രാമക്ഷേത്രത്തെയും ഭക്തരെയും രക്ഷിക്കാൻ ജഡായുവായി എഐ ഡ്രോണുകൾ; സുരക്ഷയുടെ കോട്ടകെട്ടി കേന്ദ്രം
അയോധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ച് വൻ സുരക്ഷ ഒരുക്കി കേന്ദ്രം. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് പ്രമുഖരുടെ വൻനിര എത്തുന്നതിനാൽത്തന്നെ എഐ അടക്കം അത്യാധുനിക സംവിധാനങ്ങൾ എല്ലാം സജ്ജമാക്കിക്കൊണ്ട് അതിശക്തമായ സുരക്ഷാ കോട്ടയാണ് അയോധ്യയിൽ കേന്ദ്ര സർക്കാരും യുപി സംസ്ഥാന സർക്കാരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ( Ayodhya Ram Mandir inauguration) പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും കലാ- കായിക- സാമൂഹിക- സാംസ്കാരിക- ആത്മീയ രംഗങ്ങളിലെ ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങളാണ് അയോധ്യയിൽ എത്തുന്നത് എന്നത് കണക്കിലെടുത്താണ് പഴുതടച്ച സുരക്ഷ ഒരുക്കിയിരിക്കുന്നത്.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല, ഇതും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് കാരണമായി. യുപി അതിർത്തിയിൽ സുരക്ഷ പലമടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും ജാഗ്രത ശക്തമാണ്. ടെക്നോളജിയെക്കൂടി കൂട്ട് പിടിച്ചുകൊണ്ട് ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധപുലർത്തിയിരിക്കുന്നു.
അയോധ്യയിലെ സുരക്ഷാ പരിശോധനയിൽ മുഖ്യ പങ്ക് വഹിക്കുന്നത് എഐ ഡ്രോണുകളാണ്. ഡ്രോണുകളെ കൂടാതെ
എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി ക്യാമറകൾ, എക്സ്-റേ ലഗേജ് സ്കാനറുകൾ, അണ്ടർ വെഹിക്കിൾ സ്കാനിംഗ് സിസ്റ്റം (UVSS) എന്നിവയും അയോധ്യയിലെ സുരക്ഷയ്ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നു. അതേസമയംതന്നെ വേദിയിൽ ആന്റി ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.

അയോധ്യ നഗരത്തിലും രാമക്ഷേത്രവുമായ ബന്ധപ്പെട്ട ഇടങ്ങളിലും എത്തുന്ന മുഴുവൻ ആളുകളുടെയും എല്ലാ നീക്കങ്ങളും എഐ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. കൂടാതെ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന പതിനായിരത്തിലേറെ ക്യാമറകളും ആളുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഇവ ആളുകളുടെ മുഖം വ്യക്തമായ രീതിയിൽ പകർത്തിയെടുത്ത് ഡാറ്റബേസിൽ സൂക്ഷിക്കും. പിന്നീട് ആവശ്യം വന്നാൽ ഇത് വീണ്ടെടുക്കാൻ സാധിക്കും.
പവർ ബോട്ടുകൾ, NDRF, SDRF ടീമുകൾ, പ്രാദേശിക ബോട്ട്മാൻമാർ എന്നിവരുടെ അടക്കം നേതൃത്വത്തിൽ ബഹുതല സുരക്ഷാ കവചമാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. 10,000 സിസിടിവി ക്യാമറകളും രഹസ്യപോലീസ് സംഘവും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. റെഡ് സോൺ, യെല്ലോ സോൺ, അയോധ്യ ജില്ല എന്നിവിടങ്ങളിലെ എല്ലാ റോഡുകൾക്കും ഉത്തർപ്രദേശ് പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഏറെ ഭക്തജനത്തിരക്കുള്ള ധരംപഥും രാംപഥും മുതൽ ഹനുമാൻഗർഹി ഏരിയയിലെയും അഷർഫി ഭവൻ റോഡിലെയും ബൈലെയ്‌നുകൾ വരെ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഉദ്യോഗസ്ഥരും അയോധ്യയിൽ പട്രോളിങ് നടത്തുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളുടെ സഹായത്തോടെ സരയൂ നദിക്കരയിലും പട്രോളിങ് നടത്തുന്നുണ്ട്.

വിവിധ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കലും എഐ പിന്തുണയുള്ള ഡ്രോണുകളാണ് അയോധ്യയിലെ സുരക്ഷാ സജ്ജീകരണത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ. ആകാശത്ത് പറന്ന് നടന്ന് ആളെ നിരീക്ഷിക്കുന്ന എഐ ഡ്രോണുകൾക്ക് പുറമേ, ആന്റി- മൈൻ ഡ്രോണുകളും പരിശോധന നടത്തുന്നുണ്ട്. വിവിധ ഭാഷകൾ സംസാരിക്കുന്ന പോലീസുകാരെ സാധാരണ വേഷത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുമുണ്ട്.
റിപ്പബ്ലിക് ദിന പരേഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇതിനകം തന്നെ 8,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പുറമേ പ്രധാന ക്ഷേത്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി ഡൽഹി പോലീസ് സംഘങ്ങൾ ക്ഷേത്രങ്ങളുടെ കൺട്രോൾ റൂമിൽ നിന്ന് കർശന നിരീക്ഷണം നടത്തും.
ചാന്ദ്‌നി ചൗക്ക്, സദർ ബസാർ, ചൗരി ബസാർ, ഖാരി ബാവോലി, കാശ്മീരി ഗേറ്റ്, നയാ ബസാർ, കൊണാട്ട് പ്ലേസ്, ലജ്പത് നഗർ, സരോജിനി നഗർ, ഭാഗീരഥ് പ്ലേസ്, കിനാരി ബസാർ തുടങ്ങി ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ചെറുതും വലുതുമായ ആഘോഷി പരിപാടികൾ നടക്കുന്നുണ്ട്.


Click it and Unblock the Notifications








