ഇതൊക്കെ 8 വർഷം മുമ്പേ ഞങ്ങൾ കൊണ്ടുവന്നതാ; ആപ്പിളിന്റെ ഏറ്റവും വലിയ മാറ്റത്തെ കളിയാക്കി സാംസങ്
സെപ്റ്റംബർ 12ന് ആയിരുന്നു ആപ്പിൾ തങ്ങളുടെ പുതിയ ഫോണുകളായ ഐഫോൺ 15 സീരീസ് ഫോണുകളെ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയായിരുന്നു പുതിയ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ. ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും കമ്പനി പുറത്തിറക്കി.
ആപ്പിളിന്റെ 14 സീരീസ് ഫോണുകളുടെ അപ്ഡേറ്റഡ് വേർഷൻ എന്ന നിലയിലാണ് 15 സീരീസ് ഫോണുകൾക്ക് രൂപം നൽകിയിരിക്കുന്നത്. ആയതിനാൽ തന്നെ പഴയ മോഡൽ ഫോണുകളിൽ നിന്ന് നിരവധി കാര്യങ്ങളിൽ മാറ്റം വരുത്താൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. ഇത്തരം മാറ്റങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം ആയിരുന്നു പുതിയ ഫോണുകൾക്ക് ആപ്പിൾ സി ടൈപ് യുഎസ്ബി പോർട്ട് നൽകിയിരിക്കുന്നു എന്നത്.

വലിയ നേട്ടമായാണ് ആപ്പിൾ ഇത് എടുത്തുകാണിച്ചിരിക്കുന്നത്. എന്നാൽ ആപ്പിളിന്റെ ഈ പുതിയ മാറ്റത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആപ്പിളിന്റെ ഏറ്റവും വലിയ എതിരാളികളിൽ ഒരാളായ സാംസങ്. എക്സിലെ (ട്വിറ്റർ) പുതിയ പോസ്റ്റിലൂടെയാണ് സാംസങ് രംഗത്ത് എത്തിയിരിക്കുന്നത്. ആപ്പിളിനെ പരിഹസിച്ച് രണ്ട് ട്വീറ്റുകളാണ് സാംസങ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ട്വീറ്റിൽ ആപ്പിളിന്റെ പ്രശസ്തമായ ക്യാച്ച് വേർഡ് ഉപയോഗിച്ചാണ് കളിയാക്കിയിരിക്കുന്നത്.
വൺ മോർ തിങ് എന്നത് ഏറെക്കാലം ആപ്പിളിന്റെ ക്യാച്ച് വേർഡ് ആയിരുന്നു എന്നാൽ പുതിയ ട്വിറ്റിൽ സാംസങ് എഴുതിയിരിക്കുന്നത്. ഇവന് ശരിക്കും "ഒരു കാര്യം കൂടി" ഉപയോഗിക്കാമായിരുന്നു (This one REALLY could have used "one more thing") എന്നായിരുന്നു. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സാണ് ഈ വാചകം ആപ്പിളിന് നൽകിയത്. നേരത്തെ ആപ്പിളിന്റെ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്യുമ്പോൾ ഈ വാചകം ചേർക്കുമായിരുന്നു.

2010-ൽ പുറത്തിറക്കിയ മാക്ക്ബുക്കുകളുടെ കവറുകളിലും വൺ മോർ തിങ് എന്ന ക്യാച്ച് വേർഡ് എഴുതിയിരുന്നു. എന്നാൽ സ്റ്റീവ് ജോബ്സിന്റെ മരണ ശേഷം കമ്പനി ഈ വാചകം അധികം ഉപയോഗിക്കാറില്ലായിരുന്നു. ഈ വാക്കുകളോടെ ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട് എന്ന് ഐഫോൺ എക്‌സിന്റെ അനാച്ഛാദന വേളയിൽ ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു. എന്തുതന്നെ ആയിരുന്നാലും സാംസങിന്റെ പുതിയ ട്വീറ്റ് ടെക് ലോകത്ത് വിലയ സംസാര വിഷയമായിരിക്കുകയാണ്.
അതേ സമയം ആപ്പിളിന്റെ സി ടൈപ് യുഎസ്ബി പോർട്ടിനെ പരിഹസിച്ചുള്ള സാംസങിന്റെ പോസ്റ്റും വൈറലായിരിക്കുകയാണ്. അറ്റ് ലാസ്റ്റ് വി കാൻ സി വൺ ചേഞ്ച് ദാറ്റ്സ് മാജിക്കൽ (At least we can C one change that's magical) എന്നായിരുന്നു സാംസങിന്റെ രണ്ടാമത്തെ ട്വീറ്റ്. ഇതിൽ സീ എന്നതിന്റെ സ്പെല്ലിങ് വെറും ക്യാപിറ്റൽ ലെറ്റൽ സി മാത്രമാക്കിയാണ് നൽകിയിരിക്കുന്നത്. ഇത് ആപ്പിളിന്റെ പുതിയ മാറ്റത്തെ ഉദ്ദേശിച്ചാണ്.
ഫോണിൽ ആദ്യമായി സി ടൈപ് യുഎസ്ബി പരിചയപ്പെടുത്തിയത് സാംസങ് ആയിരുന്നു. 2015ൽ ആയിരുന്നു കമ്പനി ഈ മാറ്റം കൊണ്ടുവന്നത്. ഇത് ആദ്യമായല്ല ആപ്പിളിനെ പരിഹസിച്ച് സാംസങ് ഇത്തരത്തിൽ രംഗത്ത് വരുന്നത്. നേരത്തെ നിരവധി തവണ ഇത് ആവർത്തിച്ചിട്ടുണ്ട്. നേരത്തെ ഫോൾഡബിൾ ഫോൺ ഇറങ്ങിയ സമയത്തും സാംസങ് ആപ്പിളിനെതിരെയുെ വൺപ്ലസിനെതിരെയും പരിഹാസവുമായി രംഗത്ത് വന്നിരുന്നു. ഇതിന് വൺപ്ലസ് മറുപടി നൽകുകയും ചെയ്തിരുന്നു.
മറ്റുള്ളവർ അടയ്ക്കുമ്പോൾ ഞങ്ങൾ തുറക്കും എന്നായിരുന്നു മറുപടി പോസ്റ്റിൽ വൺപ്ലസ് പറഞ്ഞത്. പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസിന്റെ ഫോൾഡബിൾ ഫോണിനെ മുൻനിർത്തിയായിരുന്നു വൺപ്ലസിന്റെ ഈ ട്വീറ്റ്. ഈ വർഷം തന്നെ വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങിന്റെ ഫോൾഡബിൾ ഫോണിന്റെ മാർക്കറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൺപ്ലസ് മുന്നോട്ട് പോകുന്നത്. അതേ സമയം മികച്ച അഭിപ്രായമാണ് സാസംങിന്റെ ഫോൾഡബിൾ ഫോണുകൾക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications








