വാരുന്നത് കോടികളാണ്, പിന്നെങ്ങനെ അടങ്ങിയിരിക്കും! ആപ്പിൾ ഇന്ത്യയിൽ 4 സ്റ്റോറുകൾ കൂടി തുടങ്ങുന്നു
മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ വൻ ഹിറ്റ് ആയതിന് പിന്നാലെ ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ ബികെസി(മുംബൈ) 2023 ഏപ്രിൽ 18 നാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറായ ആപ്പിൾ സാകേത് (ഡൽഹി) ഏപ്രിൽ 20ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആപ്പിൾ സിഇഒ ടിം കുക്ക് നേരിട്ടെത്തിയാണ് ഈ രണ്ട് ആപ്പിൾ സ്റ്റോറുകളും ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനുള്ളിൽത്തന്നെ ഈ രണ്ട് ആപ്പിൾ സ്റ്റോറുകളും റെക്കോഡ് വരുമാനം നേടിയത് വൻ ചർച്ചയായിരുന്നു.
ഇന്ത്യയിലെ വിശാലമായ വിപണന സാധ്യതകൾ അന്നുതന്നെ ആപ്പിൾ നോട്ടമിട്ടിരുന്നു. അതിനാൽ ഇന്ത്യയിൽ കൂടുതൽ ആപ്പിൾ സ്റ്റോറുകൾ വന്നേക്കാമെന്ന് കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് പുതിയ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ വിപണിയും ഐഫോൺ നിർമാണ സാധ്യതകളും കണക്കിലെടുത്ത് ആപ്പിൾ 4 പുതിയ റീട്ടെയിൽ സ്റ്റോറുകൾ കൂടി ഇന്ത്യയിൽ ആരംഭിച്ചേക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന പുതിയ 4 ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ മൂന്നെണ്ണം ബംഗളുരു, പുനെ, ഡൽഹി-എൻസിആർ മേഖല എന്നിവിടങ്ങളിൽ ആയിരിക്കും, നാലാമത്തെ സ്റ്റോർ ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിൽ തന്നെയാണ് എന്നാണ് റിപ്പോർട്ട്. അതോടെ രണ്ട് ആപ്പിൾ സ്റ്റോറുകൾ മുംബൈയ്ക്ക് സ്വന്തമാകും. ഇക്കഴിഞ്ഞ ആപ്പിൾ ഐഫോൺ 16 സീരീസ് വിൽപ്പനയിൽ അടക്കം ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വൻ ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യക്കാർക്ക് ആപ്പിൾ ഡിവൈസുകളോട് വർധിച്ചുവരുന്ന താൽപര്യം മനസിലാക്കിക്കൂടിയാണ് ആപ്പിൾ പുതിയ സ്റ്റോറുകൾ ഇന്ത്യയിൽ തുടങ്ങാൻ തയാറെടുക്കുന്നത്. ഇന്ത്യയിലെ ആപ്പിളിൻ്റെ വരുമാനത്തിലേക്ക് വൻ സംഭാവന നൽകാൻ നിലവിലെ രണ്ട് ആപ്പിൾ സ്റ്റോറുകൾക്കും കഴിയുന്നുണ്ട്. ഇന്ത്യയിലെ ആപ്പിളിൻ്റെ ബിസിനസിൻ്റെ അഞ്ചിലൊന്ന് നടക്കുന്നത് ഡൽഹിയിലും മുംബൈയിലുമാണ് എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

ആപ്പിളിന്റെ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ ഇപ്പോൾ മുൻപത്തെക്കാൾ ഏറെ മെച്ചപ്പെട്ടു. ഓരോ വർഷം കഴിയുന്തോറും അത് വൻ തോതിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുമ്പ്, ആപ്പിൾ ഇന്ത്യയിൽ പഴയ ഐഫോൺ മോഡലുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്, എന്നാൽ കാലക്രമത്തിൽ അതിൽ മാറ്റമുണ്ടായി. ചൈനയുമായുള്ള അമേരിക്കയുടെയും ആപ്പിളിന്റെയും ബന്ധം വഷളായതും ഇന്ത്യക്ക് തുണയായി.
ഇപ്പോൾ ഹൈ-എൻഡ് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ, ഐഫോൺ 16 ലൈനപ്പ് മുഴുവൻ ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഐഫോൺ നിർമാണം ഘട്ടം ഘട്ടമായി ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഫലമായിക്കൂടിയാണ് ഇന്ത്യയിലെ ഐഫോൺ നിർമാണം ഈ നിലയിൽ വളർന്നിരിക്കുന്നത്.
ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ആപ്പിൾ ഇൻ്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ 16, 16 പ്ലസ്, പ്രോ മാക്‌സ് മോഡലുകളുടെ ചുമതല ഫോക്‌സ്‌കോണിനാണ്, ഐഫോൺ 16, 16 പ്രോ എന്നിവ പെഗാട്രോണാണും കൈകാര്യം ചെയ്യുന്നുണ്ട്. ഐഫോൺ 16, 16 പ്ലസ് മോഡലുകൾ ടാറ്റ ഇലക്‌ട്രോണിക്‌സും നിർമ്മിക്കും.

ഇന്ത്യയിൽ നിർമിക്കുന്ന പുതിയ ഐഫോണുകൾ ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റിയയക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിലും കാര്യമായ സംഭാവന നൽകാൻ ആപ്പിളിന്റെ ഈ നീക്കം ഇടയാക്കിയിട്ടുണ്ട്. ആപ്പിളിൻ്റെ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിക്കുന്നതായി ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നു. ആപ്പിൾ ഡിവൈസുകളുടെ വിൽപ്പന ഇന്ത്യയിൽ കൂടുതൽ വർധിപ്പിക്കാനും അതുവഴി ഇനിയും കോടികൾ വാരാനും പുതിയ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ആപ്പിളിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








