സൃഷ്ടിയുടെ വേദനയൊന്നുമില്ല, പരമസുഖം! ചാറ്റ്ജിപിടി വച്ച് നോവലെഴുതി യുവാവ് നേടിയത് 1.65 ലക്ഷം രൂപ
കഥയും കവിതയും നോവലുമൊക്കെ എഴുതി വല്യ ആളാകണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിലും പറ്റാത്തപണിയാണെന്ന് തിരിച്ചറിഞ്ഞ് ശ്രമം ഉപേക്ഷിച്ചിട്ടുള്ളവർ ഉണ്ടാകും. കാരണം എഴുത്ത് എന്ന് പറയുന്നത് അത്ര നിസാരകാര്യമല്ല എന്നതുതന്നെ. അനുഭവങ്ങളും ഭാവനയും ഭാഷയും ഒക്കെ കൈമുതലാക്കി മികച്ച സർഗസൃഷ്ടി നടത്തുക എന്നത് എല്ലാവർക്കും പറ്റുന്ന കാര്യമല്ല.
എന്നാൽ സ്വന്തമായി സൃഷ്ടി നടത്താൻ കഴിവില്ലെങ്കിലും പ്രശസ്തി നേടാനായി മറ്റുള്ളവരുടെ സൃഷ്ടികൾ അടിച്ചുമാറ്റി, 'സൃഷ്ടിയുടെ വേദന'യൊന്നും അനുഭവിക്കാതെ സൂത്രത്തിൽ കാര്യം നടത്തുന്ന ചില ആളുകൾ നമുക്കിടയിലുണ്ട്. ഒറ്റനോട്ടത്തിൽ കോപ്പിയടിയെന്ന് തിരിച്ചറിയാതെ സൃഷ്ടികൾ നടത്താനും ഒരു കഴിവ് വേണം എന്നത് വേറെ കാര്യം.

ടെക്നോളജി വളർന്നതോടെ എഴുത്തിന്റെ മേഖലയിലും ചില മാറ്റങ്ങളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്. കാര്യമായ പ്രതിഭാസമ്പത്ത് ഇല്ലാത്തവർക്കും സൃഷ്ടികൾ നടത്താനും പേരെടുക്കാനും ഇന്ന് ചില കുറുക്കുവഴികൾ തുറന്നിരിക്കുകയാണ്. ഇപ്പോൾ ടെക്നോളജി രംഗത്തെ ചൂടൻ ചർച്ചാവിഷയമായ ചാറ്റ്ജിപിടി എന്ന എഐ പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
ചിന്താശേഷിയുള്ള മനുഷ്യന് മാത്രം സാധിക്കുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും നിസാരമായി നിർവഹിക്കാൻ ശേഷിയുണ്ടെന്ന് തെളിയിച്ച ചാറ്റ്ജിപിടിയും മറ്റ് വിവിധ എഐ പ്ലാറ്റ്ഫോമുകളും ഇതിനോടകം മനുഷ്യനെ അമ്പരപ്പിച്ചു. എന്നാൽ കൗതുകത്തിനപ്പുറം, എഐയുടെ ഈ കഴിവുകളെ ഫലപ്രദമായി ഉപയോഗിച്ച എങ്ങനെ നാല് കാശുണ്ടാക്കാം എന്ന് തെളിയിച്ച് അതിനെക്കാൾ അമ്പരപ്പിച്ച ആളുകളും ഉണ്ട്.

അത്തരത്തിലൊരാളാണ് ടിം ബൗച്ചർ എന്ന അമേരിക്കക്കാരൻ. ചാറ്റ്ജിപിടി, ആന്ത്രോപിക്സ് ക്ലോഡ് തുടങ്ങിയ എഐ ടൂളുകളുടെ സഹായത്തോടെ, നൂറിലധികം നോവലുകളാണ് ബൗച്ചർ സൃഷ്ടിച്ചത്. വെറുതെ നോവൽ സൃഷ്ടിക്കുക മാത്രമല്ല, അത് ഇ ബുക്കുകളാക്കി ആളുകളിലേക്ക് എത്തിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനും കഴിഞ്ഞു എന്നതാണ് ബൗച്ചറിന്റെ വിജയം.
എഐ സഹായത്തോടെ താൻ സൃഷ്ടിച്ച സയൻസ് ഫിക്ഷൻ നോവലുകൾക്ക് "എഐ ലോർ സീരീസ്" എന്നാണ് പേര് നൽകിയിരിക്കുന്നത്. മനുഷ്യന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിൽ എഐയുടെ അതിശയകരമായ സാധ്യതകൾ വ്യക്തമാക്കുന്നവയാണ് ഈ സൃഷ്ടികൾ എന്നാണ് ബൗച്ചർ അഭിപ്രായപ്പെടുന്നത്. എഐ ചാറ്റ്ബോട്ടുകളും ഇമേജ് ജനറേറ്ററുകളും ഉപയോഗിച്ച് ബൗച്ചർ തന്റെ കഥകൾ ജീവസുറ്റതാക്കി.
പെട്ടെന്ന് ആശയങ്ങൾ കൊണ്ടുവരാനും വാചകം സൃഷ്ടിക്കാനും മനോഹരമായ ചിത്രീകരണങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് ഈ സൃഷ്ടികൾ ചൂണ്ടിക്കാട്ടി ബൗച്ചർ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഓരോ പുസ്തകവും ഏകദേശം 5,000 വാക്കുകൾ ദൈർഘ്യമുള്ളതാണ്, കൂടാതെ എഐ സഹായത്തോടെ സൃഷ്ടിച്ച ഡസൻ കണക്കിന് ചിത്രങ്ങളും ഈ പുത്സതകങ്ങളിൽ ഉൾപ്പെടുന്നു.
രാത്രിയും പകലുമില്ലാതെ മാസങ്ങളോളം ചെലവഴിച്ചാണ് പണ്ട് എഴുത്തുകാർ നോവലുകളും മറ്റും എഴുതിയിരുന്നത്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തനിക്ക് ഒരു പുസ്തകം പൂർത്തിയാക്കാൻ കഴിയുമെന്ന് ബൗച്ചർ വെളിപ്പെടുത്തി. ഒരിക്കൽ എഐ ഉപയോഗിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഒരു പുസ്തകം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് മുതൽ മെയ് വരെ തന്റെ കഥകളുടെ 500-ലധികം കോപ്പികൾ വിൽക്കാൻ ബൗച്ചറിന് കഴിഞ്ഞു, ഇതിലൂടെ 2,000 ഡോളറാണ് (ഏകദേശം 1.6 1.65 ലക്ഷം രൂപ) അദ്ദേഹം നേടിയത്. തന്റെ എഐ ലോർ സീരീസിലൂടെ ഓരോ പുസ്തകവും പരസ്പരം ബന്ധിപ്പിക്കാനുള്ള ബുദ്ധിയും ബൗച്ചർ പ്രയോഗിച്ചു. അതിലൂടെ തുടർച്ചയ്ക്കായി വായനക്കാർ ഓരോ പുസ്തകങ്ങളിലേക്കും എത്തിക്കൊണ്ടിരുന്നു.

കാര്യമായ 'മുതൽമുടക്കൊന്നുമില്ലാ'ത്ത തന്റെ പുസ്‌തകങ്ങൾ ബൗച്ചർ വളരെ കുറച്ചാണ് നൽകുന്നത്. പോക്കറ്റ് ഫ്രണ്ട്‌ലി ആയതിനാൽ വായനക്കാർക്ക് ഒരിക്കലും അവ വാങ്ങുന്നതിൽ പ്രശ്‌നമുണ്ടാകില്ലെന്നും അവയുടെ വില 1.99 ഡോളറിനും 3.99 ഡോളറിനും ഇടയിലാണെന്നും ബൗച്ചർ പറഞ്ഞു. എഐ ഉപയോഗിക്കുന്നത് തന്റെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുക മാത്രമല്ല, തന്നിൽ കൂടുതൽ കാര്യപ്രാപ്തിയുണ്ടാക്കിയെന്നും അദ്ദേഹം വിശ്വസിക്കുന്നു.
എഐയ്ക്ക് ചില പരിമിതികൾ ഉണ്ടെങ്കിലും, നീണ്ട കഥകൾ സൃഷ്ടിക്കാൻ അവ സഹായകമാണെന്നും ഭാവിയിൽ കഥകൾ സൃഷ്ടിക്കുക എഐയാണെന്നും ബൗച്ചർ വിശ്വസിക്കുന്നു. പോരായ്മകൾ ഉണ്ടായിരുന്നിട്ടും, എഐ സൃഷ്ടിച്ച നോവലുകൾ അവിശ്വസനീയമാംവിധം ജനപ്രിയമായിത്തീർന്നു, ഇത് ഭാവിയിലെ അതിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും ബൗച്ചർ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications







