ജെല്ലി ബീന്‍; അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന്‍

Posted By: Super

ജെല്ലി ബീന്‍; അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന്‍
ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത വേര്‍ഷന്റെ പേര് ജെല്ലി ബീന്‍ ആണെന്ന് റിപ്പോര്‍ട്ട്. അസുസിന്റെ കോര്‍പറേറ്റ് വൈസ്പ്രസിഡന്റ് ഇക്കാര്യം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അങ്ങനെയാണെങ്കില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷന്‍ കഴിഞ്ഞാല്‍ ഇനി അടുത്തതായി ഹാന്‍ഡ്‌സെറ്റുകളിലും ടാബ്‌ലറ്റുകളിലും എത്തുന്ന ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ജെല്ലി ബീന്‍ ആയിരിക്കും.

ഇതിന് മുമ്പും ആന്‍ഡ്രോയിഡുമായി ബന്ധപ്പെട്ട് ജെല്ലി ബീന്‍ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും അന്ന് ഇത്രയും ഉറപ്പുനല്‍കാനായില്ലായിരുന്നു. ആന്‍ഡ്രോയിഡ് ഒഎസിന്റെ ഓരോ വേര്‍ഷനും മധുരപലഹാരങ്ങളുടെ (ഡെസേര്‍ട്ട്) പേരിടുന്നതാണ് ഇതുവരെയുള്ള ഗൂഗിള്‍ രീതി. ഫ്രോയോ, ജിഞ്ചര്‍ബ്രഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് എന്നിവ ഇതിന് ഉത്തമ ഉദാഹരണങ്ങളുമാണ്.

അതിലും രസകരമായ മറ്റൊരു വസ്തുത ഇംഗ്ലീഷ് അക്ഷരമായ ക്രമത്തിലാണ് ഈ പേരുകള്‍ ഇട്ടിരിക്കുന്നത്. എഫില്‍ തുടങ്ങി ഐയില്‍ എത്തിയിരിക്കുന്നു. ജെല്ലി ബീന്‍ കൂടി വരുമ്പോള്‍ ജെ എന്ന അക്ഷരവും ക്രമം തെറ്റാതെ വരും. ജെയില്‍ തുടങ്ങുന്ന ഡെസേര്‍ട്ടുകള്‍ ധാരാളം ഇല്ലാത്തതും ജെല്ലി ബീന്‍ എന്ന പേരിന് സാധ്യത വര്‍ധിപ്പിക്കുന്നു.

ഒരു ടെക്‌നോളജി വെബ്‌സൈറ്റുമായി നടത്തിയ അഭിമുഖത്തിലാണ് അസുസ് കോര്‍പറേറ്റ് വൈസ് പ്രഡിസന്റ് ബെന്‍സണ്‍ ലിന്‍ ജെല്ലി ബീനിന്റെ കാര്യം വ്യക്തമാക്കിയത്. ആന്‍ഡ്രോയിഡ് 5 വേര്‍ഷനാകും ഇത്.

''ഗൂഗിളുമായി അടുത്ത ബന്ധമാണ് അസുസിനുള്ളത്. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡ് 5 പതിപ്പ് ഇറങ്ങിയാല്‍ ജെല്ലി ബീനുമായി ആദ്യം എത്തുന്നവരില്‍ ഞങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് '' എന്നായിരുന്നു ബെന്‍സണ്‍ പറഞ്ഞത്.

നിലവിലെ ആന്‍ഡ്രോയിഡ് ഒഎസായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിനെ ആദ്യം അവതരിപ്പിച്ചതും അസുസ് ആയിരുന്നു. അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈം ടാബ്‌ലറ്റിലായിരുന്നു ഈ ഉത്പന്നം. എന്നാല്‍ ജെല്ലി ബീന്‍ അപ്‌ഡേറ്റ് ഈ വര്‍ഷം തന്നെ ഹാന്‍ഡ്‌സെറ്റുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ജിയും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot