'എനിക്ക് രണ്ട് ചെറിയ പെൺമക്കളാണ്, ഭാവിയെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു'; എഐ മൂലം ജോലിനഷ്ടമായെന്ന് നടൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് കൂടുതൽ മേഖലകളിലേക്ക് അവ കടന്നുകയറുകയാണ്. അമ്പരപ്പിക്കുന്ന എഐ കഴിവുകൾ കണ്ട് ദിവസവും ലോകം അമ്പരന്നുകൊണ്ടിരിക്കുന്നു. എന്നാൽ എഐയുടെ ഈ വളർച്ചയിൽ ഐടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാത്രമല്ല, സിനിമ, ഡബ്ബിങ് കലാകാരന്മാർ ഉൾപ്പെടെയുള്ള ക്രിയേറ്റീവ് പ്രൊഫഷണലുകളും ആശങ്കയിലാണ്.
എഐ ഉപയോഗിച്ചുള്ള സാങ്കേതികമുന്നേറ്റത്തിലൂടെ മികച്ച റിസൾട്ട് നേടാൻ സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് സാധിക്കും എന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതുമൂലം മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളാണ് ഇല്ലാതാകുന്നത് എന്നതാണ് ഉയരുന്ന പ്രശ്നം. സർഗാത്മകമായി മനുഷ്യൻ നിർവഹിച്ചിരുന്ന കാര്യങ്ങൾ വരെ ഇന്ന് എഐ ഏറ്റെടുക്കാൻ തുടങ്ങിയിരിക്കുന്നു.

എഐയുടെ കടന്നുവരവോടെ സിനിമാ മേഖലയിലും ഭാവിയിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടമാകും എന്ന ആശങ്ക ഇപ്പോൾ ശക്തമായിരിക്കുകയാണ്. എഐ മൂലം തനിക്ക് ജോലി നഷ്ടമായി എന്ന് അർജന്റീനിയൻ നടൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ സിനിമാ മേഖലയിലുള്ളവരും എഐയുടെ വരവിനെ ആശങ്കയോടെ നോക്കിക്കാണുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
മികച്ച വരുമാനവുമായി സന്തോഷത്തോടെ മുന്നോട്ട് പോയിരുന്ന തന്റെ ജീവിതം എഐ മാറ്റിമറിച്ചതായി അർജന്റീനിയൻ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അലസാൻഡ്രോ ഗ്രൗ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയായിരുന്നു അലസാൻഡ്രോ തുടങ്ങിയത്. എന്നാൽ അധികം വൈകാതെ കാര്യങ്ങളെല്ലാം തകിടം മറിയുകയും അദ്ദേഹത്തിന്റെ ജീവിതമാർഗം വഴിമുട്ടുകയുമായിരുന്നു.

ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ അലസാൻഡ്രോവിന്, ദശലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിനായി സ്പാനിഷ് ഭാഷയിൽ ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചു. കഴിഞ്ഞ നവംബർ മുതൽ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു അലസാൻഡ്രോ. ഏറെ പരിശ്രമം ആവശ്യമായതിനാൽ ഈ പ്രോജക്ട് ലഭിച്ചശേഷം മറ്റ് വർക്കുകൾ ഏറ്റെടുക്കുന്നത് അലസാൻഡ്രോ ഒഴിവാക്കി.
പക്ഷേ ഒരു ചെറിയ അവധിക്ക് ശേഷം അലസാൻഡ്രോ തിരിച്ചെത്തിയപ്പോഴേക്ക് കാര്യങ്ങളാകെ മാറിയിരുന്നു. ഒരു ദിവസം യൂട്യൂബ് കാണുമ്പോൾ ചാനലിൽ സ്പാനിഷ് ഭാഷയിൽ ഒരു പുതിയ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത് അലസാൻഡ്രോ കണ്ടു. എന്നാൽ ഇങ്ങനെയൊരു വീഡിയോയ്ക്കായി താൻ ഡബ് ചെയ്തിരുന്നില്ലല്ലോ എന്ന് അദ്ദേഹം ഓർത്തു.
താൻ റെക്കോഡ് ചെയ്യാതെ എങ്ങനെയാണ് വീഡിയോ ഇറങ്ങിയത് എന്ന സംശയത്തോടെ പ്ലേ ബട്ടനിൽ പ്രസ് ചെയ്ത അലസാൻഡ്രോ ഞെട്ടിപ്പോയി. യാതൊരു വികാരങ്ങളുമില്ലാത്ത ഒരു യാന്ത്രികമായ ശബ്ദമാണ് ആ വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. ഞെട്ടൽ മാറും മുമ്പേ താൻ കമ്പനിക്ക് മെയിൽ അയച്ചതായും അലസാൻഡ്രോ പറയുന്നു.
എന്നാൽ ഡബ്ബിങ്ങിനായി ഇനി തന്റെ സേവനം ആവശ്യമില്ല എന്ന മറുപടിയാണ് ചാനലിന്റെ ഭാഗത്തുനിന്ന് തനിക്ക് ലഭിച്ചതെന്നും ഭാവിയെക്കുറിച്ച് തനിക്ക് ഏറെ ആശങ്കയുണ്ടെന്നും അലസാൻഡ്രോ പറയുന്നു. ''വീഡിയോയിൽ കൃത്രിമ ശബ്ദം കേട്ടത് എന്നെ വളരെയധികം സ്വാധീനിച്ചു. കഴിഞ്ഞ 18 വർഷമായി ഡബ്ബിംഗ് എന്റെ ജോലിയാണ്, എന്നാലിപ്പോൾ ഭാവിയെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു''.
''ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഇനി ഉണ്ടാകില്ല, ഈ പ്രോജക്ടിനായി മറ്റ് അവസരങ്ങൾ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എനിക്ക് ഇപ്പോൾ രണ്ട് ചെറിയ പെൺമക്കളുണ്ട്, ഭാവി ഏറെ ഭയപ്പെടുത്തുന്നു എന്നും അലസാൻഡ്രോ യൂറോ ന്യൂസിനോട് പറഞ്ഞു. നിരവധി പ്രൊഫഷണലുകൾ എഐയെ നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നു. അലസാൻഡ്രോയും ഇപ്പോൾ അവരിലൊരാളാണ്.
എഐ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതേസമയം, എഐ സഹായത്താൽ സൃഷ്ടിച്ച വീഡിയോകൾ അപ്ലോഡ് ചെയ്ത് ഒരാഴ്ചയ്ക്കകം യൂട്യൂബ് ഉപയോക്താക്കൾ പരാതികൾ ഉന്നയിക്കാൻ ആരംഭിച്ചിരുന്നു. വീഡിയോയിലെ ശബ്ദം അസഹനീയം ആണെന്നാണ് പ്രേക്ഷകർ പരാതിപ്പെട്ടത്.കാരണം എഐ ഡബ്ബിങ്ങിൽ ഉച്ഛാരണം തികച്ചും യാത്രികവും ജീവനില്ലാത്തതുമായിരുന്നു. അത് സംഭാഷണങ്ങളുടെ ജീവൻ ഇല്ലാതാക്കി.
പരാതികൾ ഉയർന്നതോടെ കമ്പനി ആ വീഡിയോകൾ ചാനലിൽനിന്ന് പിൻവലിച്ചു. ചാനൽ ഉപയോഗിച്ച സോഫ്‌റ്റ്‌വെയർ സൗജന്യമോ ചെലവുകുറഞ്ഞതോ ആയിരിക്കാം എന്നാണ് അലസാൻഡ്രോ വിശ്വസിക്കുന്നത്. കുറച്ചുകൂടി പണം മുടക്കി അവർ അത് മെച്ചപ്പെടുത്തി വീണ്ടും പുറത്തിറക്കുമെന്നും അദ്ദേഹം കരുതുന്നു. കാരണം വീഡിയോ പിൻവലിച്ചശേഷവും ഡബ്ബിങ്ങിനായി അലസാൻഡ്രോയ്ക്ക് ക്ഷണം ലഭിച്ചില്ല.
സമയത്തിന്റെ കാര്യത്തിൽ മനുഷ്യന് ഒരിക്കലും എഐയോട് പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും അലസാൻഡ്രോ പറയുന്നു. സ്ക്രിപ്രറ്റ് നൽകിയാൽ അഞ്ച് മിനിറ്റിനുള്ളിൽ എഐ പണിതീർക്കും. ഇപ്പോൾ എഐക്ക് ചില പോരായ്മകൾ ഒക്കെയുണ്ടെങ്കിലും ഇതെല്ലാം പരിഹരിക്കപ്പെടുന്നതോടെ നിരവധി പ്രൊഫഷണലുകൾക്ക് ജോലി നഷ്ടമാകും. പുതിയ ജോലി ഏതു വിധേനയും കണ്ടെത്താനുള്ള ഓട്ടത്തിലാണ് അലസാൻഡ്രോ.

എഐയുടെ കഴിവുകൾ സിനിമാ വ്യവസായത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോ ഒരു കൗതുകത്തിന് സൃഷ്ടിച്ച 'ഗോഡ് ഫാദർ' മലയാളം വേർഷൻ അതിന്റെ ഉദാഹരണമാണ്. മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലുമൊക്കെ ഗോഡ്ഫാദർ എന്ന വിഖ്യാത സിനിമയിലെ കഥാപാത്രങ്ങളായി എത്തിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.
ഏറെ കൗതുകത്തോടെ പല മലയാള സിനിമാ താരങ്ങളും ഈ എഐ വീഡിയോ പങ്കുവച്ചതോടെ അവ വൈറലായി മാറിയിരുന്നു. എഐയുടെ അനന്തമായ സാധ്യതകൾ സിനിമാ മേഖലയിലും പ്രയോജനപ്പെടുത്താമെന്ന് ഈ വീഡിയോ തെളിയിക്കുന്നു. എഐ ടെക്നോളജി വളർച്ച പ്രാപിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോൾ നിരവധി പരീക്ഷണങ്ങൾ നടക്കുന്നതിനാൽ കൂടുതൽ കരുത്ത് എഐ കൈവരിച്ചുകൊണ്ടിരിക്കുന്നു.
ടെക്നോളജി ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന തൊഴിൽ മേഖലയാണ് സിനിമ. തിരക്കഥ എഴുതാൻ ഉൾപ്പെടെ സാധിക്കുന്ന എഐ ചാറ്റ്ബോട്ടുകൾ ഇന്ന് ലഭ്യമാണ്. വരുംനാളുകളിൽ സിനിമാ നിർമാണം ഉൾപ്പെടെ ഏറെ മേഖലകളിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ എഐക്ക് സാധിക്കും. എന്നാൽ ഗുണത്തോടൊപ്പം ദോഷങ്ങളും പ്രതീക്ഷിക്കേണ്ടിവരും എന്നുകൂടി ഇതോടൊപ്പം ഓർക്കേണ്ടിയിരിക്കുന്നു.
Credit: euronews


Click it and Unblock the Notifications








