ബാംഗ്ലൂര്‍ നഗരത്തില്‍ യാത്ര സുഗമമാക്കാന്‍ ട്രാഫിക്‌പോലീസിന്റെ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By:

ബാംഗ്ലൂര്‍ നഗരത്തില്‍ പൊതുജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗതാഗതം ആണ്. തിരക്കേറിയ സമയങ്ങളില്‍ ഉണ്ടാവുന്ന ഗതാഗത കുരുക്കും നിയമ ലംഘനങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്ന പ്രയാസം കുറച്ചൊന്നുമല്ല. ഇതു പരിഹരിക്കുന്നതിനായി ട്രാഫിക് പോലീസ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലോഞ്ച് ചെയ്യുകയാണ്.

നഗരത്തിലെ ഗതാഗത കുരുക്ക് അപ്പപ്പോള്‍ അറിയുന്നതിനും പരാതികള്‍ നല്‍കുന്നതിനുമുള്ള ബി.ടി.പി ട്രാഫിക് ഇന്‍ഫോ ആപ്, ട്രാഫിക് നിയമലംഘനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനും പോലീസിനെ അറിയിക്കുന്നതിനുമുള്ള ബി.ടി.പി. പബ്ലിക് ഐ ആപ്, ഒരേ സ്ഥലത്തേക്കു പോകുന്ന മൂന്നോ നാലോ ആളുകള്‍ ഒറ്റ കാര്‍ ഉപയോഗിക്കുന്ന കാര്‍ പൂളിംഗ് സംവിധാനം സുഗമമാക്കുന്നതിനുള്ള ലെറ്റ്‌സ് ഡ്രൈവ് എലോംഗ് ആപ് എന്നിവയാണ് ഇന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് ലോഞ്ച് ചെയ്യുന്നത്.

യാത്ര സുഗമമാക്കാന്‍ ബാംഗ്ലൂര്‍ ട്രാഫിക്‌പോലീസിന്റെ സ്മാര്‍ട്‌ഫോണ്‍ ആപ്

ബി.ടി.പി. ട്രാഫിക് ഇന്‍ഫോ ആപ്

നഗരത്തില്‍ എവിടെയെല്ലാം ഗതാഗത കുരുക്ക് ഉണ്ട്, എവിടെയെല്ലാം അപകടങ്ങള്‍ നടന്നു തുടങ്ങിയ കാര്യങ്ങള്‍ ലൈവായി അറിയാന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. ഇതിനു പുറമെ, അമിത ചാര്‍ജ് ഈടാക്കുന്നതുള്‍പ്പെടെ ഓട്ടോറിക്ഷാ യാത്രയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പരാതികള്‍ അറിയിക്കാനും അന്വേഷണ പുരോഗതി വിലയിരുത്താനും കഴിയും. നിയമ ലംഘനത്തിന് ഓരോ വാഹനത്തിനും ചുമത്തിയ പിഴ വാഹന നമ്പര്‍ ഉപയോഗിച്ച് അറിയാനും ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലേക്ക് ഫോണില്‍ വിളിക്കാനും ഇതില്‍ സംവിധാനമുണ്ട്.

ബി.ടി.പി പബ്ലിക് ഐ ആപ്

റോഡിലെ നിയമലംഘനം തടയുന്നതിന് പൊതുജനങ്ങള്‍ക്കു കൂടി പങ്കാളികളാവാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ഇത്. ആരെങ്കിലും ട്രാഫിക് നിയമം ലംഘിക്കുന്നത് ഫ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അത് സ്മാര്‍ട്‌ഫോണില്‍ പകര്‍ത്താനും പരാതിയായി ട്രാഫിക് പോലീസിന് അയച്ചുകൊടുക്കാനും ഇതിലൂടെ സാധിക്കും. ഇത്തരം പരാതികള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പോലീസ് നടപടി സ്വീകരിക്കും. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മാത്രം ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ താമസിയാതെ ഐ.ഒ.എസിലും ലഭ്യമാവും.

ലെറ്റ്‌സ് ഡ്രൈവ് എലോംഗ് ആപ്

ബാംഗ്ലൂര്‍ നഗരത്തില്‍ അടുത്തകാലത്തായി വ്യാപകമായ സംവിധാനമാണ് കാര്‍ പൂളിംഗ്. ഒരേസ്ഥലത്തേക്കു പോകുന്ന മൂന്നും നാലും ആളുകള്‍ വേറെ വേറെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം, ചെലവ് തുല്യമായി പങ്കിട്ട് നാലുപേരും ഒറ്റ കാറില്‍ യാത്രചെയ്യുന്ന സംവിധാനമാണ് ഇത്. എന്നാല്‍ ഇത്തരത്തില്‍ ഒരേ സ്ഥലത്തേക്കു പോകുന്ന ആളുകളെ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. ഇതിനു പരിഹാരം കാണാന്‍ ലെറ്റ്‌സ് ഡ്രൈവ് ലോംഗ് ആപ്ലിക്കേഷന്‍ സഹായിക്കും. സ്വന്തം വാഹനം മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരേ സ്ഥലത്തേക്ക് സ്ഥിരമായി യാത്രചെയ്യുന്ന (ഉദാ. ഓഫീസിലേക്കോ മറ്റോ പോകുന്നവര്‍) ഇരുപതോ മുപ്പതോ ആളുകളെ ചേര്‍ത്ത് ഗ്രൂപ് ഉണ്ടാക്കാം. ഇതിലൂടെ ഗ്രൂപ്പിലുള്ളവര്‍ എപ്പോഴാണ് പോകുന്നതെന്നും വരുന്നതെന്നും മനസിലാക്കാനും പരസ്പരം ആശയ വിനിമയം നടത്താനും സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot