ഒരു ജീവൻ പോയാൽ താളം തെറ്റുന്നത് ഒരുപാട് ജീവിതങ്ങളാകും! ഇന്ത്യയിലും യുവതിയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്
ഓരോ മനുഷ്യജീവന്റെയും വലി വളരെ വലുതാണ്. ഒരു മനുഷ്യ ജീവൻ നഷ്ടമാകുമ്പോൾ ഇല്ലാതാകുന്നത് ഒരു ജീവിതം മാത്രമല്ല, അവരെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുടെ ജീവിതത്തിന്റെ താളം കൂടിയായിരിക്കും. മകൾ, മകൻ, ഭാര്യ, പ്രണയിനി, ഭർത്താവ്, അച്ഛൻ, അമ്മ, സുഹൃത്ത്, തുടങ്ങി സ്നേഹബന്ധങ്ങളാൽ പൊതിഞ്ഞതാണ് പലരുടെയും ജീവൻ.
പ്രിയപ്പെട്ടവരുടെ വിയോഗം പലരെയും മാനസികമായി തളർത്തും. അതും പ്രായമാകാതെയും മറ്റുമുള്ള അപ്രതീക്ഷിത മരണങ്ങൾ വളരെ വലിയ വേദനയാണ് അവരെ സ്നേഹിക്കുന്നവരിൽ ഉണ്ടാക്കുക. മരണത്തെ തടുക്കാൻ ആർക്കും കഴിയില്ല എന്നാണ് പൊതുവെ പറയാറ്. എന്നാൽ മരണത്തെ ഒരു പരിധി വരെ അകറ്റി നിർത്താൻ ഇന്നത്തെ ടെക്നോളജികൾക്ക് സാധിക്കും.

മരണകാരണമായേക്കാവുന്ന രോഗങ്ങളെക്കുറിച്ചും വരാൻ പോകുന്ന അപകടങ്ങളെക്കുറിച്ചുമൊക്കെ മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ചില ടെക്നോളജികളും ഡിവൈസുകളും ഇന്ന് ലഭ്യമാണ്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഡിവൈസ് ആണ് ആപ്പിളിന്റെ സ്മാർട്ട് വാച്ച്. ആപ്പിൾ വാച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ചതായി നാം ഇതിനകം കേട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം അമേരിക്കയിലും മറ്റും ആയിരുന്നു.
അതിനാൽത്തന്നെ ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ചതായുള്ള വാർത്തകൾ കണ്ട പല മലയാളികളും പറഞ്ഞത് അതൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നാണ്. എന്നാൽ ജീവൻ രക്ഷപ്പെട്ടവർക്കും അവരുടെ ഉറ്റവർക്കും ആപ്പിൾ വാച്ചിന്റെയും അതിലെ ടെക്നോളജിയുടെയും മഹത്വം വളരെ വേഗത്തിൽ മനസിലാക്കാനാകും. മുൻപ് ആപ്പിൾ വാച്ചുകളിലെ ടെക്നോളജികൾ പലതും ഇന്ത്യയിൽ ലഭ്യമായിരുന്നില്ല.
എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ ആപ്പിൾ വാച്ചുകളിലെ ചില ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ ഇന്ത്യയിലും പ്രവർത്തിച്ചു തുടങ്ങി. ഇതിന്റെ ഫലം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഗുരുതര പ്രശ്നം നേരിട്ട ഡൽഹി ജെഎൻയു ഗവേഷകയുടെ ജീവൻ രക്ഷിക്കുന്നതിൽ ആപ്പിൾ വാച്ച് നിർണായക പങ്കുവഹിച്ചു.
തന്റെ ജീവൻ രക്ഷിച്ച ആപ്പിൾ വാച്ചിന് നന്ദി പറഞ്ഞ് യുവതി തന്നെയാണ് രംഗത്തെത്തിയത്. ഏതാണ്ട് രണ്ട് വർഷമായി യുവതി ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ട്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ആപ്പിൾ വാച്ച് ഹൃദയമിടിപ്പ് ഉയർന്ന അളവിലാണ് എന്ന് മുന്നറിയിപ്പ് നൽകിയതായി യുവതി ടൈംസ് നൗവിനോട് പറഞ്ഞു.
താൻ വീട്ടിലെത്തിയപ്പോഴും ഹൃദയമിടിപ്പിൽ എന്തോ തകരാറുള്ളതായി തോന്നി. ചാർജ് ഇല്ലാതിരുന്നതിനാൽ വാച്ച് ചാർജിങ്ങിനിട്ടു. പിന്നീട് വാച്ച് ധരിച്ചപ്പോഴും ഹൃദയമിടിപ്പ് അപകടകരമായ വിധത്തിലാണ് എന്ന് മുന്നറിയിപ്പ് ലഭിച്ചു. അൽപ്പനേരം കഴിയുമ്പോൾ സാധാരണ നിലയിലാകുമെന്ന് കരുതി റെസ്റ്റെടുത്തു. എന്നാൽ ഹൃദയമിടിപ്പ് നോർമലായില്ല. ഏകദേശം 1.5 മണിക്കൂറിന് ശേഷം വാച്ചിൽ "ഏട്രിയൽ ഫൈബ്രിലേഷൻ" കാണിച്ചു.

അതോടെ അടിയന്തരമായി സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോകുകയായിരുന്നു എന്ന് യുവതി പറയുന്നു. ആശുപത്രിയിലെത്തിയപ്പോഴും ഹൃദയം വളരെ വേഗത്തിലാണ് മിടിച്ചിരുന്നത്. മിനിറ്റിൽ 250-ലധികം ഹൃദയമിടിപ്പുകൾ രേഖപ്പെടുത്തപ്പെട്ടു. രക്ത സമ്മർദ്ദം അളക്കാനാകാത്ത നിലയിലായിരുന്നു. അടിയന്തര ചികിത്സ എന്ന നിലയിൽ ഹൃദയ താളം ശരിയാക്കാൻ ഡോക്ടർമാർ യുവതിക്ക് ഡിസി ഷോക്ക്സ് എന്ന ചികിത്സ നൽകി.
ഹൃദയത്തിന്റെ മുകളിലെ അറ താഴത്തെ അറകളുമായി സമന്വയിപ്പിക്കാതെ മിടിക്കുന്ന അവസ്ഥയാണ് ഏട്രിയൽ ഫൈബ്രിലേഷൻ. ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന ഈ താളംതെറ്റൽ ജീവൻ നഷ്ടമാകുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്. ഇവിടെ യുവതിയുടെ ഹൃദയത്തിൻ്റെ താളം സാധാരണ നിലയിൽ പുനഃസ്ഥാപിക്കുന്നതിനായി ഡോക്ടർമാർ ഡിസി (ഡയറക്ട് കറൻ്റ് കാർഡിയോവേർഷൻ) ഷോക്കുകൾ നൽകുകയായിരുന്നു. കൃത്യ സമയത്ത് ആശുപത്രിയിൽ എത്താനായത് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.

ആപ്പിൾ വാച്ച് ഇല്ലായിരുന്നുവെങ്കിൽ തന്റെ ജീവൻ തന്നെ ഒരുപക്ഷേ നഷ്ടമാകുമായിരുന്നു എന്ന് മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവതി പറയുന്നു. കാരണം കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് പോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് AFib ആളുകളെ കൊണ്ടെത്തിക്കും. ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ ഇതിന്റെ ലക്ഷണങ്ങളൊന്നും പുറത്തുവരില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
ഇവിടെ ആപ്പിൾ വാച്ച് മുന്നറിയിപ്പ് നൽകിയതുകൊണ്ട് ആശുപത്രിയിലെത്താനും സമയത്ത് ചികിത്സ നൽകാനും കഴിഞ്ഞു. ഏട്രിയൽ ഫൈബ്രിലേഷൻ (AFib) തിരിച്ചറിയാനുള്ള ഫീച്ചർ 2022-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ ( WWDC ) ആണ് ആപ്പിൾ വാച്ചുകളിൽ അവതരിപ്പിച്ചത്. ഈ ഫീച്ചർ ഇപ്പോൾ ഇന്ത്യയിലെ ആപ്പിൾ വാച്ച് ഉടമകൾക്കും ലഭ്യമാണ്.


Click it and Unblock the Notifications








