ആപ്പിള്‍ ന്യൂ ഐപാഡ് 27ന് ഇന്ത്യയിലെത്തും

By Super
|
ആപ്പിള്‍ ന്യൂ ഐപാഡ് 27ന് ഇന്ത്യയിലെത്തും

ഒടുവില്‍ ആപ്പിളിന്റെ തേഡ് ജനറേഷന്‍ ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഏപ്രില്‍ 27ന് ന്യൂ ഐപാഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം ആപ്പിളാണ് പ്രഖ്യാപിച്ചത്. 30,500 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

മാര്‍ച്ച് 7നാണ് ആപ്പിള്‍ ന്യൂ ഐപാഡ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് മാര്‍ച്ച് 16ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇതിന്റെ വില്പന ആരംഭിക്കുകയും ചെയ്തു. ഏറെ സവിശേഷതകളോടെയെത്തിയ ന്യൂ ഐപാഡ് പുറത്തിറക്കി അധികം വൈകാതെ ഇന്ത്യയിലെത്തുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പെല്ലാം അടുത്ത ജനറേഷന്‍ ഉത്പന്നം അവതരിപ്പിക്കുന്നതിന് തൊട്ടു മുമ്പെ മാത്രമാണ് ആപ്പിള്‍ മുന്‍ വേര്‍ഷനുകള്‍ രാജ്യത്തെത്തിച്ചിരുന്നത്.

കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ന്യൂ ഐപാഡ് വില്പനക്കെത്തും. വൈഫൈ സൗകര്യം മാത്രമുള്ള 16 ജിബി മോഡലിനാണ് 30,500 രൂപ വില വരുന്നത്. മറ്റ് വൈഫൈ മോഡലുകളായ 32 ജിബി, 64 ജിബി എന്നിവയ്ക്ക് യഥാക്രമം 36,500 രൂപ, 42,500 രൂപ എന്നിങ്ങനെയാണ് വില. വൈഫൈ+4ജി സൗകര്യങ്ങളോടെയെത്തുന്ന മോഡലുകളുടെ വില 38,900 രൂപ (16ജിബി), 44,900 രൂപ (32ജിബി), 50,900 രൂപ(64 ജിബി) എന്നിങ്ങനെയാണ്.

ന്യൂ ഐപാഡ് സവിശേഷതകള്‍

റെറ്റിന ഡിസ്‌പ്ലെയാണ് ന്യൂ ഐപാഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സവിശേഷത. ഡ്യുവല്‍ കോര്‍ ആപ്പിള്‍ എ5എക്‌സ് പ്രോസസര്‍, ക്വാഡ് കോര്‍ ഗ്രാഫിക്‌സ്, 5 മെഗാപിക്‌സല്‍ ക്യാമറ, 10 മണിക്കൂറോളം ബാറ്ററി ദൈര്‍ഘ്യം എന്നിവയും പുതിയ ഐപാഡിന്റെ മേന്മകളാണ്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്പനയിലുള്ള ഐപാഡ് 2വിന്റെ വില പുതിയ ഐപാഡ് അവതരിപ്പിച്ചതിന്റെ ഭാഗമായി കമ്പനി കുറച്ചിരുന്നു. ഇപ്പോള്‍ 24,500 രൂപയ്ക്ക് ഐപാഡ് 2 വാങ്ങാനാകും. ഈ വില വീണ്ടും കുറയാന്‍ ഇടയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയെ കൂടാതെ കൊളംബിയ, എസ്റ്റോണിയ, ഇസ്രയേല്‍, ലാറ്റ്വിയ, ലിത്വാനിയ, മോന്റനെഗ്രോ, ദക്ഷിണാഫ്രിക്ക, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലും ഏപ്രില്‍ 27ന് ന്യൂ ഐപാഡ് എത്തും. ഇതിന് മുമ്പായി ഏപ്രില്‍ 20ന് മലേഷ്യ, പനാമ, ദക്ഷിണ കൊറിയ, വെനസ്വല, ഉറുഗ്വേ, ഡൊമനിക്കന്‍ റിപ്പബ്ലിക്, ബ്രൂണെ, സിപ്രസ്, ക്രയേഷ്യ, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമല, സെന്റ് മാര്‍ട്ടന്‍ എന്നീ രാജ്യങ്ങളില്‍ ന്യൂ ഐപാഡിന്റെ ഔദ്യോഗിക വില്പന ആരംഭിക്കും,

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X