അമേരിക്കൻ ആകാശത്ത് ചുറ്റിത്തിരിയുന്ന അജ്ഞാത വസ്തുക്കൾ ആരുടേതാണെന്നറിയുമോ?

അമേരിക്കൻ ആകാശത്ത് അവകാശികൾ ആരുമില്ലാത്ത ചില അജ്ഞാത പേടകങ്ങൾ അങ്ങനെ ചുറ്റിത്തിരിയുകയാണ്. എട്ട് ദിവസത്തിനിടെ നാല് അജ്ഞാത വസ്തുക്കളയാണ് സൈന്യം വെടിവച്ചിട്ടത്. ആദ്യത്തേത് ചൈനീസ് ചാര ബലൂണാണെന്ന് മുമ്പ് തന്നെ സ്ഥിരീകരിച്ചെങ്കിലും മറ്റുള്ളവയെല്ലാം എന്താണെന്നൊരു ധാരണ ഇത് വരെയും ആർക്കുമില്ല. മിഷിഹണിലെ ഹ്യൂറോൺ തടാകത്തിന് മുകളിൽ 20,000 അടി ഉയരത്തിൽ കണ്ട പേടകം ഞായറാഴ്ച എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവച്ചിട്ടതാണ് ഇക്കൂട്ടത്തിലെ പുതിയ സംഭവം. വഴിക്കൂടേ പോകുന്നതിനെയെല്ലാം എലിയൻസ് എന്ന് വിളിക്കുന്ന അമേരിക്കൻ ജനതയെ ഇതെല്ലാം കൂടി ആകെ വട്ട് പിടിപ്പിച്ചിട്ടുമുണ്ട്. പേടകങ്ങൾക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഒന്നും തള്ളിക്കളയാൻ തയ്യാറല്ലെന്നാണ് നോറാഡ് മേധാവി ജനറൽ ഗ്ലെൻ വാൻഹെർക്ക് മറുപടി നൽകിയത്. എന്നാൽ വൈറ്റ്ഹൌസ് സെക്രട്ടറി കരീൻ ജീൻ-പിയറി എക്സ്ട്രാ ടെറസ്ട്രിയൽ ഇടപെടലുകൾ അതായത് അന്യഗ്രഹ ജീവികളുമായി സംഭവങ്ങൾക്ക് ബന്ധമില്ലെന്ന് തറപ്പിച്ച് പറയുന്നുമുണ്ട്.
ഏലിയൻ? ചാര ബലൂണുകൾ അതുമല്ലെങ്കിൽ..?
ജനുവരിയിലാണ് ആദ്യമായി അമേരിക്കൻ ആകാശത്ത് ഒരു അജ്ഞാത പേടകം പ്രത്യക്ഷപ്പെടുന്നത്. എയ്ലൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായി അമേരിക്കൻ വ്യോമ പരിധിക്കുള്ളിൽ പ്രവേശിച്ച 60 മീറ്റർ വലിപ്പമുള്ള ചൈനീസ് ബലൂണായിരുന്നു അത്. ചാര ബലൂണെന്ന് യുഎസും വെറും കാലാവസ്ഥാ ബലൂണെന്ന് ചൈനയും വിളിക്കുന്ന ബലൂൺ ഇതിനിടയിൽ അലാസ്കയിലും കാനഡയിലും ഒക്കെയൊന്ന് ചുറ്റിത്തിരിഞ്ഞു. വീണ്ടും US വ്യോമപരിധിയിൽ എത്തിയ ബലൂൺ എഫ്22 വിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കൻ വ്യോമസേന വെടിവച്ചിടുകയും ചെയ്തു. ഏകദേശം 60,000 അടി ഉയരത്തിൽ പറന്ന ബലൂണിന് ഒരു ടണ്ണിലധികം ഭാരവും മൂന്ന് ബസുകളുടെ വലിപ്പവും ഒന്നിലധികം ആന്റിനകളും നിരവധി സോളാർ പാനലുകളുമുണ്ടായിരുന്നു.
രണ്ടാമത്തെ സംഭവം മുതലാണ് കാര്യങ്ങൾ കുറച്ച് കൂടി കളറായി തുടങ്ങിയത്. ഫെബ്രുവരി 10 ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ അലാസ്കയ്ക്ക് മുകളിൽ വച്ച് മറ്റൊരു പേടകം കൂടി വെടിവച്ചിട്ടു. വൈറ്റ് ഹൗസ് പ്രസ്താവനകൾക്ക് അനുസരിച്ച് ഒരു ചെറിയ കാറിന്റെ വലിപ്പമാണ് ഈ വസ്തുവിനുണ്ടായിരുന്നത്. സൗത്ത് കരോലിന തീരത്ത് വെടിവച്ച ചൈനീസ് ബലൂണുമായി ഒരു സാമ്യവും ഈ വസ്തുവിനില്ലെന്നും അമേരിക്കൻ എജൻസികൾ ആവർത്തിച്ച് പറയുന്നു. ഫെബ്രുവരി 11 ന് യുഎസ് അതിർത്തിയോട് ചേർന്നുള്ള കാനഡയിലെ യുക്കോൺ പ്രദേശത്ത് മൂന്നാമത്തെ അജ്ഞാത പേടകവും സൈന്യം വെടിവച്ചിട്ടു, ചെറിയ ബലൂൺ ആകൃതിയിലുള്ള ലോഹഭാഗവും അതിന് താഴെയായി കെട്ടിയിട്ട രീതിയിലുള്ള മറ്റൊരു വസ്തുവും എന്ന നിലയിലായിരുന്നു മൂന്നാമത്തെ അജ്ഞാത പേടകത്തിന്റെ ഘടന.
നാലാമതായി കണ്ടെത്തിയ ആകാശ പേടകത്തിന് അൽപ്പം കൂടി വ്യത്യസ്തമായ ഘടനയാണ് ഉണ്ടായിരുന്നത്. ഒക്റ്റാഗണൽ ( അഷ്ടഭുജ ) ഘടനയിൽ ചരടുകൾ പോലെയുള്ള ഭാഗങ്ങൾ തൂങ്ങിക്കിടക്കുന്ന രൂപമാണ് ഈ പേടകത്തിനുണ്ടായിരുന്നത്. എന്നാൽ അത് എന്തെങ്കിലും പേലോഡുകളോ മറ്റോ വഹിക്കുന്നുണ്ടായിരുന്നില്ല. ഫെബ്രുവരി 12ന് മിഷിഗണിലെ ഹ്യൂറോൺ തടാകത്തിന് മുകളിൽ വച്ച് ഈ പേടകവും യുഎസ് സേന വെടിവച്ചിട്ടു. വ്യോമ ഗതാഗതത്തെ ബാധിക്കുമെന്ന ആശങ്കയാണ് പേടകങ്ങൾ വെടിവച്ചിടാൻ കാരണമെന്നാണ് വിശദീകരണം. എതെങ്കിലും തരത്തിലുള്ള ആക്രമണ സാധ്യതയാണോയെന്ന് ചോദിച്ചാൽ എങ്ങും തൊടാത്തൊരു മറുപടിയുമാണ് അമേരിക്കൻ സർക്കാർ പ്രതിനിധികൾ നൽകുന്നതും.
ഈ പേടകങ്ങൾ എവിടെ നിന്ന് വന്നുവെന്ന് ചോദിച്ചാൽ പോലും ഇന്നും വ്യക്തമായൊരുത്തരം പറയാൻ അമേരിക്കയ്ക്ക് കഴിയുന്നില്ല. ചാരപ്രവൃത്തിക്കായി അയച്ചതോണായെന്ന് സംശയിക്കാൻ കാരണങ്ങളൊന്നുമില്ലെന്നും എന്നാൽ അതേ സമയം അത് തള്ളിക്കളയാൻ കഴിയില്ലെന്നും വൈറ്റ് ഹൌസിന്റെ ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറയുന്നിടത്താണ് വൈരുദ്ധ്യങ്ങളുടെ തുടക്കം. പേടകങ്ങൾക്ക് സ്വയം ചലിക്കാനുള്ള ശേഷിയുണ്ടോ, ആകാശത്ത് വച്ച് ദിശ മാറാൻ കഴിയുമോ, ആശയവിനിമയ ശേഷിയുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അറിയില്ല, മനസിലായിട്ടില്ല എന്നിങ്ങനെയുള്ള ഉത്തരങ്ങൾ മാത്രമാണ് ഇപ്പോഴും സർക്കാരിൽ നിന്ന് ലഭിക്കുന്നത്.
(us) എന്ത് കൊണ്ട് ഇപ്പോൾ ഇത്രയധികം അജ്ഞാത പേടകങ്ങൾ
ആകാശത്ത് കാണുന്ന ഈ അജ്ഞാത പേടകങ്ങൾ പെട്ടെന്ന് പൊട്ടിമുളച്ചവയല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇവയെ നിരീക്ഷിക്കാനും കണ്ടെത്താനും ഇത്രയും കാലം അമേരിക്കൻ സേനയ്ക്ക് ശേഷിയില്ലായിരുന്നതാണ് പെട്ടെന്ന് കൂടുതൽ പേടകങ്ങൾ കണ്ടെത്താൻ കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിശ്ചിത ഉയരത്തിനും മുകളിൽ സാവധാനം ചലിക്കുന്ന ഉപകരണങ്ങളെയും പേടകങ്ങളെയും കണ്ടെത്താനാകുന്ന വിധത്തിലേക്ക് നോറാഡിന്റെ റഡാർ ഫിൽറ്ററുകളും മറ്റും അടുത്തിടെ പുനക്രമീകരിച്ചിരുന്നു. ചൈനീസ് ബലൂണിന്റെ കടന്ന് വരവിന് ശേഷമാണ് ഇത് പൂർണ അർഥത്തിൽ സജ്ജമായതും.
നേരത്തെ യുദ്ധവിമാനങ്ങൾ, ബോംബറുകൾ എന്നിവയൊക്കെ നിരീക്ഷിച്ച് പ്രതിരോധിക്കുന്ന ബാലസ്റ്റിക് പ്രതിരോധത്തിനായിരുന്നു അമേരിക്ക മുൻഗണന നൽകിയിരുന്നത്. സിഎഎൻ പുറത്ത് വിട്ട ഒരു റിപ്പോർട്ട് അനുസരിച്ച് ചൈനയുടെ ചാര നിരീക്ഷണ വ്യൂഹത്തിലെ വിവിധ ഉപകരണങ്ങൾ ട്രാക്ക് ചെയ്യാനുള്ള ശേഷി കഴിഞ്ഞ ഒരു കൊല്ലത്തിനിടയിൽ മാത്രമാണ് അമേരിക്കയ്ക്ക് കൈവന്നത്. ഇത് ഉപയോഗപ്പെടുത്തിയാണ് ബലൂണുകളും വളരെ ചെറിയ വേഗത്തിൽ ആകാശത്ത് കൂടി സഞ്ചരിക്കുന്ന പേടകങ്ങളും നിരീക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയുന്നത്. അന്യഗ്രഹ ജീവികൾക്കുള്ള സാധ്യത മാറ്റി നിർത്തി ഇതെല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ അമേരിക്കയുടെ ദുർബല പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് അമേരിക്കൻ വ്യാമാതിർത്തിക്കുള്ളിൽ ആരോ നിരീക്ഷണം നടത്തുന്നുണ്ടെന്ന് വിലയിരുത്താം. അത് ചൈനയാണെന്ന് തെളിവ് നിരത്താനൊന്നും അമേരിക്കയ്ക്കും കഴിയാത്തതിനാൽ തത്കാലം ഞങ്ങളും അതിനൊന്നും മുതിരുന്നില്ല.


Click it and Unblock the Notifications








