കൈയിൽ അഞ്ചിന്റെ പൈസയില്ലെങ്കിലും അയോധ്യയുടെ മുക്കിലും മൂലയിലും നെറ്റ്‌വർക്ക് സൈറ്റ് സ്ഥാപിച്ച് വിഐ!
പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യത്തിന്റയാകെ ശ്രദ്ധ ഇപ്പോൾ അയോധ്യയിലാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അയോധ്യയിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ എല്ലാ സ്ഥാപനങ്ങളും മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം 5ജി അവതരിപ്പിക്കാൻ പാടുപെടുന്ന വൊഡാഫോൺ ഐഡിയ പോലും അയോധ്യയുടെ മുക്കിലും മൂലയിലും നെറ്റ്വർക്കുകൾ സജ്ജമാക്കിയിരിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ദേശീയ പ്രാധാന്യവും ക്ഷേത്രം സന്ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ എത്തുന്നതും കണക്കിലെടുത്താണ് വിഐ തങ്ങളാലാകുംവിധം എല്ലാവിധ സൗകര്യവും അയോധ്യയിലെത്തുന്ന തങ്ങളുടെ വരിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ വരവോടെ അയോധ്യ അപ്പാടെ മാറിയിരിക്കുകയാണ്. വിഐ മാത്രമല്ല, എല്ലാ ടെലിക്കോം കമ്പനികളും അയോധ്യയിൽ ഏറ്റവും മികച്ച സേവനങ്ങൾ ഒരുക്കിയിരിക്കുന്നു.

അയോധ്യ നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എൽ 2100 സ്പെക്ട്രം കപ്പാസിറ്റി നവീകരിക്കുകയും /പുനർനിർമ്മിക്കുകയും ചെയ്തതായി വിഐ പറഞ്ഞു. കൂടാതെ ബാക്ക്ഹോൾ കണക്റ്റിവിറ്റി വർധിപ്പിച്ചതായും തടസമില്ലാത്ത ടെലിക്കോം സേവനങ്ങൾ അയോധ്യയിലെത്തുന്ന വിഐ വരിക്കാർക്ക് ലഭ്യമാകുമെന്നും വിഐ പറഞ്ഞു. അയോധ്യയിൽ അധിക നെറ്റ്‌വർക്ക് സൈറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും കോഡബ്ല്യുവും ഒപ്റ്റിക് ഫൈബർ കേബിളും സ്ഥാപിച്ചിട്ടുണ്ടെന്ന് എയർടെലും വ്യക്തമാക്കി.
റാം മന്ദിറും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്നതിനായി എയർടെൽ അധിക സൈറ്റുകളും ബിടിഎസുകളും സ്ഥാപിച്ചിട്ടുണ്ട്. അയോധ്യ ധാം, അയോധ്യ കാന്ത്, എയർപോർട്ട്, കത്ര റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, രാംപ്രസ്ഥ് പാർക്ക്, രാം ഭദ്ര, ബ്രഹ്മകുണ്ഡ്, ഗുപ്തർ ഘട്ട്, പരിക്രമ മാർഗ്, ഹൈവേ എന്നിവിടങ്ങളിൽ സെൽ ഓൺ വീലുകൾ ആണ് വിന്യസിച്ചിരിക്കുന്നത്.

അയോധ്യ റെയിൽവേ സ്റ്റേഷൻ, രാം മന്ദിർ കാമ്പസ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ലഖ്‌നൗവിലേക്കും വാരണാസിയിലേക്കും ബന്ധിപ്പിക്കുന്ന ഹൈവേകൾ എന്നിവിടങ്ങളിൽ വിഐ നെറ്റ്‌വർക്ക് കപ്പാസിറ്റി നവീകരിക്കുകയും വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ടെലിക്കോം വകുപ്പിന്റെ ശക്തമായ പിന്തുണയോടെയും സർക്കാരുകളുടെയും അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി, എയർപോർട്ട് അതോറിറ്റി, പോലീസ് എന്നിവരുടെയും സഹകരണം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതായി വിഐ പറയുന്നു.
വളരെ വേഗത്തിൽ തന്നെ അയോധ്യയിൽ ടെലിക്കോം സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞതായി വിഐ പറയുന്നു. നെറ്റ്‌വർക്ക് നവീകരണങ്ങളിലൂടെ, ഉയർന്ന വേഗതയുള്ള ഡാറ്റ കൈമാറ്റം, ക്രിസ്റ്റൽ ക്ലിയർ വോയ്‌സ് കോളുകൾ, തടസ്സമില്ലാത്ത വീഡിയോ സ്ട്രീമിംഗ് മുതലായവ പോലുള്ള ഉയർന്നതും സ്ഥിരതയുള്ളതുമായ കണക്റ്റിവിറ്റി എക്സ്പീരിയൻസ് ഇവിടെയെത്തുന്ന വിഐ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാമെന്ന് വിഐ പറയുന്നു.
ജിയോയും എയർടെലും പോലുള്ള വമ്പൻ കമ്പനികൾ മാത്രമല്ല, സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന വിഐയും ബിഎസ്എൻഎല്ലും അയോധ്യയിൽ എല്ലാവിധ സൗകര്യങ്ങളും വരിക്കാർക്ക് ഒരുക്കിയിരിക്കുന്നു. അയോധ്യയിലെ രാജ്യാന്തര വിമാനത്താവളമായ മഹർഷി വാൽമീകി എയർപോർട്ട്, രാമക്ഷേത്രത്തിന്റെ പരിസരം, ടെന്റ് സിറ്റി എന്നിവയുൾപ്പെടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ മൂന്ന് പുതിയ മൊബൈൽ ഫോൺ ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചു.

അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ, അയോധ്യ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ അധികമായി എട്ട് ടവറുകളും ബിഎസ്എൻഎൽ സ്ഥാപിച്ചു. 4ജി മാത്രമല്ല, ബിഎസ്എൻഎൽ ലാൻഡ് ലൈൻ സേവനങ്ങളും അയോധ്യയിൽ ശക്തിപ്പെടുത്തുന്നുണ്ട്. നിലവിൽ, ഏകദേശം 46,000 ലാൻഡ്‌ലൈൻ കണക്ഷനുകൾ പ്രവർത്തനക്ഷമമാണ്.
അയോധ്യ രാമക്ഷേത്രം പ്രദേശത്തെയാകെ അടിമുടി മാറ്റി. കേന്ദ്ര സർക്കാരും യുപി സർക്കാരും അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഏറെ പ്രാധാന്യം നൽകിയതിനാൽത്തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വൻ വികസനമാണ് അയോധ്യയിൽ ഉണ്ടായിരിക്കുന്നത്. അയോധ്യ വിമാനത്താവളും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെ ഇവിടേക്ക് എത്താനും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications