ഹൃദയത്തിന്റെ താളം തെറ്റൽ തിരിച്ചറിയും, ജീവൻ രക്ഷിക്കും; ആപ്പിൾ വാച്ചിലെ നിർണായക ഫീച്ചർ ഇന്ത്യയിലും ലഭ്യം
നിർണായക മുന്നറിയിപ്പുകൾ നൽകി ഇതിനോടകം നിരവധി ജീവനുകൾ രക്ഷിച്ച 'അദ്ഭുത' ഉപകരമാണ് ആപ്പിൾ വാച്ചുകൾ. കേവലം സമയം നോക്കുക എന്നതിനപ്പുറം സ്മാർട്ട് വാച്ചുകൾ ഇന്ന് ടെക്നോളജിയെ മനുഷ്യ ജീവിതവുമായി അത്രമേൽ അടുപ്പിച്ച് നിർത്തുന്നു. അതിൽത്തന്നെ ആപ്പിൾ വാച്ചുകളും അതിലെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഏറെ മുന്നിട്ടുനിൽക്കുന്നു.
ആപ്പിൾ വാച്ചുകൾ ആളുകളുടെ ജീവൻ രക്ഷിച്ച വാർത്തകൾ ഇതിനോടകം നിരവധി തവണ നാം കേട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം അമേരിക്കയിലും മറ്റും ആയിരുന്നു. എന്നാൽ ഇന് നമ്മുടെ നാട്ടിലും ആപ്പിൾ വാച്ച് രക്ഷാപ്രവർത്തനവുമായി മുന്നിലുണ്ടാകും. കാരണം ആപ്പിൾ വാച്ചുകളിലെ നിർണായക ഫീച്ചറുകളിലൊന്ന് ഇപ്പോൾ ഇന്ത്യയിലും ലഭ്യമായിരിക്കുകയാണ്.

AFib ഹിസ്റ്ററി ഫീച്ചർ സൗകര്യമാണ് ഇപ്പോൾ ഇന്ത്യയിലും ലഭ്യമായിരിക്കുന്ന ആ നിർണായക ആപ്പിൾ വാച്ച് ഫീച്ചർ. ഏട്രിയൽ ഫൈബ്രിലേഷൻ(AFib) എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ടുള്ളതാണ് ആപ്പിൾ വാച്ചുകളിലെ AFib ഹിസ്റ്ററി ഫീച്ചർ. ഹൃദയത്തിന്റെ മുകളിലെ അറ താഴത്തെ അറകളുമായി സമന്വയിപ്പിക്കാതെ മിടിക്കുന്ന അവസ്ഥയാണ് ഏട്രിയൽ ഫൈബ്രിലേഷൻ.
ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന ഈ താളംതെറ്റൽ ആളുകളുടെ ജീവൻ നഷ്ടമാകുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് AFib ആളുകളെ കൊണ്ടെത്തിക്കുന്നു. ഏറെ ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ ഇത് സംബന്ധിച്ച ലക്ഷണങ്ങളൊന്നും പുറത്തുവരില്ല. ഇത് പലപ്പോഴും അപകട സാധ്യത വർധിപ്പിക്കുന്നു.
എന്നാൽ ആപ്പിൾ വാച്ചുകളിലെ AFib ഫീച്ചർ ഈ വെല്ലുവിളിക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നു. ഹൃദയമിടിപ്പ് ട്രാക്ക് ചെയ്തുകൊണ്ട്, ഈ അവസ്ഥയെ നേരിടാനും അപകടാവസ്ഥയിലേക്ക് നീങ്ങും മുൻപ് മുന്നറിയിപ്പ് നൽകാനും ആപ്പിൾ വാച്ചിന് സാധിക്കും. 2022-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ( WWDC ) ആണ് ആപ്പിൾ വാച്ചുകളിൽ ഈ ഫീച്ചർ അവതരിപ്പിച്ചത്.
ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിലെ ആപ്പിൾ വാച്ച് ഉടമകൾക്കും ലഭ്യമാണ്. ഇതിനകം AFib രോഗനിർണയം നടത്തിയവർക്ക്, ആപ്പിൾ വാച്ചിലെ AFib ഹിസ്റ്ററി ഫീച്ചർ അവരുടെ ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാൻ കഴിയുന്നു. ഈ ഹിസ്റ്ററി റിപ്പോർട്ട് അനുസരിച്ച് ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ദൈനംദിന ജീവിതക്രമം ചിട്ടപ്പെടുത്താനും സാധിക്കും.
കൂടാതെ പ്രതിവാര AFib ഹിസ്റ്ററി ഫീച്ചർ വിവരങ്ങൾ തങ്ങളുടെ ഡോക്ടറുമായി പങ്കിടാനും അതുവഴി കൃത്യമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. ആപ്പിൾ വാച്ച് AFib ഹിസ്റ്ററി ഫീച്ചർ ലഭ്യമാകുന്നതിന് ഉപയോക്താക്കൾ തങ്ങളുടെ ഐഫോണും ആപ്പിൾ വാച്ചും ഏറ്റവും പുതിയ ഒഎസ് അപ്ഡേഷൻ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ആപ്പിൾ വാച്ച് AFib ഹിസ്റ്ററി ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം: ആദ്യം ഐഫോണിൽ ഹെൽത്ത് ആപ്പ് തുറക്കുക. തുടർന്ന് സ്ക്രീനിന്റെ താഴെയുള്ള "ബ്രൗസ്" ടാപ്പുചെയ്യുക, ശേഷം "Heart" തിരഞ്ഞെടുക്കുക. ശേഷം ''AFib History'' ഓപ്ഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് Set Up എന്നതിലും ശേഷം Get Started എന്നതിലും ക്ലിക്ക് ചെയ്യുക.
അതിനു ശേഷം ഉപയോക്താവിന്റെ ജനനത്തീയതി നൽകുക. തുടർന്ന് ഉപയോക്താവിന് AFib ഉണ്ടെന്ന് ഒരു ഡോക്ടർ സ്ഥിരീകരിച്ചതായി സൂചിപ്പിക്കുക. തുടർന്ന് AFib ഹിസ്റ്ററി, റിസൾട്ട്, ട്രാക്ക് ചെയ്ത ജീവിത രീതികൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ "Continue" ടാപ്പുചെയ്യുക. ഏറ്റവുമൊടുവിലായി Done ക്ലിക്ക് ചെയ്യുക. അതോടെ AFib ഹിസ്റ്ററി സെറ്റ് അപ് പൂർത്തിയാകും.
എല്ലാ തിങ്കളാഴ്ചയും ഉപയോക്താക്കൾക്ക് പ്രതിവാര AFib അലേർട്ടുകൾ ലഭിക്കും. കുറഞ്ഞത് ആറാഴ്ചയെങ്കിലും ആപ്പിൾ വാച്ച് ധരിച്ചതിന് ശേഷമാണ് വിശദമായ AFib ഹിസ്റ്ററി റിപ്പോർട്ട് ലഭ്യമാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം സംബന്ധിച്ച കൃത്യമായ വിലയിരുത്തലുകൾ നൽകാൻ ഈ ഫീച്ചറിന് സാധിക്കും. അതിലൂടെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം എന്നത് വലിയ നേട്ടമാണ്.


Click it and Unblock the Notifications








