ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ ഇന്ത്യയുടെ വീരന്മാർക്കായി ആദ്യ മൊബൈൽ ടവർ ഉയർന്നു!
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി അറിയപ്പെടുന്ന സിയാച്ചിനിൽ ഇതാദ്യമായ മൊബൈൽ ടവർ സ്ഥാപിക്കപ്പെട്ടു. സൈനികർക്കായി മൊബൈൽ ആശയവിനിമയ സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സമുദ്രനിരപ്പിൽനിന്ന് 15,500 അടി ഉയരത്തിൽ, ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരയിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിനിലെ ഇന്ത്യൻ സൈനിക പോസ്റ്റിനടുത്ത് മൊബൈൽടവർ സ്ഥാപിച്ചിരിക്കുന്നത്.
''ബിഎസ്എൻഎല്ലുമായി സഹകരിച്ചുകൊണ്ടാണ് സിയാച്ചിൻ വാരിയേഴ്‌സ് ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെ ഫോർവേഡ് പോസ്റ്റുകളിൽ ഇതാദ്യമായി ബിഎസ്എൻഎൽ ബിടിഎസ് ( ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ ) സ്ഥാപിച്ചത്'' എന്ന് ഇന്ത്യൻ ആർമിയുടെ ലേ ആസ്ഥാനമായുള്ള ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് ട്വിറ്ററിലൂടെ ( ഇപ്പോൾ എക്‌സ് ) അറിയിച്ചു.

ഏത് മൊബൈൽ നെറ്റ്വർക്കിലെയും ഫിക്സഡ് റേഡിയോ ട്രാൻസ്‌സിവർ ആണ് ബിടിഎസ് അഥവാ ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ. മൊബൈൽ ഡിവൈസുകളെ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്നത് ബിടിഎസ് ആണ്. ഇത് മൊബൈൽ ഉപകരണങ്ങളിലേക്ക് റേഡിയോ സിഗ്നലുകൾ അയയ്‌ക്കുകയും സ്വീകരിക്കുകയും അവയെ നെറ്റ്‌വർക്കിലെ മറ്റ് ടെർമിനലുകളിലേക്കോ ഇൻറർനെറ്റിലേക്കോ നയിക്കുന്നതിന് നെറ്റ്‌വർക്കിലൂടെ കടന്നുപോകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുകയും ചെയ്യുന്നു.
ഒക്ടോബർ 6 ന് ആണ് സിയാച്ചിൻ വാരിയേഴ്സ് സിയാച്ചിൻ സൈനിക പോസ്റ്റിൽ മൊബൈൽ ടൈവർ സ്ഥാപിച്ച് ചരിത്രം രചിച്ചത്. തുടർന്ന് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ ഈ നീക്കം നടത്തിയ സൈന്യത്തെയും ബിഎസ്എൻഎല്ലിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. അതിൽ ഏറ്റവും ശ്രദ്ധേയമായത് വ്യവസായിയായ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം ആയിരുന്നു.
പ്രക്ഷുബ്ധമായ നമ്മുടെ ലോകത്ത് ഇതൊരു ചെറിയ സംഭവമാണെങ്കിലും, ജവാൻമാർക്ക് ഇത് വിക്രം ലാൻഡർ പോലെ വലുതാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ കുറിച്ചു. മൊബൈൽ ടവർ സൗകര്യം ലഭ്യമാകുന്നതിലൂടെ എത്രവലിയ പ്രയോജനമാണ് ഇന്ത്യൻ സൈനികർക്ക് ഉണ്ടാകുക എന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിന്ന് വളരെ വ്യക്തമായി വായിച്ചെടുക്കാൻ സാധിക്കും.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സംരക്ഷിക്കാനും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ ഓരോ ദിവസവും ജീവൻ പണയംവച്ച് ജോലി ചെയ്യുന്ന നമ്മുടെ ജവാന്മാർക്ക് ഇപ്പോൾ അവരുടെ കുടുംബവുമായി ആഴത്തിൽ ബന്ധപ്പെടാൻ അവസരം ഒരുങ്ങിയിരിക്കുന്നു. അതിനാൽത്തന്നെ സൈനികർക്ക് വിക്രം ലാൻഡർ പോലെ തന്നെ പ്രധാനമാണ് ഈ ഉപകരണവുമെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു.
ആനന്ദ് മഹീന്ദ്ര മാത്രമല്ല, കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ദേവുസിൻഹ് ചൗഹാനും സിയാച്ചിനിലെ പോരാളികൾ സ്ഥാപിച്ച ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു. ''ഇപ്പോൾ നമ്മുടെ ഹീറോകൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് അടുത്തുള്ളവരോടും പ്രിയപ്പെട്ടവരോടും സംസാരിക്കാൻ കഴിയും. @BSNLCorporate, #SiachenWarriors എന്നിവർക്ക് അഭിനന്ദനങ്ങൾ," എന്ന് ചൗഹാൻ ട്വീറ്റ് ചെയ്തു.

ഇത്തരമൊരു നീക്കം നടത്തിയതിലൂടെ കടുത്ത തണുപ്പുള്ളതും ലോകത്തെ ഏറ്റവും ഉയർന്നതുമായ യുദ്ധഭൂമിയിൽ ചുമതലകൾ നിർവഹിക്കുന്ന സൈനികർക്ക്, തങ്ങളുടെ ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബവുമായി ബന്ധപ്പെടാൻ വഴിയൊരുങ്ങി എന്നത് വളരെ വലിയ കാര്യമായി നിരവധി പേർ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പോസ്റ്റുകൾക്കു താഴെ കമന്റുമായി എത്തിയവർ ഇത്തരമൊരു നീക്കം നടത്തിയതിനെ കാര്യമായി പ്രശംസിച്ചു.
എന്നാൽ ഈ നീക്കത്തെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ ചിലർ അതിലെ അപകട സാധ്യതകളെപ്പറ്റിയുള്ള ആശങ്കകളും പങ്കുവച്ചു. കടുത്ത മഞ്ഞിൽകഴിയുന്ന സൈനികർക്ക് ടവറിലെ ഉയർന്ന വികിരണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലേ എന്നായിരുന്നു പലരുടെയും ആശങ്ക. ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പുതിയ ടവർ സ്ഥിതി ചെയ്യുന്നത്.


Click it and Unblock the Notifications








