായി തയാറാകുന്നുണ്ട്. ഇതിലെ മാറ്റങ്ങൾ പ്രധാനമായും പെർഫോമൻസ് വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കും.

പുതിയ മാക് ഡിസ്പ്ലേ: ആപ്പിൾ രണ്ട് എക്സ്റ്റേണൽ മോണിറ്ററുകൾ വികസിപ്പിക്കുന്നതായി ചില റിപ്പോർട്ടുകളുണ്ട്. സ്റ്റുഡിയോ ഡിസ്‌പ്ലേയുടെ പിൻഗാമിയായി കരുതപ്പെടുന്ന അവയിലൊന്ന്, വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന രണ്ട് മോണിറ്ററുകളും 27 ഇഞ്ച് സ്‌ക്രീൻ വലുപ്പം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യം സ്റ്റുഡിയോ ഡിസ്‌പ്ലേ നവീകരണമാകും ഉണ്ടാകുക.
സ്മാർട്ട് ഹോം ഹബ്: ആപ്പിൾ ഒരു പുതിയ പ്രോഡ്ക്ട് കാറ്റഗറി കൂടി അവതരിപ്പിച്ചേക്കും. സിരിക്ക് വേണ്ടിയുള്ള ഒരു ഡെഡിക്കേറ്റഡ് സ്മാർട്ട് ഹോം ഹബ് ആയിരിക്കും അത്. നേരത്തെയുള്ള ഒരു റിലീസിനായി ഉദ്ദേശിച്ചിരുന്നെങ്കിലും, ആപ്പിൾ അതിന്റെ ഡിജിറ്റൽ അസിസ്റ്റന്റ് പുനർനിർമ്മിച്ചപ്പോൾ പദ്ധതി വൈകി.


Click it and Unblock the Notifications








