സ്റ്റീവ് ജോബ്‌സിന്റെ വേഷത്തില്‍ ആഷ്റ്റന്‍ കൂച്ചര്‍

Posted By: Staff

സ്റ്റീവ് ജോബ്‌സിന്റെ വേഷത്തില്‍ ആഷ്റ്റന്‍ കൂച്ചര്‍

സ്റ്റീവ് ജോബ്‌സ് വെള്ളിത്തിരയില്‍ ജനിക്കുന്നു. അന്തരിച്ച ആപ്പിള്‍ മുന്‍മേധാവിയുടെ വേഷത്തില്‍ അഭിനയിക്കുക അമേരിക്കന്‍ കോമഡിതാരവും നിര്‍മ്മാതാവുമായ ആഷ്റ്റന്‍ കൂച്ചറാകുമെന്നാണ് റിപ്പോര്‍ട്ട്. ജോഷ്വാ മൈക്കല്‍ സ്‌റ്റേണ്‍ സംവിധാനം ചെയ്യുന്ന ജോബ്‌സ് എന്ന ചിത്രത്തിലാണ് കൂച്ചര്‍ പ്രധാന വേഷത്തിലെത്തുന്നത്. മാറ്റ് വൈറ്റ്‌ലീയുടേതാണ് തിരക്കഥ.

ജോബ്‌സിന്റെ ആദ്യകാല ജീവിതത്തിനാണ് ചിത്രം കൂടുതല്‍ ഊന്നല്‍ നല്‍കുക. കാലിഫോര്‍ണിയയിലെ ഹിപ്പി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്തെ സ്റ്റീവിനെയാണ് ആഷ്റ്റന്‍ വെള്ളിത്തിരയില്‍ യാഥാര്‍ത്ഥ്യമാക്കുക.

ആപ്പിള്‍ സ്ഥാപിച്ചതും പിന്നീട് ആപ്പിളില്‍ നിന്ന് സ്റ്റീവ് ഒഴിഞ്ഞുപോന്നതും വീണ്ടും ആപ്പിളിന്റെ സാരഥ്യം ഏറ്റെടുത്ത് ലോകത്തെ ഒന്നാമത്തെ ടെക്‌നോളജി കമ്പനിയാക്കി മാറ്റിയതുമെല്ലാം വിഷയമാകുന്ന മറ്റൊരു ചിത്രം കൂടി അരങ്ങില്‍ തയ്യാറെടുക്കുന്നുണ്ട്. സോണി പിക്‌ചേഴ്‌സ് സ്റ്റുഡിയോയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

2011ല്‍ പ്രസിദ്ധപ്പെടുത്തിയ സ്റ്റീവിന്റെ ജീവചരിത്രമായ സ്റ്റീവ് ജോബ്‌സിനെ ആധാരമാക്കിയാണ് ഈ ചിത്രം വരുന്നത്. വാള്‍ട്ടര്‍ ഐസക്‌സണ്‍ രചിച്ച പ്രസ്തുത

ഗ്രന്ഥത്തിന് മാത്രമാണ് സ്റ്റീവിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.

ഇതിന് മുമ്പ് സ്റ്റീവിന്റെ ജീവചരിത്രം എന്ന പേരില്‍ പല ഗ്രന്ഥകാരന്മാരും പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നെങ്കിലും അതിനെയൊന്നും സ്റ്റീവ് അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സ്റ്റീവ് ജോബ്‌സ് അന്തരിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot